ലാബ് പരിശോധനാ റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കേണ്ടത് പത്തോളജിസ്റ്റുകള്‍ മാത്രം: സുപ്രീം കോടതി

Posted on: December 14, 2017 12:01 am | Last updated: December 14, 2017 at 12:01 am

ന്യൂഡല്‍ഹി: രാജ്യത്തെ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടില്‍ ബിരുദാനന്തര ബിരുദമുള്ള അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണറുകള്‍ക്ക് മാത്രമേ മേലൊപ്പ് വെക്കാന്‍ കഴിയൂവെന്ന് സുപ്രീം കോടതി. പത്തോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുകള്‍ക്ക് മാത്രാമേ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടില്‍ മേലൊപ്പ് വെക്കാന്‍ സാധിക്കൂവെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട് അംഗീകരിച്ചാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പത്തോളജിസ്റ്റ് അല്ലാത്തയാള്‍ക്ക് ലബോറട്ടറി നടത്താനാകില്ലെന്ന 2010 സെപ്തംബറില്‍ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ നല്‍കിയ പ്രത്യേക വിടുതല്‍ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

മെഡിക്കല്‍ ലബോറട്ടറികളിലെ എല്ലാ പരിശോധനാ റിപ്പോര്‍ട്ടുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്ത എം ബി ബി എസ് ഡോക്ടര്‍മാര്‍ ഒപ്പുവെച്ചിരിക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ, കോടതി ഇത് അംഗീകരിക്കുകയായിരുന്നു.
ഏതു വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും പത്തോളജി ലബോറട്ടറികള്‍ ആരംഭിക്കാമെന്നും എന്നാല്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത പത്തോളജിസ്റ്റിന്റെ ഒപ്പോ മേലൊപ്പോ വെക്കാതെ റിപ്പോര്‍ട്ട് നല്‍കരുതെന്നായിരുന്നു 2010ല്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മുഖോപാധ്യായ, എം താക്കര്‍ എന്നിവരുടെ ബഞ്ച് വിധിച്ചിരുന്നത്.