മെഹ്‌റം ഇല്ലാത്തവര്‍ക്ക് നറുക്കെടുപ്പില്ലാതെ അനുമതി

Posted on: January 1, 2018 9:01 am | Last updated: January 1, 2018 at 10:20 am
SHARE

ന്യൂഡല്‍ഹി: മെഹ്‌റം (ഭര്‍ത്താവോ നേരിട്ട് രക്തബന്ധമുള്ളവരോ) ഇല്ലാതെ ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിട്ടുള്ള വനിതകളുടെ പേര് നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. ഇക്കുറി 1,300 വനിതകളാണ് പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. ഇവര്‍ക്ക് നാല് പേരടങ്ങുന്ന സംഘമായി ഹജ്ജിന് പോകാമെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ സ്ത്രീകള്‍ തനിച്ച് ഹജ്ജിന് പോകുന്നത് അനുവദനീയമായിരുന്നില്ല. ഹജ്ജ് യാത്രയില്‍ പുരുഷന്മാരുടേതിന് സമാനമായ അവസരം നല്‍കാതിരിക്കുന്നത് വിവേചനമാണെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് പുരുഷ രക്ഷാകര്‍ത്താവിന് ഒപ്പം മാത്രമേ പോകാന്‍ പാടുള്ളൂവെന്ന നിയമം വിവേചനപരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂനപക്ഷകാര്യ വകുപ്പിന്റെ തീരുമാനം മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതിന് പ്രധാനമന്ത്രിയോട് വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നന്ദി അറിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here