6,000 ടണ്‍ മാലിന്യങ്ങള്‍ നീക്കംചെയ്തു; ക്ലീന്‍ അപ് ദി വേള്‍ഡ് പങ്കാളികളെ ആദരിച്ചു

Posted on: December 22, 2017 8:41 pm | Last updated: December 22, 2017 at 8:41 pm

ദുബൈ: ക്ലീന്‍ അപ് ദി വേള്‍ഡ് പരിപാടിയുമായി സഹകരിച്ചവരെ നഗരസഭ ആദരിച്ചു. നമ്മുടെ സ്ഥലം, നമ്മുടെ ഗ്രഹം, നമ്മുടെ ഉത്തരവാദിത്തം എന്ന ആശയം മുന്‍ നിര്‍ത്തിയായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത ഉദ്ഘാടനം ചെയ്തു. ആഗോള പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ശുചീകരണ യജ്ഞമെന്നും സമൂഹത്തിന്റെ പങ്കാളിത്തം വന്‍ വിജയമാക്കിത്തീര്‍ത്തെന്നും ലൂത്ത പറഞ്ഞു.

ചുറ്റുമുള്ള പരിസ്ഥിതിയെ മനസിലാക്കുക എന്ന ദൗത്യം കൂടി യജ്ഞത്തിന് പിന്നിലുണ്ട്. 512 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നടക്കം 34000 സന്നദ്ധസേവകര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. 6000 ടണ്‍ മാലിന്യമാണ് മരുഭൂമിയില്‍ നിന്നും സമുദ്രത്തില്‍ നിന്നും മറ്റും നീക്കംചെയ്തത്, ലൂത്ത അറിയിച്ചു. സാമൂഹിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പങ്കെടുത്ത എല്ലാവരെയും ബഹുമാനിച്ചതായി നഗരസഭാ അസി. ഡയറക്ടര്‍ ജനറല്‍ എന്‍ജി. താലിബ് ജുല്‍ഫാര്‍ അറിയിച്ചു.

1994 ലാണ് സാമൂഹിക പങ്കാളിത്ത ശുചീകരണ കൂട്ടായ്മ തുടങ്ങിയത്. ഓരോ വര്‍ഷവും ജനപങ്കാളിത്തം കൂടിവരുന്നു. ഇത്തവണ പല സ്വകാര്യസ്ഥാപനങ്ങളും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഭാര വാഹനങ്ങള്‍ വിട്ടുതന്നുവെന്നും ജുല്‍ഫാര്‍ വ്യക്തമാക്കി.