ചരിത്രത്തിലെ സുഹൈല്‍, വര്‍ത്തമാനത്തിലെ അശോകന്‍

Posted on: November 30, 2017 6:43 am | Last updated: November 29, 2017 at 11:46 pm

വര്‍ത്തമാനത്തിലെ ഹാദിയക്ക് ചരിത്രത്തില്‍ നിന്ന് ഒരു മുന്‍ഗാമി അബൂജന്‍ദല്‍(റ). രണ്ട് പേരുടെയും ചരിത്രത്തിനു സമാനതകള്‍ ഏറെ. രണ്ട് പേരുടെയും കേസ് മതംമാറ്റം, കുടുംബങ്ങള്‍ മക്കളുടെ മതംമാറ്റം അംഗീകരിക്കാന്‍ തയ്യാറല്ല. രണ്ട് കേസിലും സമൂഹം രണ്ട് ചേരിയില്‍. വ്യത്യാസം കാലത്തില്‍ മാത്രം. ഒന്ന് ഏഴാം നൂറ്റാണ്ടിലാണെങ്കില്‍ മറ്റേത് ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍, പ്രാകൃത കാലവും പരിഷ്‌കൃത കാലവും തമ്മില്‍…!

കഥയിലെ വില്ലന്മാര്‍ അബൂ ജന്‍ദലിന്റെ പിതാവ് സുഹൈല്‍, ഹാദിയയുടെ പിതാവ് അശോകന്‍. രണ്ട് പേര്‍ക്കും ഒരേ ദുരഭിമാനം. ഒന്ന് പ്രാകൃതമായിരുന്നെങ്കില്‍ മറ്റേത് പരിഷ്‌കൃതം.

ഇനി ചരിത്രം

ഖുറൈശികളുടെ അതിക്രമം സഹിക്കവയ്യാതെ നബി(സ)യും അനുചരന്മാരും മദീനയിലേക്ക് നാടുവിടുന്നു. ആറ് വര്‍ഷത്തെ വിപ്രവാസത്തിനു ശേഷം ഉംറക്കും ജന്മദേശം കാണുന്നതിനും അഞ്ഞൂറില്‍പ്പരം അനുചരന്മാര്‍ക്കൊപ്പം നബി(സ) മക്കയിലേക്കു പുറപ്പെട്ടു. നഗരത്തിന് പുറത്ത് ഹുദൈബിയ്യയില്‍ ഖുറൈശികള്‍ നബി(സ)യെ തടഞ്ഞു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ചരിത്രപ്രസിദ്ധമായ ഹുദൈബിയ്യാ സന്ധിക്ക് അരങ്ങൊരുങ്ങുകയാണ്.
അപ്പോഴാണ് അലറിക്കരഞ്ഞുകൊണ്ട് ഒരാള്‍ ഓടിവരുന്നത്, അബൂ ജന്‍ദല്‍.
‘മുസലിംകളേ..! എന്നെ രക്ഷിക്കണം..! ഞാന്‍ മുസ്‌ലിമാണ്, കുടുംബം എന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്, അവരെന്നെ പീഡിപ്പിക്കുകയാണ്, എനിക്ക് സ്വാതന്ത്ര്യം വേണം, മുസ്‌ലികള്‍ക്കൊപ്പം കഴിയണം, മദീനയിലേക്ക് വരണം….’!
അയാളുടെ കാലില്‍ ചങ്ങലയുണ്ടായിരുന്നു, ദേഹത്തെ മുറിവും ചതവും വ്രണങ്ങളായി രൂപപ്പെട്ടിരുന്നു.

അയാള്‍ മുസ്‌ലിം പക്ഷത്ത് സുരക്ഷിതനായി ചെന്നു നിന്നു.
ഖുറൈശിപക്ഷത്ത് ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നത് ഖുറൈശി പ്രമുഖന്‍ സുഹൈല്‍ ആണ്. സുഹൈലിന്റെ മകനാണ് ഈ സങ്കട കക്ഷി. സുഹൈല്‍ ഇടപെട്ടു:
‘ഇത് അനുവദിക്കില്ല, ഇവന്‍ എന്റെ മകനാണ്. എന്റെ മകനെ എനിക്ക് വിട്ടുതരണം’.
മുസ്‌ലിംകളും വിട്ടുകൊടുത്തില്ല;
‘അബൂജന്‍ദല്‍ നേരത്തെ മുസ്‌ലിമായ ആളാണ്, ഇയാളെ ഞങ്ങള്‍ക്ക് വിട്ടുതരണം…’ തര്‍ക്കം മൂത്തു വഴക്കിന്റെ വക്കിലെത്തി.

‘മക്കയില്‍ നിന്ന് ആരെങ്കിലും മുസ്‌ലിമായി മദീനയില്‍ ചെന്നാല്‍ സ്വീകരിക്കാന്‍ പാടില്ല; എന്നാല്‍ ഇസ്‌ലാം ഉപേക്ഷിച്ച് ആരെങ്കിലും മക്കയില്‍ അഭയം തേടിച്ചെന്നാല്‍ ഖുറൈശികള്‍ക്ക് അവരെ സ്വീകരിക്കാം’ തയ്യാറായിക്കൊണ്ടിരിക്കുന്ന കരാറില്‍ തീര്‍ത്തും ഏകപക്ഷീയം എന്ന് തോന്നാവുന്ന ഇങ്ങനെ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. ഇതടക്കം കരാറിലെ പല വ്യവസ്ഥകളും മുസ്‌ലികള്‍ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. അവര്‍ക്കിടയില്‍ അസ്വസ്ഥത പുകയുന്നതിനിടയിലാണ് അബൂജന്‍ദലിന്റെ വരവ്.
‘കരാര്‍ ഒപ്പുവെച്ചിട്ടില്ലല്ലോ…’
അബൂജന്‍ദലിന്റെ ദൈന്യത കണ്ടു മനസ്സലിഞ്ഞ നബി(സ) പറഞ്ഞുനോക്കി.
സുഹൈല്‍ ചൊടിച്ചു, ഒപ്പിട്ടിട്ടില്ലെങ്കിലും കരാറായല്ലോ, മുസ്‌ലിംകളുടെ നിലപാട് അംഗീകരിക്കാനാവില്ല, അയാള്‍ എഴുന്നേറ്റു:
‘എന്നാല്‍ ഞങ്ങള്‍ ഒരു കരാറിനുമില്ല…’!

ഒരു വശത്ത് അബൂജന്‍ദലിന്റെ വിലാപവും അനുചരന്മാരുടെ കടുത്ത അതൃപ്തിയും… മറുവശത്ത് ഖുറൈശികളുടെ ശാഠ്യം.
എന്തു വില കൊടുത്തും കരാര്‍ ഒപ്പിടണം എന്ന ഉറച്ച നിലപാടിലായിരുന്നു നബി(സ). കാരണം, കഴിഞ്ഞ ആറ് വര്‍ഷമായി മദീന സംഘര്‍ഷങ്ങളുടെ നടുവിലാണ്. ബദ്‌റ്, ഉഹ്ദ്, ബിര്‍മഊന…ഉണങ്ങാത്ത ചോരച്ചാലുകള്‍, വമ്പിച്ച സാമ്പത്തിക നഷ്ടങ്ങള്‍, ആള്‍ നഷ്ടം, അരക്ഷിതാവസ്ഥ… പത്ത് വര്‍ഷത്തേക്ക് യുദ്ധം പാടില്ലെന്ന സുപ്രധാനമായ ഒരു ധാരണ ഈ കരാറിലുണ്ട്. അതിലായിരുന്നു നബി(സ)യുടെ കണ്ണ്. മദീനക്കു സ്വാസ്ഥ്യം വേണം ഉണ്ടായേ പറ്റൂ.

നബി(സ) അബൂജന്‍ദലിന്റെ അടുത്ത് ചെന്ന് ആശ്വസിപ്പിച്ചു:
‘ക്ഷമിക്കുക, താങ്കള്‍ക്ക് അല്ലാഹു മോചനം നല്‍കും…’!
ഖുറൈശികള്‍ അബൂജന്‍ദല്‍(റ)നെ വലിച്ചിഴച്ചു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വിലാപം വിശ്വാസികളുടെ സങ്കടമായി. രണശൂരരായ അനുചരന്മാര്‍ കടിച്ചു പിടിച്ച് സഹിച്ചു. അങ്ങനെ ചരിത്രപ്രസിദ്ധമായ ഹുദൈബിയ്യാ കരാര്‍ ഒപ്പിട്ടു.
വൈകാതെ അബൂജന്‍ദല്‍(റ) തടവു ചാടി രക്ഷപ്പെട്ട് മദീനയിലെത്തി. മദീനക്ക് അദ്ദേഹത്തെ സ്വീകരിക്കാന്‍ കഴിയില്ലായിരുന്നു. ഹബീബ്(സ) കാത്തിരിക്കാന്‍ അദ്ദേഹത്തെ ഉപദേശിച്ചു, നല്ലവാക്കുകള്‍ പറഞ്ഞു മടക്കി അയച്ചു.
അദ്ദേഹം മക്കയിലേക്ക് പോയില്ല, മരുഭൂമിയില്‍ തമ്പടിച്ചു. ഇത്തരത്തില്‍ മക്കക്കും മദീനക്കും ഇടയില്‍ കുടുങ്ങിപ്പോയ സങ്കട കക്ഷികളെ സംഘടിപ്പിച്ചു. വളരെവേഗം ഇതൊരു ചെറു ശക്തിയായി മാറി. ഈ സംഘം മക്കക്കു ഭീഷണിയായി. കച്ചവട സംഘങ്ങളെയും ആട്ടിടയന്മാരെയും ഇവര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. ഇവരെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ഖുറൈശികള്‍ മദീനയില്‍ ചെന്ന് പരാതിപ്പെട്ടു. ഹബീബ്(സ) കൈമലര്‍ത്തി: ‘കരാര്‍ വ്യവസ്ഥകള്‍ പ്രകാരം മദീന പ്രവര്‍ത്തിച്ചിട്ടുണ്ട് മരുഭൂമിയിലെ കാര്യം നോക്കാന്‍ ഞാന്‍ ആളല്ല’.സംഘം നിരാശരായി മടങ്ങി.

വിശ്വാസത്തിന്റെ പേരില്‍ ഖുറൈശികള്‍
തടഞ്ഞുവെച്ച നിരപരാധികള്‍ ഒന്നൊന്നായി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവര്‍ മരുഭൂമിയിലെ സ്വതന്ത്ര സംഘത്തില്‍ ചെന്നു ചേര്‍ന്നു. ഒടുവില്‍ ഇവരെക്കൊണ്ട് മക്കയുടെ ഉറക്കം നഷ്ടമായി. ഖുറൈശികള്‍ വീണ്ടും ദൗത്യസംഘത്തെ മദീനയിലേക്കയച്ചു. കരാറിലെ പൊല്ലാപ്പു പിടിച്ച ആ വ്യവസ്ഥ ഒഴിവാക്കിത്തരണം എന്നായിരുന്നു ആവശ്യം.
തിരുമുഖത്ത് ഒരു ചെറുപുഞ്ചിരി തത്തിക്കളിച്ചു… ഇങ്ങനെ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു അവിടുന്ന് കാത്തിരുന്നത് ഖുറൈ ശികളുടെ ആവശ്യം നബി(സ) അംഗീകരിച്ചു.

മക്കയില്‍ നിന്നും ഒരാള്‍ ഇസ്‌ലാം സ്വീകരിച്ച് മദീനയില്‍ ചെന്നാല്‍ സ്വീകരിക്കാന്‍ പാടില്ലെന്നും മറിച്ച് ഇസ്‌ലാം ഉപേക്ഷിച്ച് ഒരാള്‍ മക്കയില്‍ ചെന്നാല്‍ സ്വീകരിക്കാം എന്നുമായിരുന്നല്ലോ വ്യവസ്ഥ. തീര്‍ത്തും ഏകപക്ഷീയമെന്നും പ്രകോപനപരമെന്നും തോന്നാവുന്ന ഈ വ്യവസ്ഥ അംഗീകരിക്കുമ്പോള്‍ തന്നെ ഹബീബ് (സ) ഈ കാഴ്ച കണ്ടതാണ്. അതായത് സത്യവിശ്വാസം ഒരാള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ അയാളെ പിന്തിരിപ്പിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല; മര്‍ദനങ്ങള്‍ക്കോ തടവറകള്‍ക്കോ വിശ്വാസത്തെ മറികടക്കാനാവില്ല. എവിടെ കൊണ്ടു തള്ളിയാലും അവര്‍ മുസ്‌ലിമായിരിക്കും. മ്യാന്‍മറില്‍ നിന്നുള്ള വാര്‍ത്തകള്‍ നാം കാണുന്നുണ്ടല്ലോ. അതേസമയം, ഒരാള്‍ ഇസ് ലാം ഉപേക്ഷിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ അയാളെ പിടിച്ചുവെച്ചിട്ട് ഇസ്‌ലാമിനു യാതൊരു കാര്യവുമില്ല; കാരണം വിശ്വാസം മനസ്സിലാണ്.
ഉദുമയിലെ ആതിര ആഇശയാവുകയും പിന്നീട് തിരികെ ആതിര തന്നെ ആവുകയും ചെയ്തപ്പോഴും തലശ്ശേരിയിലെ റാഹില റാഹില അല്ലാതായപ്പോഴും ഇസ്‌ലാമിന് വിശേഷിച്ചൊന്നുമില്ല, അഖില ഹാദിയയായി എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിക്കുമ്പോഴും ഇതു തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്.

ഹാദിയയുടെ അച്ഛനമ്മമാര്‍ ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ല. ആ അമ്മയുടെ സങ്കടങ്ങള്‍ക്കും കണ്ണീരിനും വലിയ വിലയുണ്ട്. അമ്മക്കും മകള്‍ക്കും ഇടയില്‍ ഇസ്‌ലാം ഒരു മറയും മതിലും പണിയുന്നില്ല. നിങ്ങളുടെ മകള്‍ ഇതുവരെ എങ്ങനെയായിരുന്നോ ഇനിയും അങ്ങനെ തന്നെയാണ്. മത വിശ്വാസം മാതൃത്വത്തെയോ പിതൃത്വത്തെയോ നിരാകരിക്കുന്നേയില്ല. എന്നല്ല; അത് എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തുടരുകയും ചെയ്യാം. വിശ്വാസം മാറിയ എത്രയോ മക്കളും മാതാപിതാക്കളും നമുക്കിടയില്‍ കഴിയുന്നുണ്ട്, ഒറ്റ കൂരക്കു കീഴില്‍ കഴിയുന്നവരും ഉണ്ട്. വര്‍ത്തമാനം ഇതാണ്, ചരിത്രവും ഇതാണ്. ഇതാ അസ്മാബീവിയുടെ ചരിത്രം.
അസ്മാബീവി ഇസ്‌ലാം വിശ്വസിച്ചപ്പോള്‍ അവരുടെ മാതാവ് വിശ്വസിച്ചില്ല, ഇരുവരും വേറിട്ടു ജീവിച്ചു. ഒരിക്കല്‍ പിണക്കം മറന്ന് ചില പാരിതോഷികങ്ങളുമായി അസ്മയുടെ മാതാവ് മകളെ കാണാന്‍ വന്നു. ബീവി നബിയുടെ അടുത്തെത്തി വിവരം പറഞ്ഞു. മാതാവിനെ സ്വീകരിക്കാനും പരിചരിക്കാനും അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ സ്വീകരിക്കാനും അവിടുന്ന് അനുവദിച്ചു, അവരോട് മാന്യമായി പെരുമാറാനും കല്‍പ്പിച്ചു. മറ്റൊരിക്കല്‍ എന്തോ സഹായം ആവശ്യപ്പെട്ടു കൊണ്ട് അവര്‍ വന്നു. അപ്പോഴും നബി(സ) അനുവദിച്ചു. മതത്തിന്റെ കാര്യത്തില്‍ അവരെ അനുസരിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു. ഇതാണ് ഇസ്‌ലാമിന്റെ നയം.