ശുചിത്വ ബോധവത്കരണ പരിപാടികള്‍; ദുബൈയില്‍ ഉപഭോക്താക്കള്‍ ശേഖരിച്ചത് 10 ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍

  Posted on: November 29, 2017 8:35 pm | Last updated: December 6, 2017 at 7:17 pm
  SHARE
  ദുബൈ നഗരസഭ-ലുലു അധികൃതര്‍ ശുചിത്വ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍

  ദുബൈ: അഞ്ചു ദിവസത്തെ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് 10 ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചുവെന്ന് ദുബൈ നഗരസഭ വേസ്റ്റ് മാനേജ്മെന്റ് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. കുടി വെള്ളം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ 2000 കിലോഗ്രാം ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

  അല്‍ ബര്‍ഷ ലുലു ഹൈപര്‍മാര്‍കെറ്റുമായി സഹകരിച്ചു നടത്തിയ ജയന്റ് ബാഗ് പരിപാടിയിലാണ് ഇത്രയധികം പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ചത്. കഴിഞ്ഞ 21 ന് ആരംഭിച്ച പരിപാടി 25ആം തിയതി വരെ നീണ്ടു നിന്നു. പാരിസ്ഥിതിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാലിന്യ മുക്തമായ വാണിജ്യ മേഖലയെ സൃഷ്ടിക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ശുചീകരണ പരിപാടികള്‍.
  ലുലു ഹൈപര്‍മാര്‍ക്കറ്റിലെ ഉപഭോക്താക്കള്‍ ശേഖരിച്ച കുപ്പികള്‍ പേപ്പര്‍ ചേസ് ഇന്റര്‍നാഷണല്‍ ഒരുക്കിയ ഏഴ് മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയും ഉള്ള ജയന്റ് ബാഗില്‍ ശേഖരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.

  ദുബൈ നഗരസഭ സംഘടിപ്പിച്ച ക്ലീന്‍ അപ് ദി വേള്‍ഡ് പരിപാടികളുടെ ഭാഗമായാണ് കുടുംബ ങ്ങളെയും പൊതു ജനങ്ങളെയും പരിസ്ഥിതി സൗഹൃദ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ജയന്റ് ബാഗ് പരിപാടി ഒരുക്കിയത്. നമ്മുടെ വാസ സ്ഥലം,നമ്മുടെ ഗ്രഹം, നമ്മുടെ ഉത്തരവാദിത്വം എന്നതാണ് ക്ലീന്‍ അപ് ദി വേള്‍ഡ് പ്രമേയം. സുസ്ഥിരമായ സംരക്ഷിത പ്രകൃതിയോടൊപ്പം മികച്ച ജീവിത രീതി പിന്തുടരുന്ന ലോകത്തെ മികച്ച നഗരമായി ദുബൈ നഗരത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാകും ശുചീകരണ ബോധവല്‍ക്കരണ പരിപാടികളെന്ന് ദുബൈ നഗരസഭക്ക് കീഴിലെ വേസ്റ്റ് മാനേജ്മെന്റ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സിഫായി പറഞ്ഞു.

  സുസ്ഥിരമായ പരിസ്ഥിതി സൗഹൃദ നഗരത്തിന്റെ വളര്‍ച്ചക്ക് വിവിധ സമൂഹങ്ങളുടെ കൂട്ടായ്മയിലൂടെ ശുചിത്വ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനും ബോധവല്‍ക്കരണ പരിപാടികളിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here