ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഉള്‍വലിഞ്ഞു; സഞ്ചാരികളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു

Posted on: November 30, 2017 7:47 pm | Last updated: December 1, 2017 at 10:34 am
SHARE
ഫോർട്ട് കൊച്ചി ബീച്ച് (ഫയൽ)

കൊച്ചി: കേരള തീരത്ത് ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ ഉള്‍ വലിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഒരു കിലോമീറ്ററോളം ഉള്‍ വലിഞ്ഞത്. ഇതോടെ വിനോദ സഞ്ചാരികളും കച്ചവടക്കാരും പരിഭ്രാന്തരായി.

രാവിലെ മുതല്‍ തന്നെ തണുത്ത കാറ്റ് വീശിത്തുടങ്ങിയതും മൂടിക്കെട്ടിയ അന്തരീക്ഷവും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരുന്നു. ഇതിനിടെ തെക്കന്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും പെയ്യുന്നതായുള്ള വിവരം എത്തുകയും കടല്‍ വലിയുകയും ചെയ്തതോടെ പോലീസ് കടപ്പുറത്തെത്തി സഞ്ചാരികളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു. ഫോര്‍ട്ട് കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സുരക്ഷയുടെ ഭാഗമായി എല്ലാവരെയും ഒഴിപ്പിച്ചത്. ഇതോടെ കടപ്പുറം കാലിയായി.

കടപ്പുറത്തേക്കുള്ള പ്രവേശന കവാടകങ്ങളെല്ലാം പോലീസ് അടച്ചു. അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ഫോര്‍ട്ട് കൊച്ചി കടപ്പുറത്തേക്ക് പ്രവേശം നിരോധിച്ചതായുള്ള ബോര്‍ഡും പോലീസ് സ്ഥാപിച്ചു. കടപ്പുറത്തേക്ക് സഞ്ചാരികള്‍ കയറാതിരിക്കുന്നതിനായി പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, തോപ്പുംപടി പോലീസിന്റെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മൈക്കിലൂടെയാണ് പോലീസ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മത്സ്യബന്ധനത്തിനായി കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും കോസ്റ്റല്‍ പോലീസ് തിരികെ വിളിപ്പിച്ചു. വൈകിട്ടോടെ ഭൂരിഭാഗം ബോട്ടുകളും തിരികെ കയറി.

ഫോര്‍ട്ട് കൊച്ചി- വൈപ്പിന്‍ ഫെറി സര്‍വീസും നിര്‍ത്തിവെച്ചു. അതേസമയം, ജങ്കാര്‍ സര്‍വീസ് മുടക്കിയില്ല. തീരദേശത്തെ ജനത സുനാമി സമയത്തുണ്ടായ രീതിയില്‍ പരിഭ്രാന്തരാകുന്ന സാഹചര്യമായിരുന്നു ഇന്നലെ. പോലീസും ജില്ലാ ഭരണകൂടവും മൈക്കിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി പ്രദേശത്ത് റോന്ത് ചുറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here