ദേശീയതയെ ദുര്‍വ്യാഖ്യാനിക്കുന്നത് പ്രതിരോധിക്കപ്പെടണം: ഡോ. അനില്‍ സേതി

Posted on: November 29, 2017 8:28 pm | Last updated: November 29, 2017 at 8:28 pm
SHARE
മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച കൊളോക്വിയത്തില്‍ പ്രമുഖ ചരിത്രകാരനും അസിംപ്രേജി യൂണിവേഴിസിറ്റി പ്രൊഫസറുമായ ഡോ. അനില്‍ സേതി സംസാരിക്കുന്നു.

കോഴിക്കോട്: ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള ഒരാശയമായി രൂപപ്പെട്ട ദേശീയതയെ മുസ്‌ലിംകളെയും ദളിതുകളെയും ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്താനുള്ള പ്രയോഗമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കപ്പെടണമെന്ന് പ്രമുഖ ചരിത്രകാരനും അസിംപ്രേജി യൂണിവേഴിസിറ്റി പ്രൊഫസറുമായ ഡോ. അനില്‍ സേതി പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നാഷണലിസം: വ്യാഖ്യാനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കൊളോക്വിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതക്ക് വിവിധ ഇനങ്ങളുണ്ട്. ഫ്രഞ്ച് വിപ്ലവത്തിനും ഇന്ത്യയിലെ സ്വാതന്ത്രസമര പോരാട്ടത്തിനും എല്ലാം നിമിത്തമായത് ജനങ്ങളിലുണ്ടായ ദേശീയതാ ബോധമാണ്. എന്നാല്‍ വംശീയ താല്‍പര്യങ്ങളോടെ ദേശീയതയുടെ മാനങ്ങളെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കപ്പെട്ടത്.
ഇന്ത്യയുടെ സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും പാരമ്പര്യം ഇല്ലാതാക്കപ്പെടുന്നത് അപകടകരമാണ്. വിഭജനകാലത്ത് മാഹാത്മാഗാന്ധി നടത്തിയത് അവഗണിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ചുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. ബീഫ് രാജ്യത്തെ സംവാദങ്ങളുടെ ദിശ നിര്‍ണയിക്കുകയും ഡസണ്‍ കണക്കിന് കൊലപാതകങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്യുന്ന ദുരവസ്ഥ അത്യധികം ഭീതിതമായ വര്‍ത്തമാനകാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അനില്‍ സേതി പറഞ്ഞു.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മര്‍കസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉനൈസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമീര്‍ ഹസന്‍ ആമുഖഭാഷണം നടത്തി. സ്വാദിഖ് സ്വാഗതവും സുബൈര്‍ നുറാനി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here