പീഡനത്തിനിരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി ബി ജെ പി. എം പി

Posted on: November 30, 2017 10:11 pm | Last updated: November 30, 2017 at 11:13 pm

ചണ്ഡീഗഢ്: പഞ്ചാബില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇരയെ കുറ്റപ്പെടുത്തിയ ബി ജെ പി. എം പിയുടെ പ്രസ്താവന വിവാദത്തില്‍. മൂന്ന് പുരുഷന്മാര്‍ ഓട്ടോയില്‍ ഉണ്ടെന്നറിഞ്ഞിട്ടും പെണ്‍കുട്ടി എന്തിനാണ് അതില്‍ കയറിയത് എന്ന് അഭിനേത്രി കൂടിയായ കിരണ്‍ ഖേറിര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇതിന് പിന്നാലെ, തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്ന വിശദീകരണവുമായി അവര്‍ വീണ്ടും രംഗത്തെത്തി.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി ആണ്‍കുട്ടികളെ ബോധവത്കരിക്കണമെന്നും സ്വന്തം സുരക്ഷയെ കുറിച്ച് പെണ്‍കുട്ടികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മറ്റുമുള്ള ഉപദേശങ്ങളും കിരണ്‍ ഖേര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുന്നോട്ടുവെച്ചിരുന്നു.
പ്രസ്താവന വിവാദമായതോടെ, ഇന്നലെ അവര്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തണം എന്നേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. ആക്രമണമുണ്ടായ രാത്രി പെണ്‍കുട്ടി 100 എന്ന ഹെല്‍പ്പ് നമ്പറില്‍ വിളിച്ചിരുന്നെങ്കില്‍ പോലീസ് അവിടേക്ക് വരില്ലായിരുന്നോ എന്ന് ചോദിക്കുകയായിരുന്നു താനെന്നും കിരണ്‍ ഖേര്‍ വിശദീകരിച്ചു. മാറ്റങ്ങള്‍ക്ക് വേണ്ടി നിര്‍ദേശം നല്‍കാന്‍ താന്‍ ഗവര്‍ണറോ ഭരണാധികാരിയോ മുഖ്യമന്ത്രിയോ ഒന്നുമല്ല. ഉപദേശിക്കാനെ തനിക്ക് കഴിയുകയുള്ളൂ എന്നും ഖേര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 17ന് സെക്ടര്‍ 37ല്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മറ്റ് രണ്ട് യാത്രക്കാരും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് സെക്ടര്‍ 57ല്‍ ഉപേക്ഷിക്കുകയായിരുന്നു.