Connect with us

Ongoing News

ബി ജെ പിയുടെ 'നില' വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ പുറത്ത്‌

Published

|

Last Updated

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിടുന്ന കനത്ത വെല്ലുവിളി വ്യക്തമാക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഫോണ്‍ കോള്‍ ഓഡിയോ ക്ലിപ്പ് പുറത്തായി. ഗുജറാത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ ബി ജെ പിയുടെ അടിത്തറ ഇളകിയെന്ന പ്രചാരണങ്ങള്‍ ശരിവെക്കുന്നതാണ് പുറത്തു വന്ന ഓഡിയോ ക്ലിപ്പ്. നാഷനല്‍ ഹെറാള്‍ഡ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

രാജ്യത്തെ ജൈന മതക്കാരനായ ഏക മുഖ്യമന്ത്രിയാണ് താനെന്നും എന്നിട്ടും ജൈന സമുദായം തന്നെ പിന്തുണക്കുന്നില്ലെന്നും അഞ്ച് ശതമാനം മാത്രമുള്ള സമുദായത്തില്‍ നിന്നാണ് തന്നെ മുഖ്യമന്ത്രിയാക്കുന്നതെന്നും വിജയ് രൂപാനി പറയുന്നുണ്ട്. സുരേന്ദ്ര നഗറിലുള്ള ബി ജെ പി പ്രവര്‍ത്തകനായ നരേഷ് സംഗീതത്തോടാണ് വിജയ് രൂപാനി സംസാരിക്കുന്നത്.

സുരേന്ദ്ര നഗറിലുള്ള ജൈന സമുദായത്തിന്റെ വോട്ട് ബി ജെ പി ക്ക് കിട്ടാനുള്ള സാധ്യത കുറവാണ്. നമ്മുടെ സ്ഥിതി മോശമാണ്. എന്റെ സ്ഥിതി അതിനേക്കാള്‍ ക്ഷീണമാണ്. നമുക്ക് നമ്മുടെ ഫോമിലേക്ക് തിരിച്ചു വരണം തുടങ്ങിയ പരാമര്‍ശങ്ങളാണ് പുറത്തു വന്ന ഓഡിയോ ക്ലിപ്പിലുള്ളത്. അതേസമയം, പശ്ചിമ രാജ്‌കോട്ടില്‍ കോണ്‍ഗ്രസിലെ ഇന്ദ്രാണി രാജ്ഗുരുവിനോട് കനത്ത മത്സരം നടക്കുന്നതിനാല്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ വിജയ് രൂപാനി ശ്രമം നടത്തിയിരുന്നെങ്കിലും ബി ജെ പി ഇതിന് അനുമതി നല്‍കിയിരുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിലും മറ്റും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ബി ജെ പിയില്‍ ചേര്‍ന്നവര്‍ക്ക് ടിക്കറ്റ് നല്‍കിയതും ഒപ്പം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പട്ടേല്‍ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സീറ്റുകള്‍ നല്‍കേണ്ടി വന്നതിനെ തുടര്‍ന്നുമാണ് രൂപാനിയുടെ നീക്കത്തിന് പാര്‍ട്ടി തടയിട്ടത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest