Connect with us

Editorial

നയതന്ത്ര യുദ്ധം

Published

|

Last Updated

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ഗുരുതരമായ പ്രതിസന്ധികളിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് 2018 പിറക്കുന്നത്. പാക്കിസ്ഥാന്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ ഇന്ത്യ രൂക്ഷമായ പ്രതികരണങ്ങളിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ നിലപാടിന് ആഗോള സ്വീകാര്യതയുണ്ടെന്നത് വസ്തുതയാണെങ്കിലും ദീര്‍ഘകാലത്ത് മേഖലയിലെ സമാധാനപരമായ സഹവര്‍തിത്വത്തിന് ഉപകരിക്കുന്നതല്ല ഈ തര്‍ക്കങ്ങള്‍. ചാരക്കുറ്റം ആരോപിച്ച് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയെയും മാതാവിനെയും പാക്കിസ്ഥാന്‍ അനുവദിച്ചത് നയതന്ത്രരംഗത്തെ മുറിവുണക്കുന്നതിന് ഉപകരിക്കേണ്ടതായിരുന്നു. എന്നാല്‍ നേര്‍ വിപരീത പരിണതിയിലാണ് ഈ സമാഗമം എത്തിച്ചേര്‍ന്നിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ച് ഇസ്‌റാഈലുമായി തുടങ്ങിയ ഗാഢ ബന്ധത്തിന് ന്യായീകരണമാകുന്ന വിധത്തിലുള്ള രാഷ്ട്രീയ മൗഢ്യം പാക്കിസ്ഥാനിലെ ഫലസ്തീന്‍ അംബാസിഡറുടെ ഭാഗത്ത് നിന്നുണ്ടായതും വാര്‍ത്തകളില്‍ നിറഞ്ഞു. പാക്കിസ്ഥാനിലെ ഫലസ്തീന്‍ സ്ഥാനപതി വലീദ് അബൂ അലി മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ടതാണ് നയതന്ത്രരംഗത്ത് വലിയ ചര്‍ച്ചക്ക് വഴിവെച്ചത്. ഗുരുതര വീഴ്ചയാണ് വലീദിന്റെ ഭാഗത്ത് നിന്നുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹാഫിസ് സഈദിന്റെ നേതൃത്വത്തിലുള്ള ദിഫഇ പാക്കിസ്ഥാന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിയില്‍ ഫലസ്തീന്‍ അംബാസിഡര്‍ പങ്കെടുത്തത്. ഇരുവരും വേദി പങ്കിടുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇസ്‌റാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റുന്നതിന്റെ പ്രതിഷേധമായി ഇസ്‌ലാമിക് ഉച്ചകോടി സംഘടിപ്പിക്കുന്നതിന് പാക് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് റാലി സംഘടിപ്പിച്ചത്.

ഈയിടെ ഇന്ത്യ കൈകൊണ്ട ഇസ്‌റാഈല്‍ അനുകൂല സമീപനത്തിന്റെ തുടര്‍ച്ചയില്‍ നിന്ന് അല്‍പ്പം മാറിയ നിലപാട് കൈകൊണ്ട ഘട്ടത്തിലാണ് വലീദിന്റെ ഈ ഹാഫിസ് സ്‌നേഹമെന്നോര്‍ക്കണം. യു എസ് എംബസി ജറുസലമിലേക്ക് മാറ്റാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു എന്‍ പൊതു സഭയില്‍ വന്ന പ്രമേയത്തെ അനുകൂലിച്ച മഹാഭൂരിപക്ഷം രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും നിലകൊണ്ടു. യു എന്‍ പ്രമേയം അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും നിലപാടില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ പോകുന്നില്ലെങ്കിലും ലോകത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു ആ പ്രമേയം. അവിടെ ഇന്ത്യ അതിന്റെ തനതായ വ്യക്തിത്വം പുറത്തെടുത്തുവെന്നത് ആശ്വാസകരമായിരുന്നു. ഇതിന് പിറകേയാണ് രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടുത്തിയ ഹാഫിസ് സഈദിനൊപ്പം ചേര്‍ന്ന് ഫലസ്തീന്‍ രാഷ്ട്രത്തിനായി പോരാടിക്കളയാമെന്ന് വലീദ് തീരുമാനിക്കുന്നത്. ഇപ്പോഴും രാഷ്ട്ര രൂപവത്കരണത്തില്‍ യു എന്നിലും അമേരിക്കയിതര ജനാധിപത്യ രാജ്യങ്ങളിലുമാണ് ഫലസ്തീന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇക്കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് നിര്‍ണായക പങ്കുണ്ടെന്നും ഫലസ്തീന്‍ നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയെ ഇസ്‌റാഈലുമായി കൂടുതല്‍ അടുപ്പിക്കുന്ന ഒരു നീക്കവും ഫലസ്തീന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും അവര്‍ക്കറിയാം. അത്‌കൊണ്ടാണ് ഹാഫിസ് സഈദുമായി വേദി പങ്കിട്ടതില്‍ ഇന്ത്യയുടെ പ്രതികരണം വന്നതിന് പിറകേ വലീദിനെ ഫലസ്തീന്‍ തിരിച്ചു വിളിക്കുകയും ഇന്ത്യയോട് നിരുപാധിക ക്ഷമാപണം നടത്തുകയും ചെയ്തത്. ഈ സത്വര നടപടി ഫലസ്തീനുമായുള്ള ബന്ധത്തില്‍ വന്ന വിള്ളല്‍ പരിഹരിക്കുമന്ന് പ്രതീക്ഷിക്കാം.

അതേസമയം, ഇന്ത്യാ- പാക് ബന്ധം അപരിഹാര്യമായ നിലയിലേക്ക് തന്നെയാണ് പോകുന്നത്. ഹാഫിസ് സഈദ് അടക്കമുള്ളവര്‍ അവിടെ ഇന്ത്യന്‍വിരുദ്ധ പ്രചാരണം കത്തിക്കുമ്പോള്‍ കുല്‍ഭൂഷണ്‍ ജാദവിന്റ ഭാര്യയെയും അമ്മയെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനോടുള്ള ശത്രുതക്ക് ഇന്ത്യയിലും തീപ്പിടിക്കുകയാണ്. ഇറാനിലേക്ക് ബിസിനസ്സ് ആവശ്യാര്‍ഥം പോയ കുല്‍ഭൂഷണ്‍ ജാദവ് എന്ന മുന്‍ നാവിക ഉദ്യോഗസ്ഥന് മേല്‍ ചാരക്കുറ്റം ചാര്‍ത്തി പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചിരുന്നു. പാക്കിസ്ഥാന്‍ വിധിച്ച വധശിക്ഷക്ക് അന്താരാഷ്ട്ര കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ജാദവിനെ കാണാന്‍ കുടുംബത്തെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ആ ആവശ്യം നിവര്‍ത്തിക്കാനുള്ള തീരുമാനത്തെ പാക്കിസ്ഥാന്‍ ഉന്നതമായ മാനുഷിക മൂല്യത്തിന്റെ നിദര്‍ശനമായാണ് കൊണ്ടാടിയത്. അതിനവര്‍ക്ക് അവകാശമുണ്ടെന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ എല്ലാം താറുമാറായിരിക്കുന്നു. കുല്‍ഭൂഷന്റെ ഭാര്യയോട് വിധവയെപ്പോലെയാണ് പാക് അധികൃതര്‍ പെരുമാറിയതെന്നും നേരത്തേയുണ്ടാക്കിയ മുഴുവന്‍ ധാരണകളും കാറ്റില്‍ പറത്തി അവരുടെ കെട്ടുതാലി വരെ അഴിപ്പിച്ചെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീനിലെ സ്ഥാനപതിയായാലും വിരോധത്തിലേക്ക് എണ്ണയൊഴിക്കുന്ന ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നിക്ഷിപ്ത താത്പര്യക്കാരായാലും സൗഹൃദത്തിന്റെ പാലങ്ങളാണ് പൊളിക്കുന്നത്. രാഷ്ട്രീയ മൗഢ്യങ്ങളിലേക്ക് കാര്യങ്ങള്‍ കൂപ്പുകുത്തുന്നതിനും മുതലെടുപ്പുകാര്‍ക്ക് അവസരമൊരുക്കുന്നതിനും മാത്രമേ വികാരപരമായ സമീപനങ്ങള്‍ ഉപകരിക്കുകയുള്ളൂ. സുചിന്തിതമായ നടപടികളും നയങ്ങളുമാണ് പരസ്പരാശ്രിത ലോകത്തിന് അനിവാര്യമായിട്ടുള്ളത്.