സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഘോഷയാത്ര: ചെന്നിത്തല

Posted on: November 30, 2017 10:26 pm | Last updated: November 30, 2017 at 11:27 pm

തിരുവനന്തപുരം: നിയമസഭയെയും സഭാംഗങ്ങളുടെ അവകാശത്തെയും വെല്ലുവിളിച്ച് സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സുകളുടെ ഘോഷയാത്രയാണ് നടക്കുന്നത്. വന്‍ അഴിമതി സാധ്യതകള്‍ തുറന്നിടുന്നതാണ് നിയമഭേദഗതികളെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഇറക്കേണ്ട ഓര്‍ഡിനന്‍സുകള്‍ നിയമസഭയെ നോക്കുകുത്തിയാക്കി തോന്നിയതുപോലെ പുറപ്പെടുവിക്കുകയാണ്. നാല് ഓര്‍ഡിനന്‍സുകള്‍ നേരത്തെ ഇറക്കിയതിന് പുറമേ, വീണ്ടും ആറെണ്ണം കൂടി ഇറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ പണം വാങ്ങി അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് വന്‍ അഴിമതിക്ക് കളമൊരുക്കും. എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുനൈറ്റഡ്) യു ഡി എഫിന്റെ അഭിവാജ്യഘടകമാണെന്നും അവര്‍ മുന്നണി വിടുമെന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജെ ഡി യു മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല. അവരുടെ പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ കെ പി മോഹനന്‍ കഴിഞ്ഞ 30 ദിവസമായി ‘പടയൊരുക്ക’ത്തിനൊപ്പമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.