Connect with us

Kerala

വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം: ബസ് ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Published

|

Last Updated

കൊച്ചി: എറണാകുളം നെട്ടൂരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പൂച്ചാക്കല്‍- കലൂര്‍ റൂട്ടിലോടുന്ന മംഗല്യ ബസിന്റെ ഡ്രൈവര്‍ അജീഷ്, കണ്ടക്ടര്‍ അഭിജിത്ത്, ക്ലീനര്‍ അബു താഹിം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റിരുന്നു. നെഞ്ചത്ത് കുത്തേറ്റ അരുണ്‍ അലക്‌സ് (20), കൈക്ക് മുറിവേറ്റ അതുല്‍ (19) എന്നിവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റ് വിദ്യാര്‍ഥികളായ ജോതിഷ് (19), ജോഷി (18), അഭിജിത് (20), വിഷ്ണു രാജ് (19), ഗോകുല്‍ (19), ഗൗതം കൃഷ്ണ (19) എന്നിവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് പതിവായി വിദ്യാര്‍ഥികളെ കയറ്റാറില്ലെന്നും സ്റ്റോപ്പില്‍ നിര്‍ത്താനായി കൈ കാണിച്ചാല്‍ നിര്‍ത്താറില്ലെന്നും ജീവനക്കാര്‍ അസഭ്യം പറയാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിനെതിരെ ഇന്നലെ വൈകുന്നേരം സംഘടിച്ചെത്തിയ വിദ്യാര്‍ഥികള്‍ മംഗല്യ ബസ് സ്റ്റോപ്പില്‍ തടഞ്ഞിട്ട് ചോദ്യം ചെയ്തു. ഇതില്‍ ക്ഷുഭിതരായ ബസ് ജീവനക്കാര്‍ കത്രിക, പേനാ കത്തി, ഇരുമ്പ് കമ്പി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു. രംഗം വഷളായതോടെ നാട്ടുകാര്‍ ഇടപ്പെട്ട് ജീവനക്കാരെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

Latest