ഹാഫിലാത് കാര്‍ഡുമായി അല്‍ ഐന്‍

Posted on: January 1, 2018 4:05 pm | Last updated: January 1, 2018 at 4:05 pm
SHARE

അബൂദാബി ട്രാന്‍സ്‌പോര്‍ട് വകുപ്പ് അവതരിപ്പിക്കുന്ന സ്മാര്‍ട് കാര്‍ഡായ ഹാഫിലാത് ഇന്ന് നിലവില്‍ വരും. ഇനിയുള്ള ദിവസങ്ങളില്‍ ഹാഫിലാത് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ അല്‍ ഐനിലെ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഡിസംബര്‍ പകുതിയോടെ തന്നെ ഇതിന്റെ അറിയിപ്പുകള്‍ വിവിധ ഭാഷകളില്‍ പൊതു ജനങ്ങളില്‍ എത്തിച്ചുകഴിഞ്ഞു. കൂടാതെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഇതിന്റെ അറിയിപ്പുകള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട് അബുദാബിയിയില്‍ നടപ്പില്‍ വരുത്തിയതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഹാഫിലാത് അല്‍ ഐനിലും നടപ്പില്‍ വരുത്തുന്നത്.

കസ്റ്റമാര്‍ സര്‍വിസ് സെന്ററുകള്‍, ബസ് സ്റ്റേഷനുകള്‍, അബുദാബിയിലെ ഷോപ്പിംഗ് മാളുകളിലുള്ള ഹാഫിലാത് വെന്‍ഡിംഗ് മെഷിനുകള്‍ എന്നിവിടങ്ങളില്‍ നിന്നും കാര്‍ഡുകള്‍ സ്വന്തമാക്കാവുന്നതാണ്. അല്‍ ഐന്‍ ബസ് സ്റ്റാന്റിലെ കസ്റ്റമര്‍ കേന്ദ്രത്തില്‍ നിന്നും രാവിലെ 8.30 മുതല്‍ കാര്‍ഡുകള്‍ കരസ്ഥമാക്കാവുന്നതാണ്. ഇവിടെ തന്നെ രണ്ട് ഹാഫിലാത് വെന്‍ഡിംഗ് മെഷിനുകളും സ്ഥാപിച്ചിട്ടുണ്ട്. ഏത് സമയത്തും കാര്‍ഡുകള്‍ കരസ്ഥമാക്കാം. കൂടാതെ അല്‍ ഐന്‍ മാള്‍, അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ജിമി മാള്‍, തവാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും മെഷിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച കാര്‍ഡുകള്‍ ലഭിക്കാന്‍ സേവന കേന്ദ്രങ്ങളില്‍ നിന്നും മാത്രമേ ലഭ്യമാവുകയുള്ളൂ. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന ആളുകള്‍ക്കും കാര്‍ഡുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്‍ഡിന് 10 ദിര്‍ഹമാണ് ഈടാക്കുന്നത്. കൂടാതെ ആദ്യതവണ 20 ദിര്‍ഹമില്‍ കുറയാതെ റീ ചാര്‍ജ് ചെയ്യുകയും വേണം. അവധി ദിനങ്ങളില്‍ കാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ വലിയ തിരക്കാണ് മെഷിനുകള്‍ക്കുമുന്നില്‍ അനുഭവപ്പെടുന്നത്. പല സ്ഥലങ്ങളിലും കാര്‍ഡുകള്‍ ലഭ്യമല്ല എന്നറിയിച്ചുള്ള അറിയിപ്പുകളും കാണാം. ഹാഫിലാത് കാര്‍ഡുകള്‍ നിര്‍ബന്ധമാവുന്നതോടെ വരുംദിനങ്ങളില്‍ കാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കൂടുതല്‍ തിരക്ക് അനുഭവപെടും.