തിര. നിയമഭേദഗതി; അറ്റോര്‍ണി ജനറലിനോട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശം

Posted on: December 11, 2017 8:44 pm | Last updated: December 11, 2017 at 11:46 pm

ന്യൂഡല്‍ഹി: ഒരേ സമയം ഒരാള്‍ ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത് നിരോധിക്കണമെന്ന വിഷയത്തില്‍ അറ്റോര്‍ണി ജനറലിനോട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഐ ജിയോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്ന സമ്പ്രദായം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് അശ്വനി ഉപാധ്യായ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ രണ്ട് സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
2004ലും 2016ലുമാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശം നല്‍കിയത്. ഒരേ സമയം രണ്ട് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊണ്ട് ഉപ തിരഞ്ഞെടുപ്പുകള്‍ക്ക് വലിയ ചെലവ് വരാറുണ്ടെന്നും വോട്ടര്‍മാക്ക് പ്രയാസമുണ്ടാകാറുണ്ടെന്നും കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷന്‍ 33(7)ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതോടെയാണ് വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹജരാകണമെന്ന് ബഞ്ച് ഉത്തരവിട്ടത്.