കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പാക്കിസ്ഥാനുമായി യുദ്ധത്തിനൊരുങ്ങേണ്ട സമയം അതിക്രമിച്ചു: സുബ്രഹ്മണ്യന്‍ സ്വാമി

Posted on: December 27, 2017 10:27 am | Last updated: December 27, 2017 at 12:55 pm

മുംബൈ: കുല്‍ഭൂഷണ്‍ ജാദവ് സംഭവത്തില്‍ പാക്കിസ്ഥാനുമായി ഒരു യുദ്ധത്തിന് ഇന്ത്യ തയ്യാറാകണമെന്ന് ചെയ്യണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. യുദ്ധം ചെയ്ത് പാക്കിസ്ഥാനെ നാലു കഷ്ണങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാന്‍ അപമാനിച്ചെന്ന വാര്‍ത്തയോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിനുള്ള നടപടികള്‍ ഗൗരവമായി ഇപ്പോള്‍ത്തന്നെ തുടങ്ങണം. കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ഏറെ ഗൗരവമായി ചര്‍ച്ചചെയ്യണം.മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ സ്വാമി വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാന്‍ അപമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചു. സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല.

 

ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കണ്ടത്. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക്ക് മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു