വയല്‍ നികത്തി ഓഡിറ്റോറിയം നിര്‍മാണം: ചട്ടലംഘനം നടന്നതായി കണ്ടെത്തല്‍

Posted on: December 17, 2017 11:45 am | Last updated: December 17, 2017 at 11:45 am

തിരൂരങ്ങാടി: ചെമ്മാട് മാനിപ്പാടത്ത് വയല്‍ നികത്തി നട ത്തിയ ഓഡിറ്റോറിയം നിര്‍മാണത്തില്‍ വ്യാപക ചട്ടലംഘനം നടന്നതായി ജില്ലാ നഗരാസൂത്രണ വകുപ്പിന്റെ കണ്ടെത്തല്‍.

വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് തിരൂരങ്ങാടി നഗരസഭ സെക്രട്ടറിക്ക് ജില്ലാ നഗരാസൂത്രണ വിഭാഗം മേധാവി പി എ ഐഷ കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ മാസമാണ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

വയല്‍ നികത്തി ഓഡിറ്റോറിയം നിര്‍മിച്ച മാനിപ്പാടത്തെ സ്ഥലവും മറ്റും പരിശോധിച്ചതില്‍ നിന്നും കെട്ടിട നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെന്നും ചട്ടങ്ങള്‍ പാലിക്കാതെയാണ് കെട്ടിട നമ്പര്‍ നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കെട്ടിട ചട്ട പ്രകാരവും മുനിസിപ്പാലിറ്റി ആക്ട് പ്രകാരവുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ എം ബി ആര്‍ ചട്ടം 11 (1) പ്രകാരം ഭൂമി തരം മാറ്റം ചെയ്ത സ്ഥലത്തിന്റെ അതിരുകളും അളവുകളും ആധികാരികതയും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ആവ ശ്യപ്പെട്ടാണ് ജില്ലാ നഗരാസൂത്രണ വിഭാഗം തിരൂരങ്ങാടി നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

എന്നാല്‍ ഈ കത്തില്‍ ഇത് വരെയും നഗരസഭാ സെക്രട്ടറി നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
നടപടിക്ക് മുമ്പായി തന്നെ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കല്ല്യാണം നടക്കുന്നുണ്ടെന്ന രേഖ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഓഡിറ്റോറിയം അധികൃതര്‍. അതിന് വേണ്ട എല്ലാ പിന്തുണയും നഗരസഭ സെക്രട്ടറി നല്‍കു ന്നതായും ആക്ഷേപമുണ്ട്.

അതേ സമയം മാനിപ്പാടത്ത് വുഡ് ഇന്‍ഡസ്ട്രീസ് തുടങ്ങുന്നതിന് 70 സെന്റ് ഭൂമി നികത്താന്‍ 2004ല്‍ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതി ഉപയോഗിച്ച് ഒരു ഏക്കറും 24 സെന്റുമാണ് നികത്തിയതെന്നാണ് കണ്ടെത്തല്‍. അതിന് ശേഷമാണ് ഇവിടെ ഓഡിറ്റോറിയം പണിതത്.

ഓഡിറ്റോറിയത്തിന്റെ നിര്‍മാണ വേളയിലും അല്ലാത്തപ്പോഴും പ്രതിഷേധം ശക്തമായിരുന്നെങ്കിലും അധികാരികള്‍ നടപടി സ്വീകരിച്ചിരുന്നില്ല. എല്ലാ ചട്ടങ്ങളും ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തിനെതിരെ വ്യാപക പരാതിയുണ്ടായിട്ടും നഗരസഭ സെക്രട്ടറി ഓഡിറ്റോറിയത്തിന് നമ്പര്‍ നല്‍കുകയായിരുന്നു.

രേഖാമൂലംപല യുവജന സംഘടനകളും പരാതി നല്‍കിയിരുന്നു. എങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാതെ സെക്രട്ടറി നല്‍കിയ അനുമതിയാണ് ഇപ്പോള്‍ ശരിയല്ലെന്ന് നഗരാസൂത്രണ വിഭാഗം കണ്ടെത്തിയത്.