ജമ്മു കശ്മീരില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: January 1, 2018 10:16 am | Last updated: January 1, 2018 at 2:35 pm

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ സി ആര്‍ പി എഫ് ക്യാമ്പിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സിആര്‍പിഎഫ് കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായത്.
അവന്തിപോറയിലെ ലാത്‌പോറയിലുള്ള 185 സി ആര്‍ പി എഫ് പരിശീലന കേന്ദ്രത്തിന് നേരെ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. പരിശീലന ക്യാമ്പില്‍ നുഴഞ്ഞുകയറി ഗ്രനേഡ് ആക്രമണം നടത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സി ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രവി ദീപ് സാഹി പറഞ്ഞു. നാല് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരാള്‍ ആക്രമണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നിരോധിത തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്, കശ്മീരില്‍ നിന്ന് അവസാനത്തെ ഇന്ത്യന്‍ സൈനികനും പോകുന്നത് വരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറും നിരവധി ആക്രമണങ്ങളുടെ സൂത്രധാരനുമായ നൂര്‍ മുഹമ്മദ് താന്ത്‌റെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
ഏറ്റുമുട്ടല്‍ പന്ത്രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. സി ആര്‍ പി എഫും രാഷ്ട്രീയ റൈഫിള്‍സും പോലീസും സംയുക്തമായാണ് ഓപറേഷന്‍ നടത്തിയത്.
ഈ മാസം അവസാനം ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യയുടെ സൈനിക പോസ്റ്റിന് നേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ മേജറുള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.