ഇന്ദിരയുടെ കാലത്ത് കോണ്‍ഗ്രസിനുള്ള സീറ്റ് പോലും ഇന്ന് ബിജെപി മറികടന്നു: മോദി

Posted on: December 20, 2017 2:20 pm | Last updated: December 20, 2017 at 2:50 pm

ന്യൂഡല്‍ഹി; ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും കോണ്‍ഗ്രസ് 18 സംസ്ഥാനങ്ങളിലെ ഭരിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ന് ബിജെപി ഭരിക്കുന്നത് 19 സംസ്ഥാനങ്ങളിലാണ്. തിളക്കം മങ്ങിയെങ്കിലും ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഭരണം പിടിക്കാനായ സന്തോഷം ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1984ല്‍ രണ്ട് സീറ്റ് ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കറിച്ചും അതിനു മുന്നോടിയായി മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി സഹപ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പു നല്‍കി. തുടര്‍ച്ചയായ ആറാം തവണയാണു ഗുജറാത്ത് ബിജെപി നേടുന്നത്. കോണ്‍ഗ്രസില്‍നിന്ന് ഹിമാചല്‍ പ്രദേശും ഇത്തവണ പിടിച്ചെടുത്തു. ഇതോടെയാണ് 19 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നടത്തുന്നത്. ഇതില്‍ അഞ്ചിടത്ത് സഖ്യകക്ഷി ഭരണമാണ്.