ചങ്ങരംകുളം ദുരന്തം; അപകടത്തിന് കാരണം തോണിയിലെ അമിതഭാരം

Posted on: December 27, 2017 11:34 am | Last updated: December 27, 2017 at 8:44 pm

ചങ്ങരംകുളം: നരണിപ്പുഴയില്‍ ആറ് പേരുടെ ജീവന്‍ കവര്‍ന്ന തോണി അപകടത്തിന് കാരണമായത് തോണിയിലെ അമിതഭാരം. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ തേണിയില്‍ പരിധിയില്‍ കൂടുതലായി ആളുകള്‍ കയറിയതിനെ തുടര്‍ന്ന് തോണിയില്‍ വെള്ളം കയറുകയും തോണി മറിയുകയുമായിരുന്നു.
സാധാരണയായി മത്സ ബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ തോണിയില്‍ ഒന്‍പത് പേരാണ് കയറിയിരുന്നത്. വര്‍ഷങ്ങളായി തോണി തുഴയുകയും മത്സ്യ ബന്ധനം നടത്തുകയും ചെയ്യുന്ന വേലായുധനെ സംബന്ധിച്ചിടത്തോളം തോണി തുഴയലും നിയന്ത്രിക്കലും ഒരു വെല്ലുവിളിയായിരുന്നില്ല. തോണിയിലുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെ വെള്ളം കയറിയപ്പോള്‍ കുട്ടികള്‍ പരിഭ്രാന്തരാവുകയും തോണി മറിയുകയുമായിരുന്നുവെന്ന് അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ഫാത്വിമ പറഞ്ഞു.

കരയില്‍ നിന്നും 150 മീറ്ററോളം അകലെ വെച്ചായിരുന്നു അപകടം ഇതിനെ തുടര്‍ന്ന് പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. അപകടം നടന്ന സ്ഥലം റോഡില്‍ നിന്നും ഏറെ അകലെയായിരുന്നതിനാല്‍ നാട്ടുകാര്‍ അപട വിവരം അറിയാന്‍ വൈകി പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മാറി.
ആറ് മണിയോടെയാണ് അപകടത്തില്‍ പെട്ട മുഴുവന്‍ പേരെയും പുറത്തെടുക്കാനായത്. ഓടിക്കൂടിയ നാട്ടുകാരും, ചങ്ങരംകുളം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രക്ഷാപ്രവര്‍ത്തനം വൈകിയത് അപകടത്തിന്റെ തീവ്രത കൂട്ടി

ചങ്ങരംകുളം: രക്ഷാപ്രവര്‍ത്തനം വൈകിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ നരണിപ്പുഴയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ഉള്ളിലാണ് തോണിയപകടം നടന്ന കുഴപ്പുള്ളി പ്രദേശം. പ്രദേശത്തേക്ക് ആംബുലന്‍സും, പോലീസ് വാഹനങ്ങളും ചീറിപ്പാഞ്ഞു പോവുമ്പോഴാണ് നാട്ടുകാര്‍ക്ക് എന്തോ അപകടം നടന്നതായി നാട്ടുകാര്‍ക്ക് മനസിലാവുന്നതും.
ആളുകള്‍ അവിടേക്ക് ഒഴുകി എത്തുന്നതും. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് ആളുകള്‍ക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞത് എന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

പൊന്നാനി കോള്‍മേഖലയില്‍ പെട്ട കടുക്കുഴി ബണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന കായലിന് സമീപത്ത് നടന്ന അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ കരക്കെത്തിച്ചപ്പോഴേക്കും പലരും അവശരായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ പെരുമ്പടപ്പ് എസ് ഐ. വിനോദ് വലിയാട്ടൂര്‍ സി പി ഒമാരായ മധുസൂധനന്‍, സുരേഷ് എന്നിവരൂടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ആദ്യ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ചങ്ങരംകുളം പുത്തന്‍പള്ളി ഭാഗങ്ങളില്‍ നിന്നായെത്തിയ ആംബുലന്‍സുകളിലും പോലീസ് വാഹനങ്ങളിലുമായി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീന്തി രക്ഷപ്പെട്ട കുട്ടികള്‍ ഒഴികെ എല്ലാവരും മരിച്ചിരുന്നു.

 

അന്ന് ചാലിയാര്‍,  ഇന്നലെ നരണിപ്പുഴ

മലപ്പുറം: ഏഴ് വര്‍ഷം മുമ്പ് ചാലിയാറായിരുന്നു കണ്ണീര്‍ പുഴയായി മാറിയതെങ്കില്‍ ഇന്നലെയത് ചങ്ങരംകുളത്തെ നരണിപ്പുഴയുടെ ആഴത്തിലേക്ക് ആറ് ജീവനുകള്‍ താഴ്ന്നിറങ്ങിയത്.

2009 നവംബര്‍ നാലിന് വൈകുന്നേരം സ്‌കൂള്‍ വിട്ട് പോവുകയായിരുന്ന എട്ട് വിദ്യാര്‍ഥികളെയാണ് അരീക്കോട് മൂര്‍ക്കാനാട്ട് ചാലിയാറിന്റെ ഓളങ്ങള്‍ കവര്‍ന്നെടുത്ത്. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അന്ന് പുഴ തട്ടിയെടുത്തത്. ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. മുപ്പതോളം വിദ്യാര്‍ഥികള്‍ കയറി തോണിയാണ് അന്ന് ചാലിയാറില്‍ മറിഞ്ഞത്. കൂട്ടികള്‍ കൂടുതല്‍ കയറിയത് തന്നെയായിരുന്നു ആ ദുരന്തത്തിന്റെയും പ്രധാന കാരണം. ഇതിന്റെ ആവര്‍ത്തനമാണ് ഇന്നലെയുമുണ്ടായത്. സ്‌കൂള്‍ അവധി ആഘോഷിക്കാനെത്തിയവരാണ് പുഴയുടെ മടിത്തട്ടില്‍ തോണി മറിഞ്ഞ് മരിച്ചത്.

ചെറിയ തോണിയില്‍ കൂടുതല്‍ പേര്‍ കയറിയത് തന്നെയായണ് ഇന്നലെയുണ്ടായ അപകടത്തിനും കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അരീക്കോട്ട് ദുരന്തത്തിന്റെ വിറങ്ങലിക്കുന്ന ഓര്‍മകള്‍ ഇനിയും മാഞ്ഞിട്ടില്ല, ഇതിന് മുമ്പെ മറ്റൊരു ദുരന്തം കൂടി എത്തിയതിന്റെ നടുക്കത്തിലാണ് ജില്ല.