Connect with us

Gulf

പണക്കാർക്ക് സീറ്റ് നൽകുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്ന് കാരാട്ട് റസാഖ്

Published

|

Last Updated

കാരാട്ട് റസാഖ് എം എൽ എ സിറാജ് ദോഹ ഓഫീസ് സന്ദർശന വേളയിൽ

ദോഹ: മുസ്‌ലിംലീഗ് എം എല്‍ എമാരില്‍ ആരാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും പാവപ്പെട്ടവരുടെ പ്രതിനിധിയുമെന്ന് അറിയാന്‍ താത്പര്യമുണ്ടെന്ന് കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ്. പാവപ്പെട്ടവരെ പരിഗണിക്കുന്ന പാരമ്പര്യമൊക്കെ ബാഫഖി തങ്ങളുടെയും ഖാഇദേമില്ലത്തിന്റെയും കാലത്ത് കഴിഞ്ഞു പോയി. ഇപ്പോള്‍ പണമില്ലാത്തവര്‍ക്ക് സീറ്റില്ല. ഉമര്‍ മാസ്റ്ററെ വെട്ടി തന്റെ എതിര്‍സ്ഥാനാര്‍ഥിയാക്കിയത് ദുബൈയിലെ ഒരു വ്യവസായിയുടെ ബിനാമിയെയായിരുന്നു. സ്വകാര്യ ആവശ്യത്തിനായി ദോഹയിലെത്തിയ അദ്ദേഹം സിറാജിനോട് സംസാരിക്കുകയായിരുന്നു.
കാലങ്ങളായി പുലര്‍ത്തിപ്പോന്ന നിലപാടുകള്‍ മുസ്‌ലിം ലീഗിന് മാറ്റേണ്ടി വന്നതും അഞ്ചാം മന്ത്രിയെ ചോദിച്ചു വാങ്ങേണ്ടി വന്നതും പണക്കാര്‍ക്കു വേണ്ടിയല്ലേ. ഈ പാര്‍ട്ടിയാണ് ഇടതുപക്ഷ എം എല്‍ എമാരുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് വിമര്‍ശമുന്നയിക്കുന്നത്. ഇടതുപക്ഷത്തിന്റെ മണ്ണേ അല്ലാതിരുന്ന കൊടുവള്ളി നഷ്ടപ്പെട്ടതു മുതല്‍ ലീഗ് അസഹിഷ്ണുതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരെ വധഭീഷണിയുള്‍പ്പെടെയുള്ള നീക്കങ്ങളുണ്ട്. ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ് സഞ്ചരിക്കുന്നത്. ലീഗിലും കോണ്‍ഗ്രസിലും തന്നെ അനുകൂലിക്കുന്നവരുടെയും സുന്നി വിഭാഗത്തിന്റെയും പിന്തുണയോടെയാണ് കൊടുവള്ളി മണ്ഡലത്തില്‍ ജയിക്കാനായത്.
ലീഗിന്റെ ഭീഷണികളെ നേരിടുന്നതിലും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും സി പി എം പ്രാദേശിക ഘടകം മുതല്‍ സംസ്ഥാന ഘടകം വരെ നല്ല പിന്തുണയാണ് നല്‍കുന്നത്. ഭീഷണി നേരിട്ട ഘട്ടങ്ങളില്‍ സംരക്ഷണം നല്‍കാനും അവര്‍ രംഗത്തു വന്നു. ഇടതു സഹയാത്രികനായി തുടരാണ് തീരുമാനം. പ്രത്യേക പാര്‍ട്ടി രൂപവത്കരണം അജന്‍ഡയിലില്ല. ഇടതു സ്വതന്ത്രന്‍മാരുടെയും മുന്നണിയിലില്ലാത്ത പാര്‍ട്ടികളുടെയും കൂട്ടായ്മ ചര്‍ച്ചയിലുണ്ട്. എന്നാല്‍ സി പി എം നിലപാട് മാനിച്ചു മാത്രമേ അതുമായി മുന്നോട്ടു പോകൂ.
ന്യൂനപക്ഷത്തെ അകറ്റുന്നതോ സംഘ്പരിവാറിനെ പിന്തുണക്കുന്നതോ ആയ ഒരു നിലപാടും സി പി എം സ്വീകരിക്കുന്നില്ല. എന്നാല്‍ മുസ്‌ലിം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതിലെ അതൃപ്തിയാണ് ചില വിര്‍ശനങ്ങള്‍ക്കു പിന്നില്‍. ഇന്ത്യയില്‍ തന്നെ ഫാസിസത്തിന്റെ വലിയ ശത്രു സി പി എമ്മും അതിന്റെ നേതാക്കളുമാണ്. ഭരണത്തിലിരിക്കുമ്പോള്‍ കൂടെനില്‍ക്കുന്നവരെ മാത്രം പരിഗണിക്കുന്ന ലീഗ് ഭരണം നഷ്ടപ്പെട്ടാല്‍ മുസ്‌ലിം സ്‌നേഹവുമായി രംഗത്തിറങ്ങുന്നത് പതിവാണ്.
കൊടുവള്ളി മണ്ഡലത്തിലെ വികസനത്തിന് ആവശ്യപ്പെട്ട പദ്ധതികളെല്ലാം അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാല് ഫ്‌ളൈ ഓവറുകള്‍, താമരശ്ശേരി, കൊടുവള്ളി ബൈപാസുകള്‍, പടനിലം, മൂനാമണ്ണില്‍ പാലങ്ങള്‍ എന്നിവക്കുള്ള നടപടികളായി. അഞ്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള ഫണ്ട് അനുവദിച്ചു.
ഓമശ്ശേരി പി എച്ച് സിയും താമരശ്ശേരി താലൂക്ക് ആശുപത്രിയും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചു. ഇതിനകം 200 കോടി രൂപയുടെ പദ്ധതികള്‍ മണ്ഡലത്തിന് ലഭിച്ചുവെന്നും എം എല്‍ എ പറഞ്ഞു. സിറാജ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അസീസ് സഖാഫി പാലൊളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി സംബന്ധിച്ചു.

---- facebook comment plugin here -----

Latest