രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

Posted on: December 16, 2017 11:20 am | Last updated: December 16, 2017 at 11:50 pm

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ 17ാംത് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് തലമുറമാറ്റം.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന ഔദ്യോഗിക അറിയിപ്പ് തെരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാനും മുഖ്യവരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയയ്ക്ക് കൈമാറി. തുടര്‍ന്ന് രാഹുല്‍ ചുമതലയേല്‍ക്കുകയും അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. അഭിപ്രായ ഭിന്നതകള്‍ക്കും കനത്ത പരാജയങ്ങള്‍ക്കുമിടയിലും പാര്‍ട്ടിയെ ദീഘനാള്‍ നയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറിയത്.

എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. സോണിയ ഗാന്ധി പ്രസിഡന്ററായ കാലം ചരിത്ര നേട്ടങ്ങളുടേതാണ്‌. 10 വര്‍ഷത്തെ യുപിഎ ഭരണത്തില്‍ രാജ്യം റെക്കേര്‍ഡ് വളര്‍ച്ചയിലെത്തി. രാജ്യത്ത് മാറ്റങ്ങള്‍ തെളിയിക്കാന്‍ രാഹുലിന് കഴിയും. പാര്‍ട്ടിയെ പുതിയ ഉയരത്തിലെത്തിക്കുവാനും രാഹുലിന് കഴിയുമെന്നും മന്‍മോഹന്‍സിംഗ് കൂട്ടിച്ചേര്‍ത്തു.

133 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര പ്രധാനമായ രണ്ട് പതിറ്റാണ്ടിനാണ് സോണിയ ഗാന്ധിയുടെ പടിയിറക്കത്തോടെ വിരാമമാകുന്നത്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന് പ്രധാനമന്ത്രി പദത്തിനടുത്ത് വരെ എത്തിയ സോണിയാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലാണ്. ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക ഫോബ്‌സ് തയാറാക്കിയപ്പോള്‍ അതില്‍ മൂന്നാം സ്ഥാനത്ത് സോണിയയെ എത്തിച്ചതും അവരുടെ നിശ്ചദാര്‍ഢ്യവും നേതൃശേഷിയുമായിരുന്നു.