Connect with us

Kerala

ഒാഖി ചുഴലി കേരള തീരത്തേക്ക്; കനത്ത മഴയിൽ സ‌ംസ്ഥാനത്ത് നാല് മരണം

Published

|

Last Updated

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ശക്തമായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും. മഴയിലും കാറ്റിലുമുണ്ടായ വിവിധ അപകടങ്ങളില്‍ സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു. ശക്തമായ ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അറ്റുത്തതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ഓഖി ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചക്ക് 12 മുതല്‍ അവധി നല്‍കി. തിരുവനന്തപുരത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി. ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. തിരുവനന്തപുരത്ത് കിള്ളിയില്‍ വൈദ്യുതി കമ്പി പൊട്ടടിവീണ് രണ്ട് പേര്‍ മരിച്ചു. കൊല്ലം തെന്മലയില്‍ ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. വിഷ്ണുവാണ് മരിച്ചത്.

11 ട്രെയിനുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. കന്യാകുമാരിയിലേക്കുള്ള രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഇടുക്കിയില്‍ വന്‍ പേമാരിയാണുണ്ടായത്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തകര്‍ന്നു. പുളിയന്മലയില്‍ 11 കെ വി ലൈന്‍ പോകുന്ന പോസ്റ്റ് ജീപ്പിന് മുകളിലേക്ക് വീണ് ഒരാള്‍ക്ക് പരുക്കേറ്റു. വിഴിഞ്ഞത്ത് മരം വീണ് സ്ത്രീക്ക് പരുക്കേറ്റു. മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു.

കന്യാകുമാരി, നാഗര്‍ കോവില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ഇവിടെ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തിലെ കടല്‍തീരത്തും മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലയില്‍ വൈകിട്ട് 6 നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക. വൈദ്യുതതടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്.
മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.