പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് എംബസി

Posted on: December 6, 2017 9:24 pm | Last updated: December 6, 2017 at 9:24 pm

ദോഹ: പ്രവാസികളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുകയോ വരുമാന വിവരം ബോധിപ്പിക്കുകയോ വേണ്ടതില്ലെന്നും രാജ്യത്തു സ്ഥിരമായി തങ്ങാത്ത പ്രവാസികള്‍ ആധാറിനു അര്‍ഹരല്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായി ആറു മാസത്തിലിധികം (182 ദിവസം) ഇന്ത്യയില്‍ തുടരുന്ന പ്രവാസികള്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറുമാസത്തിലധികം ഇന്ത്യയില്‍ തങ്ങിയിട്ടില്ലാത്ത എന്‍ ആര്‍ ഐകള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ യോഗ്യരല്ലെന്നും എംബസി വാര്‍ത്താ കുറിപ്പ് പറയുന്നു.

ഒ സി ഐ കാര്‍ഡുള്ളവരും ഇന്ത്യയില്‍ ആറുമാസമായി താസമിക്കുന്നവരുമായ വിദേശ ഇന്ത്യക്ക് ഇന്ത്യയില്‍ സ്വന്തമായി വിലാസമുണ്ടെങ്കില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. ഇന്ത്യന്‍ വരുമാനനികുതി നിയമം 139 എഎ അനുസരിച്ച് എല്ലാ പൗരന്‍മാരും 2017 ജൂലൈ ഒന്നു മുതല്‍ ആധാര്‍ നമ്പറിന് അര്‍ഹരാണ്. സ്ഥിരം അക്കൗണ്ട് നമ്പര്‍ ലഭിക്കുന്നതിനും വരുമാന വിവരം സമര്‍പ്പിക്കുന്നതിനും ഇത് ആവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ മാത്രമാണ് ആധാറിനു യോഗ്യരെന്ന് 2016ലെ ആധാര്‍ നിയമം പറയുന്നു.