Connect with us

Gulf

വാറ്റിനെക്കുറിച്ച് വ്യാപക ചര്‍ച്ച; അക്കൗണ്ടിംഗിന് ആപ് രംഗത്ത്‌

Published

|

Last Updated

സോഹോ ആപിനെ കുറിച്ച് ഡയറക്ടര്‍ ശിവരാമകൃഷ്ണന്‍ ദുബൈയില്‍ വിശദീകരിക്കുന്നു

ദുബൈ: യു എ ഇ ആകെ മൂല്യവര്‍ധിത നികുതി അഥവാ വാറ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ജനുവരി ഒന്നിന് തന്നെ അഞ്ചു ശതമാനം വാറ്റ് നടപ്പാക്കി ത്തുടങ്ങുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചില്ലറ വില്‍പനക്കാരടക്കം മിക്ക സ്ഥാപനങ്ങളും അക്കൗണ്ടിംഗ് സംബന്ധിച്ച ആശങ്കയിലാണ്. ഇതിനു പരിഹാരവുമായി മുന്നോട്ടു വന്നിരിക്കുകയാണ് സോഹോ ആപ്ലിക്കേഷന്‍. സോഹോ ഫിനാന്‍സ് പ്ലസ് എന്ന പേരിലുള്ള ആപ് വാറ്റിന്റെ സങ്കീര്‍ണതകളില്‍ നിന്ന് കമ്പനികള്‍ക്കും വ്യാപാരികള്‍ക്കും മോചനം നല്‍കുമെന്ന് ഡയറക്ടര്‍ ശിവരാമകൃഷ്ണന്‍ ഈശ്വരന്‍ ദുബൈയില്‍ പറഞ്ഞു. ഡാറ്റ എന്‍ട്രിക്കു സമയ നഷ്ടം ഒഴിവാക്കാന്‍ ആപിന് കെല്‍പുണ്ട്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സോഫ്ട്‌വെയറാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടിങ് പ്രഫഷനലുകള്‍ക്ക് അവസരങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ള പ്രഫഷനലുകള്‍ക്ക് മാത്രമേ ടാക്‌സ് ഏജന്റായി റജിസ്റ്റര്‍ ചെയ്യാനാകൂവെന്നു ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട് .
യുഎഇയില്‍ ടാക്‌സ് ഏജന്റ് എന്ന പുതിയ തസ്തിക നിലവില്‍ വരികയാണ്. ടാക്‌സ് ഏജന്റായി റജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ കഴിഞ്ഞ ദിവസം ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) ക്ഷണിച്ചിരുന്നു. നികുതി സംബന്ധിച്ച വിഷയങ്ങളില്‍ എഫ് ടി എക്കും നികുതി ദാതാക്കള്‍ക്കും ഇടക്കുള്ള മധ്യസ്ഥരായിരിക്കും ടാക്‌സ് ഏജന്റുമാരെന്ന് എഫ്ടിഎ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനി പറഞ്ഞു.
യുഎഇ തൊഴില്‍ മേഖലയിലെ പുതിയ പ്രഫഷനാണിത്. നികുതി സംബന്ധമായ കാര്യങ്ങളില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട വ്യവസ്ഥകളിലും യോഗ്യതകളിലും പുതിയ നിലവാരം സൃഷ്ടിക്കുന്നതാണ് ടാക്‌സ് ഏജന്റുമാരുടെ തസ്തികയെന്നും അദ്ദേഹം പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി, എഫ്ടിഎയില്‍നിന്ന് അക്രഡിറ്റേഷന്‍ ലഭിച്ചതിനുശേഷം മാത്രമേ ടാക്‌സ് ഏജന്റായി പ്രാക്ടീസ് തുടങ്ങാവൂയെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ ഇ-സര്‍വീസ് പോര്‍ട്ടലായ eservices.tax.ae വഴി രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പിക്കാം. വിവരങ്ങള്‍ക്ക്: ww w.tax.gov.ae
ടാക്‌സ്, അക്കൗണ്ടിങ്, നിയമം എന്നിവയില്‍ ഏതിലെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതല്ലാതെ, മറ്റു ബിരുദമുള്ളവര്‍ക്ക് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ടാക്‌സ് ഇന്‍സ്റ്റിറ്റിയൂഷനില്‍നിന്ന് ടാക്‌സ് സര്‍ട്ടിഫിക്കേഷനുണ്ടെങ്കില്‍ അപേക്ഷ നല്‍കാവുന്നതാണ്.

നികുതി, അക്കൗണ്ടിങ്, നിയമം എന്നിവയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രഫഷനല്‍ പരിചയം വേണം.
വാറ്റ് നിര്‍ണയം സംബന്ധിച്ച ഉത്തരവില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

 

Latest