മാര്‍പ്പാപ്പ പറഞ്ഞതും പറയാത്തതും

Posted on: November 30, 2017 6:00 am | Last updated: November 29, 2017 at 11:48 pm
SHARE

മാര്‍പ്പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തെ വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ കണ്ടത്. അതിന്റെ പ്രധാന കാരണം പോപ്പ് ഫ്രാന്‍സിസ് ലോകത്താകെയുള്ള വിവിധ പ്രശ്‌നങ്ങളില്‍ കൈകൊണ്ട നിലപാടുകളും നടത്തിയിട്ടുള്ള പ്രതികരണങ്ങളുമാണ്. മ്യാന്‍മറില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആ രാജ്യത്തെ ലോകത്തിന് മുന്നില്‍ തലകുനിച്ച് നിര്‍ത്തുന്ന കൂട്ടക്കൊലയും ആട്ടിയോടിക്കലും വംശീയ ഉന്‍മൂലന ആക്രമണങ്ങളും കണ്ടില്ലെന്ന് വെക്കാന്‍ പോപ്പിനാകില്ല. റാഖിനെ പ്രവിശ്യയിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ, സമാധാനത്തിന്റെ മതമെന്ന് ഖ്യാതി കൊണ്ട ബുദ്ധമതത്തിന്റെ അനുയായികള്‍ സൈന്യത്തിന്റെ പിന്തുണയോടെ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങളെ അപലപിക്കാതെ പോപ്പിന് അവിടെ നിന്ന് മടങ്ങാനുമാകില്ല. ഈ പ്രതീക്ഷകളാണ് പോപ്പ് ഫ്രാന്‍സിസ് മ്യാന്‍മറില്‍ എന്ത് പറയുമെന്ന് കാതു കൂര്‍പ്പിക്കാന്‍ മനുഷ്യസ്‌നേഹികളെ പ്രേരിപ്പിച്ചത്.

അദ്ദേഹം പ്രതീക്ഷ ഭാഗികമായി കാത്തുവെന്ന് തന്നെ പറയാം. തുറന്ന് പറയുകയെന്ന പതിവ് പുറത്തെടുത്തില്ലെങ്കിലും സമാധാനത്തിന്റെ നൊബേല്‍ ജേതാവായ ആംഗ് സാന്‍ സൂക്കി ഭരണസാരഥ്യം വഹിക്കുന്ന മ്യാന്‍മറില്‍ വംശീയമായ സ്പര്‍ധ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞുവെച്ചു പോപ്പ്. മ്യാന്മറിന്റെ ഭാവി സമാധാന പൂര്‍ണമാകണമെങ്കില്‍ സമൂഹത്തിലെ ഓരോ അംഗത്തിന്റെയും അന്തസ്സിനും അവകാശത്തിനും വേണ്ടി സര്‍ക്കാര്‍ നിലകൊള്ളണമെന്നും ഓരോ വിഭാഗങ്ങളുടെയും അസ്തിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ജനാധിപത്യപരമായി പെരുമാറുകയും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ഈ ഉപദേശത്തില്‍ വിമര്‍ശനത്തിന്റെ പ്രഹരം പോപ്പ് സൂക്ഷിക്കുന്നുണ്ട്. അത്രയും ആശ്വാസകരമാണ്. സ്വാഗതാര്‍ഹവും.
എന്നാല്‍, അദ്ദേഹം മ്യാന്‍മറിന്റെ മണ്ണില്‍ കാലൂന്നി നില്‍ക്കുമ്പോള്‍ സാമാന്യവത്കരണത്തിന്റെ നയതന്ത്രത്തിലേക്ക് കൂപ്പു കുത്തുന്നുവെന്നത് അങ്ങേയറ്റം നിരാശാജനകമാണ്. റോഹിംഗ്യ എന്ന പദം ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ല. റാഖിനെ എന്ന പ്രവിശ്യയെ കുറിച്ചും അദ്ദേഹം മിണ്ടിയില്ല. ബുദ്ധമതത്തിന്റെ പേരില്‍ അഴിഞ്ഞാടുന്ന തീവ്രവാദികളെയും അദ്ദേഹം നേരിട്ട് അപലപിച്ചില്ല. സ്ത്രീകളെ ബലാത്സംഗം ചെയ്തും കുട്ടികളെ തീയിലെറിഞ്ഞും സംഹാര താണ്ഡവമാടുന്ന സൈനികരെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചില്ല. കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം 6,20,000 പേര്‍ പലായനം ചെയ്ത മണ്ണില്‍ നില്‍ക്കുമ്പോഴാണ് പോപ്പ് ഇങ്ങനെ നിസ്സഹായനായത്. മുസ്‌ലിംകളായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ആയിരക്കണക്കിന് മനുഷ്യര്‍ പതിറ്റാണ്ടുകളായി ആട്ടിയോടിക്കല്‍ അനുഭവിക്കുകയാണ് റാഖിനെയില്‍. അവര്‍ക്ക് പൗരത്വമില്ല. ഭരണകൂടത്തിന്റെ ഒരു പരിരക്ഷയുമില്ല. അവര്‍ കടലില്‍ അലയുന്നു. അവര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ആര്‍ക്കും വേണ്ടാത്തവരായി കഴിയുകയാണ്.

ലോകാംഗീകൃതമായ നിരവധി ഏജന്‍സികള്‍ പലതവണ പഠനം നടത്തി പുറത്ത് കൊണ്ടു വന്ന ദുഃഖസത്യങ്ങളാണ് ഇവ. എന്നിട്ടും റോഹിംഗ്യകളെ പേരെടുത്ത് പരാമര്‍ശിക്കാന്‍ പോപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണ്?
ചുരുങ്ങിയത് രണ്ട് സമ്മര്‍ദങ്ങള്‍ അദ്ദേഹത്തെ വരിഞ്ഞു മുറുക്കിയെന്ന് കാണാനാകും. ഒന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ തന്നെയാണ്. അവിടെ വരുന്ന ഏത് നേതാവിനും മുമ്പില്‍ അവര്‍ ആദ്യം വെക്കുന്ന നിബന്ധനയാണ് റോഹിംഗ്യ എന്ന പദം ഉപയോഗിക്കരുത് എന്നത്. ഈ പേര് മാത്രമാണ് ഇവര്‍ക്ക് ഇന്ന് സ്വന്തമായുള്ളത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെന്ന് മുദ്ര കുത്തപ്പെട്ട ഈ മനുഷ്യര്‍ അവര്‍ വസിക്കുന്ന നാട്ടിലെ പരമ്പരാഗത നിവാസികളാണെന്ന് വ്യക്തമാക്കുന്ന പേരാണ് അത്. പുരാതന ഭാഷയെ കുറിക്കുന്നു ഈ നാമം. വിദേശ പ്രതിനിധികള്‍ ആ പേര് ഉപയോഗിക്കുമ്പോള്‍ അത്രയെങ്കിലും ഈ മനുഷ്യരുടെ അസ്തിത്വം അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.
മ്യാന്‍മര്‍ സര്‍ക്കാര്‍ ഈ നാമനിരോധനം നടത്തുന്നത് ഇതാദ്യമല്ല. 2012ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇങ്ങനെ വായിക്കാം: ‘ഈ സര്‍ക്കാര്‍ റോഹിംഗ്യ എന്ന പദം അംഗീകരിക്കില്ല. ബംഗാളികള്‍ ആ പദം ഉപയോഗിക്കുന്നുണ്ട്. അത്തരം തെറ്റായ പ്രയോഗങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം’ 2014ല്‍ റാഖിനെയിലെ മുസ്‌ലിം കുട്ടികള്‍ക്കായി യൂനിസെഫ് സാമ്പത്തിക സഹായം അനുവദിച്ചപ്പോള്‍ അത് സംബന്ധിച്ച രേഖകളില്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ എന്ന പ്രയോഗം നടത്തിയിരുന്നു. മ്യാന്‍മര്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ പ്രതിഷേധിച്ചു. യുനിസെഫിന് ക്ഷമ പറയേണ്ടി വന്നു. 2015 മെയില്‍ തായ്‌ലാന്‍ഡില്‍ അഭയാര്‍ഥി വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം നടന്നു. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മുങ്ങുകയും വലിയ മാനുഷിക പ്രശ്‌നമായി അത് മാറുകയും ചെയ്തപ്പോഴായിരുന്നു സമ്മേളനം. സമ്മേളനത്തിന്റെ ക്ഷണക്കത്തില്‍ റോഹിംഗ്യാ എന്ന് എഴുതിയത് കൊണ്ട് മാത്രം മ്യാന്‍മര്‍ ഉപ വിദേശകാര്യ മന്ത്രി താന്ത് ക്യോ ഉച്ചകോടി ബഹിഷ്‌കരിച്ചു. സൂക്കി വന്നിട്ടും ഈ നിലക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പോപ്പിന്റെ മൗനം.
മറ്റൊരു സമ്മര്‍ദം മ്യാന്‍മറിലെ കത്തോലിക്കാ ന്യൂനപക്ഷ സമൂഹത്തില്‍ നിന്ന് തന്നെയാണ്. അവര്‍ ന്യൂനപക്ഷത്തിന്റെ ഭയവിഹ്വലതയിലാണ്. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാതെ അവര്‍ക്കവിടെ കഴിഞ്ഞു കൂടാനാകാത്തതിനാല്‍ റോഹിംഗ്യാ എന്ന പദം വിട്ടുകളയണമെന്ന് അവര്‍ പോപ്പിനെ ചട്ടം കെട്ടി.

ഒരു ജനതയെ അവരുടെ ചരിത്രത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും ആട്ടിയോടിക്കുമ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാതെ വരുന്നത് അങ്ങേയറ്റത്തെ ഫാസിസമാണ്. ഈ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടു മാത്രമേ മനുഷ്യാവകാശത്തെ കുറിച്ചുള്ള ലോകത്തിന്റെ കരുതല്‍ നിലനില്‍ക്കുകയുള്ളൂ.