ജനപ്രീതി നേടിയ ഭരണകര്‍ത്താവ്

Posted on: November 30, 2017 6:28 am | Last updated: November 29, 2017 at 11:43 pm

ഭരണതലത്തിലുളള ഇടപെടലുകളിലൂടെ ജനപ്രീതി നേടിയ ഭരണകര്‍ത്താവായിരുന്നു ഇ ചന്ദ്രശേഖരന്‍ നായര്‍. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളുടെയും കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റംവരുത്തിയ ഭക്ഷ്യമന്ത്രിയും ചന്ദ്രശേഖരന്‍ നായരായിരുന്നു. കമ്മീഷനിലെയും ഫോറങ്ങളിലെയും നിയമനത്തിന് മാനദണ്ഡം കൊണ്ടുവന്നു. ഫോറങ്ങളുടെ ചെയര്‍മാന്മാരായി ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്നത് നിര്‍ബന്ധമാക്കി. കമ്മീഷനിലെയും ഫോറങ്ങളിലെയും അംഗങ്ങള്‍ക്ക് നിശ്ചിത യോഗ്യത കര്‍ശനമാക്കി. കമ്മീഷനിലെയും ഫോറങ്ങളിലെയും അംഗങ്ങള്‍ക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നടപ്പില്‍ വരുത്തി. കമ്മീഷന്റെ ആസ്ഥാനമന്ദിരം തലസ്ഥാനത്ത് ആരംഭിച്ചു. റേഷന്‍ വ്യാപാരികള്‍ക്കായി ക്ഷേമനിധി ആരംഭിച്ചതും ചന്ദ്രശേഖരന്‍ നായരുടെ കാലത്തായിരുന്നു.

ഭവനനിര്‍മാണ മന്ത്രി എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പാര്‍പ്പിട പദ്ധതിക്ക് 1980ല്‍ രൂപം നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വാടക പാര്‍പ്പിട സമുച്ചയങ്ങള്‍ വ്യാപകമാക്കി. തിരുവനന്തപുരത്ത് പൂജപ്പുര രാജീവ് നഗര്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് ആരംഭിച്ചത് ഇ ചന്ദ്രശേഖരന്‍ നായര്‍ ഭവന നിര്‍മാണ മന്ത്രിയായിരുന്നപ്പോഴാണ്.
ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമനിധി ആരംഭിച്ചതും 1996ല്‍ ചന്ദ്രശേഖരന്‍ നായര്‍ മന്ത്രി ആയിരുന്നപ്പോഴാണ്. ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു. കന്നുകാലി പ്രജനന നയം ആവിഷ്‌കരിച്ചു. തൃശൂര്‍ ജില്ലയിലെ കല്ലേറ്റിന്‍കരയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കാലിത്തീറ്റ ഫാക്ടറി ആരംഭിച്ചു. കൂത്താട്ടുകുളത്ത് പൂട്ടിക്കിടന്ന മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുറന്ന് പ്രവര്‍ത്തനക്ഷമമാക്കി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഭടന്‍മാര്‍ക്ക് ടിന്നില്‍ അടച്ച മാംസ്യാഹാരം നേരിട്ട് എത്തിച്ചിരുന്നത് മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ആയിരുന്നു. അതിന് പ്രതിരോധ മന്ത്രാലയവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു.
നിയമമന്ത്രി എന്ന നിലയില്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ വക്കീലന്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു.
വിനോദസഞ്ചാര വികസനമേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം ഏറെ മുന്നിലെത്തിയത് ഇ ചന്ദ്രശേഖരന്‍ നായര്‍ മന്ത്രിയായിരുന്നപ്പോഴാണ്. കേരള ടൂറിസം മാര്‍ട്ടിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. കേരളത്തെ ഒരു ഇക്കോ ടൂറിസം ഡെസ്റ്റിനേഷനാക്കി തീര്‍ത്തതും ഇക്കോ ടൂറിസത്തിന് പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിച്ചതും ചന്ദ്രശേഖരന്‍ നായരാണ്. തെന്‍മല ഇക്കോടൂറിസം പദ്ധതിക്കു തുടക്കമിട്ടു. പൊതുമേഖലയില്‍ സമയബന്ധിതമായി ഒരു നക്ഷത്ര ഹോട്ടല്‍ പണികഴിപ്പിച്ചതും ചന്ദ്രശേഖരന്‍ നായരുടെ കാലത്താണ്. മൂന്നാറിലെ ടീ കൗണ്ടി 16 മാസം കൊണ്ടാണ് പണിപൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. മസ്‌കറ്റ് ഹോട്ടലിനെ പഞ്ചനക്ഷത്ര ഡീലക്‌സ് പദവിയിലേക്ക് ഉയര്‍ത്തി നവീകരണത്തിന് തുടക്കം കുറിച്ചു. വിനോദസഞ്ചാര വികസന കോര്‍പറേഷന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരത്തിനും തുടക്കമിട്ടു. മുടങ്ങിക്കിടന്ന ബേക്കല്‍ ടൂറിസം പദ്ധതി പുനരാരംഭിക്കുകയും അവിടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ പുതിയ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ ആരംഭിച്ചു. എറണാകുളത്തെ അതിഥി മന്ദിരത്തോടനുബന്ധിച്ച് അഡീഷനല്‍ ബ്ലോക്ക് ആരംഭിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കടക്കം താമസിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളോടെയാണ് എറണാകുളം അതിഥി മന്ദിരത്തിന്റെ അഡീഷനല്‍ ബ്ലോക്ക് നിര്‍മിച്ചത്. കുമരകം ടൂറിസ്റ്റ് വില്ലേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. ബോള്‍ഗാട്ടി പാലസിന്റെ നവീകരണം പൂര്‍ത്തിയാക്കി. ചെന്നൈയില്‍ അന്യാധീനപ്പെട്ട് കിടന്നിരുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് അതിഥിമന്ദിരം-ഹോട്ടല്‍ നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചു. ആതിരപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകളും പരവൂരില്‍ ബീച്ച് റിസോര്‍ട്ടുകളും ആരംഭിച്ചു. മലയാറ്റൂരിലും പീരുമേടിലും യാത്രീനിവാസുകളും ആറന്‍മുളയില്‍ പുഴയോര വിശ്രമ കേന്ദ്രവും കായംകുളത്ത് കായലോര വിശ്രമ കേന്ദ്രവും ആരംഭിച്ചു. 50 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പുരാതന വാസ്തുശില്‍പ്പ ശൈലിയിലുള്ള കെട്ടിടങ്ങളുടെ സംരക്ഷണത്തിനായി ‘ഗൃഹസ്ഥലി’ എന്നൊരു പദ്ധതി നടപ്പിലാക്കി.

നാല് പതിറ്റാണ്ട് കാലത്തോളം സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‍ നായര്‍ സഹകരണ ബേങ്കിംഗ് രംഗത്ത് ശ്രദ്ധേയമായ പലനേട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി. സഹകരണ സംഘങ്ങളെ സഹകരണ ബേങ്കായി ഉയര്‍ത്തി സഹകരണ ബേങ്കിംഗ് മേഖലക്ക് രൂപം നല്‍കി. സംസ്ഥാനത്ത് സഹകരണ നിക്ഷേപ സമാഹരണത്തിന് 1976ല്‍ തുടക്കം കുറിച്ചത് ഇ ചന്ദ്രശേഖരന്‍ നായര്‍ സംസ്ഥാന സഹകരണ ബേങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്. 1957 മുതല്‍ മൂന്ന് പതിറ്റാണ്ട് കാലം കൊല്ലം ജില്ലാസഹകരണ ബേങ്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം 1969 മുതല്‍ അഞ്ച് വര്‍ഷക്കാലം ജില്ലാ സഹകരണ ബേങ്കിന്റെ പ്രസിഡന്റുമായിരുന്നു. 1973 മുതല്‍ 1980ല്‍ മന്ത്രിയാകും വരെ സംസ്ഥാന സഹകരണ ബേങ്കിന്റെ പ്രസിഡന്റായിരുന്നു. സംസ്ഥാന സഹകരണ ബേങ്കുകളുടെ ദേശീയ ഫെഡറേഷനായ ആള്‍ ഇന്ത്യ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബേങ്ക്‌സ് ഫെഡറേഷന്റെ ചെയര്‍മാന്‍, നാഷനല്‍ കോ- ഓപ്പറേറ്റീവ് യൂനിയന്‍ വൈസ് പ്രസിഡന്റ്, പ്രാഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ കേന്ദ്ര കമ്മിറ്റി അംഗം, റിസര്‍വ് ബേങ്കിന്റെ അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. നബാര്‍ഡ് (ദേശീയ ഗ്രാമീണ വികസന ബേങ്ക്) രൂപീകരിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബേങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗം ഇ ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു. 1980-81ല്‍ ഭക്ഷ്യ- പൊതുവിതരണ- ഭവനനിര്‍മാണ വകുപ്പ് മന്ത്രിയായിരുന്നു. 1987-91ല്‍ ഭക്ഷ്യ-പൊതുവിതരണം-മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1996-2001ല്‍ ഭക്ഷ്യ-പൊതു വിതരണം- ഉപഭോക്തൃകാര്യം -വിനോദസഞ്ചാര വികസനം- നിയമം-മൃഗസംരക്ഷണം- ക്ഷീരവികസനം- ക്ഷീരവികസന സഹകരണ സംഘങ്ങള്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

‘കേരള വികസന മാതൃക: പ്രതിസന്ധിയും പരിഹാരമാര്‍ഗങ്ങളും’, ‘ഹിന്ദുമതം ഹിന്ദുത്വം’, ‘ചിതറിയ ഓര്‍മകള്‍’ ‘മറക്കാത്ത ഓര്‍മകള്‍’ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. ‘ഹിന്ദുമതം ഹിന്ദുത്വം’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മികച്ച പാര്‍ലിമെന്റേറിയനുള്ള ആര്‍ ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരം, മികച്ച സഹകാരിക്കുള്ള സദാനന്ദന്‍ അവാര്‍ഡ്, കെ എം ചാണ്ടി അവാര്‍ഡ്, ബി വിജയകുമാര്‍ അവാര്‍ഡ്, രാഷ്ട്രീയ ഏകത പുരസ്‌കാരം, ഗള്‍ഫ് മലയാളി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.