കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബ ബിസിനസല്ല; രാഹുലിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര പിസിസി സെക്രട്ടറി

Posted on: November 30, 2017 12:02 pm | Last updated: November 30, 2017 at 3:09 pm
SHARE

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര പിസിസി സെക്രട്ടറി രംഗത്ത്. രാഹുല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അധ്യക്ഷസ്ഥാനത്തേക്ക് എത്തുകയാണ് വേണ്ടതെന്ന് മഹാരാഷ്ട്ര പിസിസി സെക്രട്ടറി ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. ഒരുപക്ഷേ ശരിയായ രീതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണെങ്കില്‍ അധ്യക്ഷസ്ഥാനത്തേക്ക് താനും മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് എന്ന നിയമം കോണ്‍ഗ്രസില്‍ നടപ്പാക്കണം. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം നേതാക്കന്മാരെ തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ പേരിന്റെ കൂടെയുള്ള കുടുംബപ്പേരിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കരുത്. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി ചില കുടുംബങ്ങളുടെ മാത്രം ബിസിനസല്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു സാധാരണ പ്രവര്‍ത്തകനായി 2009ലാണ് താന്‍ പാര്‍ട്ടിയില്‍ ചേരുന്നത്. അതിന് ശേഷം തന്റെ ഊര്‍ജവും സമയവും ഉപയോഗിച്ച് നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് 2016ല്‍ തനിക്ക് സംസ്ഥാന പാര്‍ട്ടി ഘടകത്തിന്റെ സെക്രട്ടറി സ്ഥാനത്ത് എത്താനായത്. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കാനിരിക്കേയാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവിന്റെ വിമര്‍ശനം.