പൈതൃകം അടയാളപ്പെടുത്തി ദുബൈ എമിഗ്രേഷന്റെ ആഘോഷം

Posted on: November 30, 2017 9:22 pm | Last updated: November 30, 2017 at 9:22 pm
റാസ് അല്‍ ഖൈമ പോലീസ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷം

ദുബൈ: യു എ ഇ ദേശീയ ദിനം ദുബൈ എമിഗ്രേഷന്‍ വൈവിധ്യമാര്‍ന്ന ചടങ്ങുളോടെ ആഘോഷിച്ചു. ജാഫ്‌ലിയയിലെ വകുപ്പിന്റെ പ്രധാന ഓഫീസിലാണ് ആഘോഷ ചടങ്ങുകള്‍ നടന്നത്.

യു എ ഇ ചരിത്രങ്ങളുടെ പഴമയും പുതുമയും അടയാളപ്പെടുത്തുന്ന വിവിധ കലാ- സംസ്‌കാരിക-വാണിജ്യ വേദികള്‍ സംഘടിപ്പിച്ചാണ് 46-മത് ദേശീയ ദിനം വകുപ്പ് വര്‍ണാഭമാക്കിയത്. രാവിലെ ഒന്‍പതിന് തുടങ്ങിയ ആഘോഷ ചടങ്ങുകള്‍ ഉച്ച വരെ നീണ്ടുനിന്നു. ആഘോഷ ചടങ്ങുകള്‍ ദേശീയ ഗാനത്തെടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പതാക ഉയര്‍ത്തി. ലോകത്തിന് തന്നെ മാതൃകയായി സഹവര്‍ത്തിത്ത്വത്തിന്റെയും പുരോഗതിയുടേയും പാതയിലെക്ക് രാജ്യത്തെ നയിക്കുന്ന പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവര്‍ക്ക് എല്ലാം നന്മകളും നേരുന്നുവെന്ന് അല്‍ മര്‍റി ദേശീയദിന സന്ദേശത്തില്‍ പറഞ്ഞു.

നീതി, സുരക്ഷ, സമ്പദ്ഘടന, പരിസ്ഥിതി, ജീവിത നിലവാരം, ഭവനം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളില്‍ എല്ലാം രാജ്യം ഇന്ന് മുന്നേറിക്കൊണ്ടിരിക്കുയാന്നെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
യു എ ഇ സ്വദേശികളുടെ വിവിധ തരം പലഹാരങ്ങള്‍, അറബിക് ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര സാധനങ്ങള്‍, പാനീയങ്ങള്‍ അടക്കമുള്ള വിവിധ സാധനങ്ങള്‍ അണിനിരത്തി സ്വദേശി ചന്തകള്‍ ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി വകുപ്പ് നടത്തി വരുന്നുണ്ട്. അറബിക് നാടന്‍ കലാരൂപമായ അയ്യാലയും യു എ ഇ സ്വദേശികളുടെ വിവിധ ദഫ്മുട്ടുകളും ആഘോഷ ചടങ്ങിനെ ഏറെ അലങ്കാരമാക്കി.
വകുപ്പ് ഉപതലവന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സൂറുറും മറ്റു മുതിര്‍ന്ന ഓഫീസര്‍മാരും വകുപ്പിലെ വിവിധ ജീവനക്കാരും ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളും ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.