Connect with us

Kerala

നബീസുമ്മയുടെ ആശ്രയം ഭവനം നിര്‍മാണം തുടങ്ങി

Published

|

Last Updated

വടക്കഞ്ചേരി കാരയന്‍ങ്കാട് പള്ളി വീട്ടില്‍ നബീസുമ്മാക്ക് നിര്‍മിക്കുന്ന ആശ്രയം ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മം ഫാസില്‍ മുസ്തഫ നിര്‍വഹിക്കുന്നു

വടക്കഞ്ചേരി: കാരയന്‍ങ്കാട് പള്ളി വീട്ടില്‍ നബീസുമ്മയുടെയും ജന്മനാ കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത മകന്‍ അശ്‌റഫിന്റെ അടച്ചുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം സഫലീകരിക്കുന്നതിന്റെ ഭാഗമായി പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തകനും വടക്കഞ്ചേരി മാണിക്കപ്പാടം സ്വദേശിയുമായ ഫാസില്‍ മുസ്തഫയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന ആശ്രയം ഭവനത്തിന്റെ നിര്‍മാണം തുടങ്ങി.

നാട്ടിലും, വിദേശ രാജ്യങ്ങളിലുമായി നിരവധി സുമനസ്സുകളാണ് ഭവന നിര്‍മാണത്തിന് സാമ്പത്തികമായും സാമഗ്രികളുമായും സഹായങ്ങള്‍ നല്‍കി മുന്നോട്ട് വരുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട ഓരോ പ്രവര്‍ത്തനങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഫാസില്‍ മുസ്തഫ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നത് കണ്ടാണ് സഹായങ്ങള്‍ നബീസുമ്മയുടെ ബേങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. നാട്ടുകാരുടേയും, മഹല്ല് കമ്മിറ്റി ഭാരവാഹികളുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിക്കപ്പെട്ടത്. ഫാസില്‍ മുസ്തഫ തറക്കല്ലിടല്‍ കര്‍മം നിര്‍വ്വഹിച്ചു. ഹനഫി ജുമുഅ മസ്ജിദ് ഹസ്രത്ത് അനീസുര്‍ റഹ്മാന്‍ ഫാളില്‍ മന്‍ബഇ പ്രാര്‍ഥന നടത്തി. ഇബ്‌റാഹീം മൗലവി, മുഹിയിദ്ദീന്‍ ഹനഫി ജുമാഅത്ത് കമ്മിറ്റി ഭാരവാഹികളായ വി എസ് എം ഫാറൂഖ്, ഇബ്‌റാഹീം ഹാജി, ഷാഫി ജുമുഅത്ത് കമ്മിറ്റി ഭാരവാഹികളായ കെ എ കെ ബഷീര്‍, വി.എച്ച്. മുത്തലിഫ്, ഹനീഫ, വി.ഐ.ഹബീബ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ.ഉമ്മര്‍, തോമസ് ജോണ്‍ തുടങ്ങി നിരവധി നാട്ടുകാരും നബീസുമ്മയുടെ ബന്ധുക്കളും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭവനം നിര്‍മിച്ചു കൊടുക്കുന്നതിനാല്‍ ലേബര്‍ ഒഴിവാക്കി എന്‍ിനിയര്‍ കെ വത്സന്റെ നേതൃത്വത്തില്‍ കുന്നത്ത് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ് ഭവനം നിര്‍മിക്കുന്നത്. ഇലക്ട്രിക്കല്‍, പ്ലംബിംഗ് വര്‍ക്കുകള്‍ ലേബര്‍ ഒഴിവാക്കി ചുരുങ്ങിയ ചെലവില്‍ കാരയന്‍ങ്കാട് പടിഞ്ഞാറേക്കളം സ്വദേശിയായ ആഷിക് എന്ന യുവാവും പണിതു നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. 500 സ്‌ക്വയര്‍ ഫീറ്റ് ഭവനം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആറ് ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തറക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ബെല്‍റ്റ് വര്‍ക്കല്‍ ഘട്ടത്തിലാണ് ഇപ്പോള്‍ നിര്‍മാണം എത്തിയിരിക്കുന്നത്.

Latest