യു പിയില്‍ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്ത കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ കേസ്

Posted on: December 15, 2017 12:15 am | Last updated: December 14, 2017 at 10:53 pm

അലിഗഢ്: ഉത്തര്‍ പ്രദേശില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥി ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പരാതി. അലിഗഢ് കോര്‍പറേഷനില്‍ ബി എസ് പി ടിക്കറ്റില്‍ ജയിച്ച മുശര്‍റഫ് ഹുസൈന് എതിരെ ബി ജെ പി അംഗം പുഷ്‌പേന്ദ്ര കുമാറാണ് പോലീസില്‍ പരാതി നല്‍കിയത്.

ഹുസൈന്‍ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തത് മതവികാരം വ്രണപ്പെടുത്തിയെന്നും സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഹുസൈന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കൗണ്‍സില്‍ സുഗമമായാണ് മുന്നോട്ട് പോയത്. മറ്റ് അംഗങ്ങളെല്ലാം ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. എന്നാല്‍, ഹുസൈന്‍ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തതോടെ കൗണ്‍സിലില്‍ ബഹളം തുടങ്ങി. ഇത് സുഖകരമല്ലാത്ത അന്തരീക്ഷം ഉണ്ടാക്കിയെന്നാണ് ബി ജെ പി അംഗത്തിന്റെ പരാതി. എന്നാല്‍, ഒരാള്‍ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമല്ലെന്നും സംഭവത്തില്‍ കേസ് എടുത്തത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് മാത്രമാണെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് പാണ്ഡെ പറഞ്ഞു. അതേസമയം, ഐ പി സി 295 എ (മതവികാരം വ്രണപ്പെടുത്തല്‍ ഉദ്ദേശിച്ചുള്ള കുറ്റകരമായ പ്രവൃത്തി) ചുമത്തിയാണ് ഹുസൈന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈ എഫ് ഐ ആറിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹുസൈന്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ഔദ്യോഗിക ഭാഷകളാണ് ഹിന്ദിയും ഉര്‍ദുവും. പാര്‍ലിമെന്റ് ചട്ടങ്ങള്‍ അനുസരിച്ച് ഉര്‍ദു ഉള്‍പ്പെടെയുള്ള 22 ഭാഷകളില്‍ ഏതില്‍ വേണമെങ്കിലും അംഗത്തിന് സത്യപ്രതിജ്ഞ ചെയ്യാവു
ന്നതാണ്.

അടുത്തിടെ യു പിയില്‍ അവസാനിച്ച കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 16ല്‍ 14 മേയര്‍ സ്ഥാനങ്ങളും ബി ജെ പിക്ക് ലഭിച്ചിരുന്നു. അലിഗഢിലും മീററ്റിലും പക്ഷേ, ബി എസ് പിക്കായിരുന്നു ഭരണം. അലിഗഢില്‍ വലിയ ഒറ്റക്കക്ഷി ബി ജെ പിയാണെങ്കിലും മേയര്‍ സ്ഥാനം ബി എസ് പിക്ക് ലഭിച്ചു.