ബാബരി ഓര്‍മകള്‍ക്ക് നാളെ ഇരുപത്തിയഞ്ചാണ്ട്

Posted on: December 5, 2017 9:10 am | Last updated: December 5, 2017 at 10:47 am

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ കറുത്തപാട് വീഴ്ത്തിയ ബാബരി മസ്ജിദ് തകര്‍ച്ചക്ക് നാളേക്ക് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. 1992 ഡിസംബര്‍ ആറിന് ബി ജെ പി അധ്യക്ഷനായിരുന്ന എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയുടെ ഒടുവിലായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന ബാബരി മസ്ജിദിന്റെ താഴികകുടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍സേവകര്‍ തച്ചുടച്ചത്.
സുരക്ഷാ വേലികള്‍ പൊളിച്ച് മസ്ജിദിനകത്ത് കയറി പള്ളിയുടെ ഓരോ പാളികളും തകര്‍ക്കുകയായിരുന്നു. എല്‍ കെ അഡ്വാനിക്ക് പുറമെ ബി ജെ പി- ആര്‍ എസ് എസ് നേതാക്കളായിരുന്ന അശോക് സിംഘാള്‍, ഉമാ ഭാരതി, എം എം ജോഷി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു രഥയാത്ര നടത്തിയത്.

ബാബരി മസ്ജിദ് നിലനിര്‍ത്തണമെന്നും സുരക്ഷ നല്‍കണമെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു കര്‍സേവകര്‍ അയോധ്യയിലെത്തിയത്. അന്ന് യു പി ഭരിച്ച ബി ജെ പി സര്‍ക്കാറും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറും കര്‍സേവകര്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണം ഉയരുകയും ചെയ്തു. പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളും ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസുമാണ് നിലവില്‍ നീതിപീഠങ്ങള്‍ക്ക് മുന്നിലുള്ളത്. എല്‍ കെ അഡ്വാനി, ഉമാഭാരതി, എം എം ജോഷി എന്നിവര്‍ക്കെതിരെ മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനും മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ക്കെതിരെ മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകള്‍ ലക്‌നോവിലെ പ്രത്യേക കോടതിയില്‍ വാദം കേള്‍ക്കുന്നുണ്ട്. നേരത്തെ സുപ്രീം കോടതി ഇടപെട്ടാണ് അഡ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍തിരെ ഗൂഢാലോചനാ കേസ് പുനഃസ്ഥാപിച്ചത്.

ഇതിന് പുറമെ ബാബരി മസ്ജിദ് ഭൂമിയിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ഇതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതിന് ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ അടുത്തിടെ ശ്രമം നടന്നിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. വിഷയത്തില്‍ ശിയ വഖ്ഫ് ബോര്‍ഡ് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും സുന്നി വഖ്ഫ് ബോര്‍ഡോ മറ്റു സംഘടനകളോ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് വ്യക്തമാക്കിയത്. അയോധ്യയില്‍ രാക്ഷേത്രം നിര്‍മിക്കുന്നതിന് വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യു പി തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രധാനമായും ഉന്നയിച്ചത് രാമക്ഷേത്ര നിര്‍മാണമായിരുന്നു.
മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, നിര്‍മോഹി അഖാറ, രാംലല്ല എന്നിവക്ക് തുല്യമായി വീതിച്ചു നല്‍കാനാണ് 2010ല്‍ ഏറെക്കാലം നീണ്ട വാദഗതികള്‍ക്കൊടുവില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച് വിധിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ട് പതിമൂന്ന് അപ്പീലുകളാണ് സുപ്രീം കോടതി മുമ്പാകെയുള്ളത്. കേസിന് ഉപോല്‍ബലകമായ തെളിവുകള്‍ ഇംഗ്ലീഷിലാക്കി സമര്‍പ്പിക്കാന്‍ കക്ഷികള്‍ക്ക് നല്‍കിയ സമയപരിധി ഇതിനകം അവസാനിച്ചിരുന്നു. ആയിരക്കണക്കിന് പേജുകള്‍ വരുന്ന ചരിത്രപരമായ തെളിവുകള്‍ ഉറുദു, അറബിക്, ഹിന്ദി, പേര്‍ഷ്യന്‍ ഭാഷകളിലാണുള്ളത്. മൊത്തം 256 രേഖകള്‍ ഈ ഗണത്തില്‍ വരും. കേസില്‍ കക്ഷിചേരാന്‍ ശിയ വഖ്ഫ് ബോര്‍ഡും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അലഹബാദ് ഹൈക്കോടതി ലക്‌നോ ബഞ്ചിന്റെ വിധിയില്‍ തര്‍ക്കഭൂമിയില്‍ ശിയ വഖ്ഫ് ബോര്‍ഡിന് ഓഹരി നല്‍കിയിട്ടില്ലെന്നും അവര്‍ ഏര്‍പ്പെടുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കോ കരാറിനോ സാധുതയില്ലെന്നും സുന്നി വഖ്ഫ് ബോര്‍ഡ് വാദിക്കുന്നു.