ഓഖി ചുഴലി: തമിഴ്‌നാട്ടില്‍ നാല് മരണം; കന്യാകുമാരിയിൽ 250 മൊബെെൽ ടവറുകൾ നിലംപൊത്തി

Posted on: November 30, 2017 3:33 pm | Last updated: November 30, 2017 at 10:11 pm
SHARE

ചെന്നൈ: കനത്ത മഴയിലും ചുഴലിക്കാറ്റിലും തമിഴ്‌നാട്ടിലും വ്യാപക നഷ്ടം. ഓഖി ചുഴലിയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചു. തെക്കന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുകുടി, തിരുനല്‍വേലി, വിരുദ നഗര്‍ തുടങ്ങിയ ജില്ലകളില്‍ മഴ ശക്തമാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി തമിഴ്‌നാട്ടില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴക്ക് കാരണമായത്. തമിഴ്‌നാട്ടില്‍ ഓഖി ചുമലി 60 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്. പലയിടങ്ങളിലും വന്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി – ടെലിഫോണ്‍ ബന്ധങ്ങളും തടസ്സപ്പെട്ടു. കന്യാകുമാരിയില്‍ 250ഓളം മൊബൈല്‍ ടവറുകള്‍ കടപുഴകി വീണു.

ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകള്‍ കന്യാകുമാരിയിലേക്ക് തിരിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത 65-75 കിലോമീറ്ററായി ഉയരാന്‍ സാധ്യതയുണ്ട്. ഇന്നലെ രാത്രി ചെന്നൈയില്‍ 6 സെ.മീ മഴയാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here