Connect with us

Gulf

ബാബരി മസ്ജിദിന്റെ ഓര്‍മ നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്കാകുന്നില്ല: എന്‍ എസ് മാധവന്‍

Published

|

Last Updated

ദോഹ: ബാബരി മസ്ജിദിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിന്് ഇന്ത്യയിലെ മാധ്യമങ്ങളും ചരിത്രകാരന്‍മാരും ശ്രമിച്ചില്ലെന്ന് കഥാകൃത്ത് എന്‍ എസ് മാധവന്‍. ഹിറ്റ്‌ലര്‍ക്കും നാസിസത്തിനുമെതിരായ ഓര്‍മകള്‍ ലോകമാകെ ഇന്നും നിലനിര്‍ത്താന്‍ ശ്രമം നടക്കുമ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തിനേറ്റ വലിയ മുറിവായ ബാബരി മസ്ജിദ് സംഭവം പുതിയ തലമുറക്ക് അറിയുക പോലുമില്ലെന്ന സ്ഥിതിയാണ്. ഓര്‍മകള്‍ നിലനില്‍ക്കരുത് എന്ന നിലപാട് പുലര്‍ത്തുന്നവരുടെ താത്പര്യമാണിത്. തനത് സാംസ്‌കാരികവേദി വാര്‍ഷികത്തില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ജനാധിപത്യത്തിന്റെ നാലാംസ്തംഭമായ മാധ്യമങ്ങള്‍ ഇന്ന് ദ്രവിച്ച അവസ്ഥയിലാണ്. ദേശീയ ഇംഗ്ലീഷ് മാധ്യമങ്ങളെല്ലാം കോര്‍പറേറ്റ്‌വത്കരണത്തിന് വിധേയമായിക്കഴിഞ്ഞു. എന്നാല്‍ മലയാളത്തിലാണ് കുറേയെങ്കിലും പ്രതീക്ഷ കാണുന്നത്. ഇവിടെ സര്‍ക്കാറുകളെ വിമര്‍ശിക്കാനെങ്കിലും മാധ്യമങ്ങള്‍ സന്നദ്ധമാകുന്നുണ്ട്. ദേശീയ തലത്തില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതും ബദല്‍ ശബ്ദം ഉയര്‍ത്തുന്നതും വയര്‍ പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൊണ്ടുവരുന്ന വാര്‍ത്തകളെ തിരുത്താന്‍ വരെ മുഖ്യധാരാ മാധ്യമങ്ങള്‍ സന്നദ്ധമാകുന്നു. സോഷ്യല്‍ മീഡിയ വലിയ തോതില്‍ സംഘടിത പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ബി ജെ പി ഇതില്‍ മുന്നിലാണ്. സൈബര്‍ പോരാളികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. എങ്കിലും സ്വതന്ത്രമായ ശബ്ദങ്ങള്‍ ഉയര്‍ത്തുന്നതിനും സാധാരണക്കാര്‍ക്ക് ഇടപെടാനും സാധിക്കുന്ന ഇടംകൂടിയാണ് സോഷ്യല്‍ മീഡിയ.

ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ കാലത്തും വെല്ലുവിളി നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെ രംഗത്തു വന്ന എഴുത്തുകാര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്. ഇപ്പോഴത്തെ പ്രശ്‌നം, വിവാദങ്ങള്‍ ജാതി, മത രൂപം പ്രാപിക്കുകയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്. ഭാരതത്തിന്റെ മധ്യകാല ചരിത്രം വല്ലാതെ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ മതപരമായ ധ്രുവീകരണത്തിനു ശ്രമിക്കുന്നത്. താജ്മഹലിനെതിരെയും പത്മാവതി സിനിമക്കെതിരെയും ടിപ്പുവിനെതിരെയുമൊക്കെ കണ്ടു വരുന്നത് ഇതാണ്. പ്രതിരോധത്തിന്റെ ശക്തി പണ്ടും ദുര്‍ബലമാണ്. പത്മാവതി പ്രശ്‌നത്തില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയും ആവിഷ്‌കാര സ്വാന്ത്യത്തിനു വേണ്ടി നിലപാടെടുത്തിട്ടില്ല. വോട്ടു ബേങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളതു കൊണ്ടാണിത്.

എന്തൊക്കെയായാലും കേരളം, ബംഗാള്‍, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഉയരുന്ന പ്രതിരോധങ്ങള്‍ പ്രതീക്ഷ തരുന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് തമിഴ്‌നാട്ടിലേക്കാണ് എല്ലാവരും പോയത്. അത്തരത്തിലുളള പച്ചത്തുരുത്തായാണ് ഈ സംസ്ഥാനങ്ങളെ ഇപ്പോഴത്തെ അവസ്ഥയില്‍ കാണേണ്ടത്. ഹാദിയ പ്രശ്‌നം കേരളത്തില്‍ ഒരു വര്‍ഗീയ ധ്രുവീകരണത്തിനു വഴിവെച്ചു എന്നു കരുതുന്നില്ല. വ്യക്തികള്‍ അവരുടെ ഇഷ്ടാനുസരണം ജീവിക്കട്ടെ എന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിക്കുന്നത്. എന്നാല്‍ എല്ലാ വിവാദങ്ങളെയും വര്‍ഗീയവത്കരിക്കാനും ധ്രുവീകരണം ഉണ്ടാക്കാനും ഇരു ഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ട്. ചിലപ്പോള്‍ ഗവണ്‍മെന്റുകളും ഭരണത്തിനു പുറത്തു നില്‍ക്കുന്നവര്‍ സര്‍ക്കാര്‍ പിന്തുണയോടെയും പ്രവര്‍ത്തിക്കുന്നു. കോര്‍പറേറ്റ് വത്കരണവും ഗ്ലാമര്‍വത്കരണവും കൊണ്ട് ഫുട്‌ബോള്‍ രക്ഷപ്പെടുകയാണെങ്കില്‍ അങ്ങനെയാകട്ടെ എന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.