Connect with us

Gulf

ദുബൈക്ക് വേണ്ടി ഒരു ദിനം; ശുചീകരണത്തിന് ശൈഖ് ഹംദാന്റെ വെല്ലുവിളി

Published

|

Last Updated

ദുബൈ ക്രീക്ക് ശുചീകരണത്തില്‍ സന്നദ്ധ സേവകരായി എത്തിയ കുട്ടികള്‍ക്കൊപ്പം ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ദുബൈ: ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം താമസക്കാരുടെ ഒരു ദിനം ദുബൈ നഗരത്തെ ശുചിത്വ പൂര്‍ണമാക്കുന്നതിന് ആഹ്വാനം ചെയ്തു മൊബൈലുകളിലേക്ക് സന്ദേശമയച്ചു. ദുബൈ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശുചീകരിക്കുന്നതിനാണ് ശൈഖ് ഹംദാന്റെ പുതിയ വെല്ലുവിളി.

ദിനംപ്രതി 30 മിനുറ്റ് കായികാധ്വാനത്തില്‍ ഏര്‍പെടാന്‍ ദുബൈയിലെ ജനങ്ങളോടുള്ള വെല്ലുവിളി ശ്രദ്ധേയമായിരുന്നു. ദുബൈക്ക് വേണ്ടി ഒരു ദിനം നല്‍കാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന ചോദ്യമുയര്‍ത്തിയാണ് ദുബൈയിലെ താമസക്കാര്‍ക്ക് മൊബൈലുകളില്‍ ശൈഖ് ഹംദാന്റെ സന്ദേശം എത്തിയത്. ആഗോള തലത്തില്‍ ദുബൈ നഗരത്തെ ദാനത്തിന്റെയും സഹിഷ്ണുതയുടെയും മികച്ച കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രയത്‌നങ്ങളെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുന്നതിനാണ് ശൈഖ് ഹംദാന്റെ ശ്രമം.

ഡേ ഫോര്‍ ദുബൈ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി അന്താരാഷ്ട്ര സന്നദ്ധ സേവന ദിനത്തിലാണ് പ്രഖ്യാപിച്ചത്. പദ്ധതി അനുസരിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ആപും പുറത്തിറക്കിയിട്ടുണ്ട്. ഒരു ദിവസത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ എങ്ങിനെ സ്വാധീനിക്കാം എന്ന ആശയങ്ങളും പരിപാടികളുടെ ഭാഗമായി ശൈഖ് ഹംദാന്‍ പങ്കുവെക്കുന്നുണ്ട്. ദുബൈ മറീനയില്‍ 25 പേരെ അണിനിരത്തി കടലിലെ മാലിന്യങ്ങള്‍ നീക്കംചെയ്താണ് ശൈഖ് ഹംദാന്‍ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. ഒരു ദിവസം സന്നദ്ധ സേവനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച് ദുബൈ നഗരത്തെ കൂടുതല്‍ മനോഹരമാക്കുന്നതിനുള്ള സേവനങ്ങള്‍ ഒരുക്കുകയെന്നതാണ് താമസക്കാര്‍ക്ക് ശൈഖ് ഹംദാന്‍ ഉയര്‍ത്തിയ വെല്ലുവിളി. സ്‌കൂള്‍, ആശുപത്രികള്‍, ഗവണ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് സന്നദ്ധ സേവനങ്ങള്‍ക്ക് ഒരുങ്ങി അവയുടെ വിശദാംശങ്ങള്‍, സാധാരണക്കാര്‍ക്ക് പോലും പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തില്‍ തയാറാക്കിയിട്ടുള്ള ആപില്‍ നല്‍കണം. സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്ന പ്രവര്‍ത്തികള്‍, അവയുടെ സമയം, പങ്കെടുക്കുന്ന ആളുകളുടെ വിശദാംശങ്ങള്‍ എന്നിവ ആപില്‍ ഫീഡ് ചെയ്യുന്നതിന് സൗകര്യമുണ്ട്.

ആപില്‍ സംഘമായി പേര് രജിസ്റ്റര്‍ ചെയ്താലും അവര്‍ക്ക് പ്രത്യേകമായി ചെയ്യേണ്ടപ്രവര്‍ത്തികള്‍, അവയുടെ തിയതി, സ്ഥലം എന്നിവ ആപിലൂടെ അറിയിപ്പായി ലഭിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍, ചെയ്തു തീര്‍ത്ത സമയം, തങ്ങളുടെ പ്രവര്‍ത്തികളിലൂടെ പൂര്‍ത്തീകരിച്ച പദ്ധതി എന്നിവ ആപിലൂടെ വിശദമായി അപ്ലോഡ് ചെയ്യുന്നതിനും സേവനങ്ങളില്‍ ഏര്‍പെട്ടവര്‍ക്ക് പ്രത്യേക സാക്ഷ്യപത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടാനും ആപ്പില്‍ സൗകര്യമുണ്ട്. ആപ്പിള്‍ സ്റ്റോര്‍, ആന്‍ഡ്രോയിഡ് എന്നീ സംവിധാങ്ങളിലും ംംം.റമ ്യളീൃറൗയമശ.രീാ എന്ന വിലാസത്തിലും ആപും വിശദ വിവരങ്ങളും ലഭിക്കും.

Latest