ഐഎസ്എല്‍: സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

Posted on: December 15, 2017 9:59 pm | Last updated: December 16, 2017 at 11:22 am

കൊച്ചി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ്ഒരു ഗോള്‍ ജയം. സി.കെ വിനീതാണ് കേരളത്തിനായി വിജയ ഗോള്‍ സ്വന്തമാക്കിയത്. 23ാം മിനിറ്റില്‍ റിനോ ആന്റോ നല്‍കിയ പന്ത് ഡൈവിംഗ് ഹെഡറിലൂടെ വിനീത് നോര്‍ത്ത് ഈസ്റ്റിന്റെ വലകുലുക്കിയത്.

നാലാം മിനിറ്റില്‍ ഇടതുവിങ്ങില്‍നിന്നും നോര്‍ത്ത് ഈസ്റ്റിന്റെ 10ാം നമ്പര്‍ താരം മാര്‍സിയോ ജൂനിയറിന്റെ ഷോട്ട് പോള്‍ റച്ചൂബ്ക കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.

42ആം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫോര്‍വേഡ് സിഫെനിയോസിനെ ഫൗള്‍ ചെയ്തതിന് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പറും മലയാളിയുമായി രഹ്നേഷിന് ചുവപ്പു കാര്‍ഡ് കിട്ടി. ഇതോടെ നോര്‍ത്ത് ഈസ്റ്റിന്റെ തിരിച്ചുവരവിനുള്ള വഴിയും അടഞ്ഞു.

ആദ്യ ജയം നിര്‍ണായകമാണെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ അഭിനന്ദനാര്‍ഹമെന്നും ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചു.

ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ ആറു പോയന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തെത്തി. ഈ മാസം 22ന് ചെന്നൈയിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.