ജി സി സി ഉച്ചകോടിക്ക് ക്ഷണം അയച്ചു; ഒന്നിച്ചിരുത്താനുള്ള ശ്രമവുമായി കുവൈത്ത്

തര്‍ക്കം പരിഹരിക്കാന്‍ തുടക്കം മുതല്‍ മധ്യസ്ഥശ്രമം നടത്തി വരുന്ന കുവൈത്ത് ഐക്യശ്രമത്തിന്റെകൂടി ഭാഗമായാണ് ജി സി സി രാഷ്ട്ര പ്രതിനിധികളെ ഒന്നിച്ചിരുത്തുക എന്ന ലക്ഷ്യത്തോടെ സമ്മിറ്റുമായി മുന്നോട്ടു പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍
Posted on: November 30, 2017 3:50 pm | Last updated: December 6, 2017 at 7:17 pm
SHARE

ദോഹ: അംഗ രാജ്യങ്ങള്‍ക്കിയില്‍ ഭിന്നത തുടരുമ്പോഴും ഡിസംബര്‍ ആദ്യവാരം നടക്കേണ്ട ജി സി സി സമ്മിറ്റുമായി കുവൈത്ത് മുന്നോട്ട്. അഞ്ചു ഗള്‍ഫ് രാജ്യങ്ങള്‍ക്കും കുവൈത്ത് അധികൃതര്‍ ക്ഷണം അയച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ അഞ്ച്, ആറ് തിയതികളിലാണ് ജി സി സി സമ്മിറ്റ് കുവെെത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

ഖത്വര്‍ ഉള്‍പ്പെടെ ആറു ഗള്‍ഫ് രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സഖ്യമാണ് ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ എന്ന ജി സി സി. ഈ വര്‍ഷം ജൂണില്‍ ഖത്വറിനെതിരെ സഊദി നേതൃതത്തില്‍ മൂന്ന് അംഗ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും അനുരഞ്ജനമാകാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജി സി സിയുടെ പ്രവര്‍ത്തനവും കുവൈത്തില്‍ നടക്കേണ്ട സമ്മിറ്റും അനിശ്ചിതത്വത്തിലായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ തുടക്കം മുതല്‍ മധ്യസ്ഥശ്രമം നടത്തി വരുന്ന കുവൈത്ത് ഐക്യശ്രമത്തിന്റെകൂടി ഭാഗമായാണ് ജി സി സി രാഷ്ട്ര പ്രതിനിധികളെ ഒന്നിച്ചിരുത്തുക എന്ന ലക്ഷ്യത്തോടെ സമ്മിറ്റുമായി മുന്നോട്ടു പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഖത്വര്‍ പങ്കെടുക്കുന്നുവെങ്കില്‍ ജി സി സി ഉച്ചകോടി ബഹിഷ്‌കരക്കുമെന്ന് കഴിഞ്ഞ മാസം ബഹ്‌റൈന്‍ പ്രഖ്യാപിച്ചിരുന്നു. ഖത്വര്‍ തങ്ങളുടെ ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അവര്‍ പങ്കെടുക്കുന്ന ജി സി സി സമ്മിറ്റിലോ മറ്റു സംയുക്ത മീറ്റിംഗുകളിലോ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഒക്‌ടോബര്‍ ഒടുവില്‍ പ്രസ്താവിച്ചത്. ഖത്വറിന്റെ സമീപനം മാറ്റണം. ആവശ്യങ്ങളോട് പ്രതികരിക്കുകയും നയങ്ങള്‍ തിരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഖത്വറുമായുള്ള പ്രതിസന്ധി തുടരുകയാണെങ്കില്‍ ജി സി സി ഇല്ലാകുമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഏത് ഒറ്റപ്പെടുത്തലുകളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഇടപടലുകളും ഗള്‍ഫിന്റെയും അതിലെ ജനതയുടെയും സുരക്ഷിതത്വം ഇല്ലാതാക്കുമെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. ഒറ്റപ്പെടുത്തലുകള്‍ക്കും തര്‍ക്കത്തിനും നേതൃത്വം കൊടുത്തവരെ ചരിത്രവും ഭാവി അറബ് സമൂഹവും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1981ലാണ് ജി സി സി രൂപവത്കൃതമായയത്. സാമ്പത്തികം, സുരക്ഷ, സംസ്‌കാരം, സാമൂഹികം എന്നീ മേഖലകളില്‍ സഹകരണം ലക്ഷ്യം വെച്ച് രൂപവത്‌രിച്ച ജി സി സി രാജ്യങ്ങളിലെ ഭരണാധാകാരികള്‍ എല്ലാ വര്‍ഷവും നടക്കുന്ന ഉച്ചകോടിയിലാണ് ഒത്തു ചേരുന്നത്.