Connect with us

Gulf

പുതുവര്‍ഷപ്പിറവി; ബുര്‍ജ് ഖലീഫ മിന്നി, വര്‍ണ സുന്ദരിയായി ജുമൈറ

Published

|

Last Updated

ആകാശത്ത് വര്‍ണ വിസ്മയത്തിന്റെയും അന്തരീക്ഷത്തില്‍ കണ്ണഞ്ചിപ്പിക്കും പ്രകാശങ്ങളുടെയും അകമ്പടിയോടെ ദുബൈ പുതുവത്സരത്തെ വരവേറ്റു. ദുബൈയില്‍ ഡൗണ്‍ ടൗണ്‍, ഗ്ലോബല്‍ വില്ലേജ്, ജുമൈറ, ഫെസ്റ്റിവല്‍ സിറ്റി തുടങ്ങിയയിടങ്ങളില്‍ പുതുവര്‍ഷമാഘോഷിക്കാന്‍ വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിനാളുകള്‍ ഒത്തുകൂടി. ജനനിബിഡമായിരുന്നു ഇവിടങ്ങളിലെല്ലാം.

ബുര്‍ജ് ഖലീഫയില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് പകരം വര്‍ണ, ശബ്ദ പ്രദര്‍ശനങ്ങളുടെ മേളമായിരുന്നു. വര്‍ണ ദീപ പ്രഭയിലുള്ള ജല നൃത്തത്തിന് ചുവട് പിടിച്ച് ബുര്‍ജ് ഖലീഫ മിന്നിത്തിളങ്ങിയപ്പോള്‍ ജനസഹസ്രം കരഘോഷം മുഴക്കി.

ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ഡൗണ്‍ ടൗണിലേക്ക് ഇന്നലെ ഉച്ച മുതല്‍ ജനങ്ങളെത്തിത്തുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ മെട്രോ ട്രെയിന്‍ കാലുകുത്താന്‍ സ്ഥലമില്ലാത്ത വിധം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. അഞ്ചു മണിയോടെ ദുബൈ മാളിലെ വാഹന പാര്‍കിംഗ് അടച്ചു. ആഘോഷത്തിനെത്തിയവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനായി ആര്‍ ടി എ ജാഫിലിയ്യ, ദുബൈ വാട്ടര്‍ കനാല്‍ പരിസരം, അല്‍ വാസല്‍ ക്ലബ്ബ്, മുസല്ല എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കി. രാത്രി 10 മണിയോടെ ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷനും അടച്ചു. ജനത്തിരക്ക് കാരണം മുഹമ്മദ് ബിന്‍ റാശിദ് ബൊളിവാര്‍ഡ് റോഡ്, ഫിനാന്‍ഷ്യല്‍ സെന്റര്‍, അല്‍ സാദ, അല്‍ അസായില്‍, അല്‍ സുഖൂഖ് റോഡുകള്‍ രാത്രി എട്ടു മണിക്കുള്ളില്‍ അടച്ചു.

പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസും സിവില്‍ ഡിഫന്‍സും ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസും നടത്തിയത്. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ആഘോഷം നടക്കുന്നിടങ്ങളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആംബുലന്‍സ് സര്‍വീസ് ഫസ്റ്റ് എയ്ഡ് സെന്ററുകളും തുറന്നു. വിവിധ വിവരങ്ങള്‍ അറിയാനും തിരക്കിനിടയില്‍ കുട്ടികളെ നഷ്ടപ്പെട്ടാല്‍ വിവരമറിയിക്കാനുമുള്ള ഹെല്‍പ് ഡെസ്‌ക് തുറന്നത് ആശ്വാസകരമായി. ദാഹമകറ്റാന്‍ വെള്ളവും ശീതള പാനീയങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു.

റോഡ് ഗതാഗതം സുഗമമാക്കാന്‍, ട്രാഫിക് പോലീസ് മേധാവി ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സേവനം പ്രശംസ പിടിച്ചുപറ്റി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ബുര്‍ജ് ഖലീഫ, ദുബൈ മാള്‍ റോഡുകള്‍ അടച്ച് പകരം സംവിധാനം പോലീസ് ഒരുക്കിയിരുന്നു. ബുര്‍ജുല്‍ അറബ് ബീച്ചില്‍ റെസ്‌ക്യൂ ടീമിന്റെ ആറ് വാഹനങ്ങള്‍ എത്തി. ലൈഫ് ഗാര്‍ഡ് ടീം ലീഡര്‍ അഹ്മദ് അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ആഘോഷത്തിനെത്തിയവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. ബുര്‍ജുല്‍ അറബില്‍ നയന വിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗമായിരുന്നു. ലോകോത്തര രുചികള്‍ സമ്മേളിച്ച പുതുവത്സര വിരുന്നുമുണ്ടായിരുന്നു.

ബുര്‍ജ് അല്‍ അറബിലെയും ബുര്‍ജ് ഖലീഫയിലെയും പുതുവത്സരാഘോഷങ്ങള്‍ തത്സമയം കാണാനുള്ള ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഒരുക്കിയ സൗകര്യം അനുഗ്രഹമായി. വാട്ടര്‍ ബസ്, ദുബൈ ഫെറി, അബ്ര എന്നിവ പുതുവത്സരാഘോഷം കാണാന്‍പ്രത്യേക സര്‍വീസ് നടത്തി. അറ്റ്‌ലാന്റിസ്, വാട്ടര്‍ കനാല്‍ എന്നിവിടങ്ങളിലെയും പുതുവത്സരാഘോഷം ആര്‍ ടി എയുടെ ജല നൗകകളില്‍ സന്ദര്‍ശകര്‍ കണ്‍കുളിര്‍ക്കെ കണ്ടു. ആഘോഷയിടങ്ങളിലേക്ക് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ആര്‍ ടി എയുടെ 170 ബസുകള്‍ സര്‍വീസ് നടത്തി.

അബുദാബി, ഷാര്‍ജ കോര്‍ണിഷുകളിലും പുതുവത്സരാഘോഷങ്ങള്‍ ഗംഭീരമായി. അബുദാബിയില്‍ നാളെ രാത്രി എട്ടു മണി വരെയും ആഘോഷമുണ്ട്. റാസ് അല്‍ ഖൈമ അല്‍ മര്‍ജാന്‍ ഐലന്‍ഡിലേക്കുള്ള പ്രവേശനം രാത്രി 10 മണിക്ക് നിര്‍ത്തിവെച്ചു. ഷാര്‍ജ അല്‍ മജാസിലെയും അല്‍ ഖസ്ബയിലെയും ആഘോഷങ്ങള്‍ക്ക് പതിനായിരങ്ങളെത്തി.

 

Latest