Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കല്‍ അടുത്തമാസം

Published

|

Last Updated

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന്റെ ആദ്യഘട്ടമായ പരീക്ഷണ പറക്കല്‍ (സോഫ്റ്റ് ലോഞ്ചിംഗ്) ജനുവരിയില്‍ നടക്കും. സെപ്തംബറില്‍ വിമാനത്താവള ഉദ്ഘാടനം നടത്തുന്നതിന് മുന്നോടിയായാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. ഫെ്രബുവരിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്ന ജോലികളും പൂര്‍ത്തിയാകും. വിമാനത്താവള ലൈസന്‍സ് ലഭിക്കുന്ന മുറക്ക് ഉദ്ഘാടനം നടത്താനാണ് ധാരണ.

വിമാനത്താവളത്തിന്റെ 95 ശതമാനം പ്രവൃത്തികളും ഇതിനകം പൂര്‍ത്തിയായി. ജനുവരിയോടെ അനുബന്ധ ജോലികളൊഴികെയുള്ള എല്ലാ പ്രധാന പ്രവൃത്തികളും തീരും. ഫെബ്രവരി 28നകം കമ്മീഷനിംഗിന് ആവശ്യമായ പരിശോധനകളും പശ്ചാത്തല സൗകര്യ സംവിധാനങ്ങളുടെ ഏകോപന പ്രവൃത്തിയും പൂര്‍ത്തിയാകുമെന്ന് കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.

പരീക്ഷണ പറക്കലിനാവശ്യമായ നാവിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇൗയാഴ്ച തീരും. ഇതിന്റെ ഭാഗമായി നാവികവിദ്യ പരിശോധന നടത്താന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി ബാലകിരണ്‍ പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന നിലയില്‍ ഉന്നത സാങ്കേതിക സംവിധാനങ്ങളും ഉയര്‍ന്ന മാനദണ്ഡങ്ങളുമാണ് കിയാല്‍ ഒരുക്കേണ്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ഡി ജി സി എ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ബി സി എ എസ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) എന്നിവയാണ് വിവിധ സാങ്കേതിക ലൈസന്‍സുകള്‍ നല്‍കേണ്ടത്. ഇതിനു പുറമെ കസ്റ്റംസ്, എമിഗ്രേഷന്‍, സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കണം. ഈ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സുരക്ഷാ കാര്യങ്ങള്‍ക്ക് സി ഐ എസ് എഫിലെ 634 പേരെ കിയാല്‍ വിമാനത്താവളത്തിനായി നിയോഗിക്കാന്‍ ബി സി എ എസ് ഉത്തരവായിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് തീരുമാനമായത്.

എമിഗ്രേഷന്‍ ചുമതല കേരള പോലീസിനാണ്. ഇതിനായി 145 പേരെ അനുവദിക്കാന്‍ തീരുമാനമായി. കസ്റ്റംസിന്റെ 78 പേരെ നിയോഗിക്കുന്നതിനുള്ള പ്രൊപ്പോസലും ആയിട്ടുണ്ട്. 3,400 മീറ്റര്‍ റണ്‍വേയാണ് ആദ്യഘട്ടത്തിലുണ്ടാകുക. ഇതില്‍ 3,050 മീറ്ററിന്റെയും പ്രവൃത്തി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. റണ്‍വേ നാലായിരം മീറ്ററാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവും മറ്റ് നടപടികളുമായിട്ടുണ്ട്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികളും തുടങ്ങി. ഇക്കാര്യത്തില്‍ സ്ഥലമുടമകളുടെ ഭാഗത്ത് നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ബാലകിരണ്‍ പറഞ്ഞു.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം പണി പൂര്‍ത്തിയായി. 1,923 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് 95,000 ചതുരശ്ര മീറ്ററാണ് വിസ്തൃതി. 750 മീറ്റര്‍ നീളത്തില്‍ ഫ്‌ളൈ ഓവറും പൂര്‍ത്തിയായി. റണ്‍വേക്ക് പുറത്ത് 900 മീറ്റര്‍ വെളിച്ച സംവിധാനം ഒരുക്കും. ആദ്യഘട്ടത്തില്‍ ഇത് 420 മീറ്ററിലായിരിക്കും.

സുരക്ഷാ അനുമതി ലഭിക്കാന്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ മാസം 31 ഓടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന എന്നത് മാറ്റി സംവരണം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 22 പേരെ നിയമിച്ചു. എട്ട് പേരെ യോഗ്യത നേടുന്നമുറക്ക് നിയമിക്കാനും ധാരണയായിട്ടുണ്ട്. പതിനഞ്ച് പേര്‍ക്ക് കൂടി ഈ വിഭാഗത്തില്‍ താമസിയാതെ നിയമനം നല്‍കാനാകുമെന്നും ബാലകിരണ്‍ അറിയിച്ചു.