Connect with us

Gulf

തണുപ്പു കൂടാരങ്ങളിലെ ഇരിപ്പിന് പ്രതാപത്തിന്റെ മരപ്പടികള്‍

Published

|

Last Updated

കൂടിച്ചേര്‍ന്നിരുന്ന് കഹ്‌വ കുടിച്ച് ഏറെ നേരം നാട്ടു വര്‍ത്തമാനം പറയും അറബികള്‍. തണുപ്പുകാലത്ത് മരുഭൂമികളില്‍ കെട്ടിയുണ്ടാക്കുന്ന കൂടാരങ്ങളിലും അവര്‍ തണുപ്പകറ്റുക വര്‍ത്തമാനങ്ങള്‍കൊണ്ടാണ്. പഴയ സൂഖുകളിലും ഗ്രാമങ്ങളിലും പോയാല്‍ കൂടിയരിക്കുന്ന അറബി കാരണവന്‍മാരെ കാണാം. പാരമ്പര്യത്തിന്റ പ്രതാപം നിറഞ്ഞ ഇരിപ്പിടങ്ങളൊരുക്കും അവര്‍. മരത്തില്‍ തീര്‍ത്ത വെള്ള പെയിന്റടിച്ച കൊത്തു പണികളുള്ള നീളന്‍ ചാരുപടികളും വട്ടമേശകളുമെല്ലാം സാംസ്‌കാരിക അടയാളങ്ങളായാണ് അറബികള്‍ കരുതിപ്പോരുന്നത്.

ശൈത്യകാലത്ത് മരുഭൂമികളില്‍ കൂടാരം കെട്ടി പോകുന്നവര്‍ വര്‍ധിച്ചതോടെ മരപ്പടികളൊരുക്കി ആവശ്യക്കാരെ കാത്തിരിക്കുന്നു പഴയ മാര്‍ക്കറ്റുകളിലെ കച്ചവടക്കാര്‍. പഴയ റയ്യാനിലെ കച്ചവടക്കാര്‍ പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കിയാണ് അറബികള്‍ക്കായി കാത്തിരിക്കുന്നത്. വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള മരപ്പടികളുണ്ട്. കസേരകളും മേശകളും ചെല്ലങ്ങളുമുണ്ട്. തണുപ്പു കാലത്താണ് കൂടുതല്‍ കച്ചവടമുണ്ടാകുകയെന്ന് ഒരു കടയിലെ ജീവനക്കാരനായ ബംഗാളി യുവാവ് പറഞ്ഞു. 250 മുതല്‍ 300, 400 തോതിലാണ് ചാരുപടികളുടെ വില. കുഷ്യനുകള്‍ക്ക് വേറെ വില നല്‍കണം. കൂടാരങ്ങള്‍ക്കു പുറമേ വീടുകളുടെ മുറ്റത്തും ഒഴിഞ്ഞ പ്രദേശങ്ങളിലും സൂഖുകളിലുമെല്ലാം അറബികള്‍ കൂടിയിരിക്കുന്നതിനായി ഇത്തരം പഴയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.

പ്രാവുകളുള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികള്‍ക്കു വേണ്ടിയുള്ള കൂടുകളും മറ്റു ഉപകരണങ്ങളും ഇവിടെ വില്‍പ്പനക്കുണ്ട്. സീസണല്ലാത്ത സമയങ്ങളില്‍ അവ വിറ്റാണ് കൂലിയും വാടകയും ഒപ്പിപ്പു പോകുന്നത്. മറ്റു പഴയ മാര്‍ക്കറ്റുകളിലും അറബ് പ്രതാപത്തിന്റെ പടികള്‍ വില്‍പ്പനക്കുണ്ടെങ്കിലും വിലക്കുറവ് ഇവിടെയാണെന്നും അതു കൊണ്ട് അറബികള്‍ ഇവിടെ തിരഞ്ഞു വരാറുണ്ടെന്നും ബംഗാളി യുവാവ് പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ആവശ്യക്കാര്‍ കുറവാണ്.

 

 

Latest