രചനാത്മക ജീവിതം ധന്യമാക്കി മര്‍കസ്

Posted on: November 30, 2017 8:08 am | Last updated: November 30, 2017 at 12:03 am

കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ ധൈഷണിക സാന്നിധ്യമായാണ് ഞാന്‍ മര്‍കസിനെ കാണുന്നത്. ഞാന്‍ മര്‍കസില്‍ അപൂര്‍വമായിട്ടേ വന്നിട്ടുള്ളൂ. പക്ഷേ അവിടുന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെ പല മേഖലകളിലും വെച്ച് കണ്ടിട്ടുണ്ട്. അവരുമായി സംവദിക്കാറുമുണ്ട്. അവരൊക്കെ ധൈഷണിക ഔന്നത്യം പുലര്‍ത്തുന്നവരായാണ് ഞാന്‍ മനസ്സിലാക്കിയത്.

മര്‍കസ് തീര്‍ച്ചയായും ഒരു പരിധി വരെ ഗ്ലോബല്‍ വിഷന്‍ സാധ്യമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം, അറബി, ഉറുദു ഇത്തരം ഭാഷകളിലൊക്കെ പ്രാവീണ്യം നേടുകയും, മത-ഇസ്‌ലാമിക ദൈവശാസ്ത്ര ചരിത്ര വിഷയങ്ങള്‍ക്കൊപ്പം പൊതു വിഷയങ്ങളില്‍ രാഷ്ട്രമീംമാസയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലുമൊക്കെ ബിരുദമെടുത്തുകൊണ്ടാണ് മര്‍കസില്‍ നിന്നും പുറത്തിറങ്ങുന്ന .ഓരോ വിദ്യാര്‍ത്ഥിയും ജീവിതത്തെ നിര്‍വചിക്കുന്നത്.

എന്റെ വളരെ നല്ല വായനക്കാരില്‍ മര്‍കസ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്. ഞാനൊരിക്കല്‍ പ്രഭാഷണത്തിനായി മര്‍കസിലെത്തി. പ്രഭാഷണത്തിനിടക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇംഗ്ലീഷ് എഴുത്തുകാരനും ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസിയുമായി ജീവിക്കുന്ന വിശ്വവിഖ്യാത നോവലിസ്റ്റ് ഖാലിദ് ഹുസൈന്റെ രചനാ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ നോവലിനെ സംബന്ധിച്ചും പറഞ്ഞു. അര്‍ത്ഥപൂര്‍ണമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ചത്.
ഒരിക്കല്‍ എന്റെ ഫേസ്ബുക്കിലെ ഇന്‍ബോക്‌സിലേക്ക് ഒരു ദൃശ്യം മര്‍കസിലെ ഒരു വിദ്യാര്‍ത്ഥി അയച്ചു തന്നു ഖാലിദ് ഹുസൈന്റെ നോവല്‍ വായിച്ചിരിക്കുന്ന ഫോട്ടോഗ്രാഫായിരുന്നു അത്. ഈ തരത്തിലുള്ള സര്‍ഗാത്മകമായ ഒരിടപെടല്‍ മര്‍കസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈശുഭവേളയില്‍ രാജ്യത്തിന്റെ മതേതര ഭൂമികക്ക് നിര്‍മാണാത്മകമായ നന്മയാര്‍ന്ന സംഭാവനകള്‍ ഇനിയും മര്‍കസിന് സമര്‍പ്പിക്കാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു.