അട്ടപാടിയില്‍ കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ അനുമതി

Posted on: November 29, 2017 7:25 pm | Last updated: November 30, 2017 at 9:48 am
SHARE

തിരുവനന്തപുരം: അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ എട്ട് മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ എന്‍ എച്ച് പി സി ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി. പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയിലുളള ആദിവാസികളുടെ പൂര്‍ണ്ണ സമ്മതം വാങ്ങണമെന്ന നിബന്ധനയോടെയാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. കെ എസ് ഇ ബിയുമായി കൂടിയാലോചിച്ച് എന്‍.എച്ച്.പി.സി. നിരക്ക് തീരുമാനിക്കണം. ഈ പദ്ധതിയില്‍ നിന്നുളള വരുമാനത്തിന്റെ അഞ്ച് ശതമാനം കാറ്റാടി മില്ലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് കെ എസ് ഇ ബി മുഖേന നല്‍കണം.

സിംഗിള്‍ ജഡ്ജിയുടെ സാമ്പത്തിക അധികാര പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് നാല്‍പത് ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി നിയമത്തില്‍ ഭേദഗതി വരുത്തും. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. നിര്‍ദ്ദിഷ്ട ഭേദഗതി അനുസരിച്ച് മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍ പാസാക്കുന്ന നഷ്ടപരിഹാര തുക മാനദണ്ഡമാക്കാതെ അതന്മേലുളള അപ്പീല്‍ കേല്‍ക്കാന്‍ സിംഗിള്‍ ജഡ്ജിക്ക് അധികാരം നല്‍കും.

മത്സ്യതൊഴിലാളി വായ്പക്കുള്ള മൊറോട്ടോറിയം കാലാവധി 2018 ഡിസംബര്‍ 31വരെ ദീര്‍ഘിപ്പിക്കും. സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് ഉള്‍പ്പെടെ വിവിധ ധനകാര്യ ഏജന്‍സികളില്‍ നിന്നെടുത്ത വായ്പകളുടെയെല്ലാം തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് മൊറോട്ടോറിയം ബാധകമാണ്. ഇടുക്കി ജില്ലയിലെ മൂന്ന് ആയുവേദ ആശുപത്രികളില്‍ ഏഴ് ആയുര്‍വേദ തെറാപ്പിസ്റ്റ് (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കും. പാറേമാവ്, കല്ലാര്‍, തൊഴുപുഴ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്.

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ കാര്‍ഷിക വിഭാഗം ചീഫ് ആയി വിരമിച്ച ഡോ. രാജശേഖരനെ സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കും. മയക്കുമരുന്നു ദുരുപയോഗം സംബന്ധിച്ച് പഠനം നടത്തുന്നതിന് എക്‌സൈസ് വകുപ്പില്‍ ഒരു ഗവേഷണ, റിസോര്‍സ് ഗ്രൂപ്പ് വരും.

കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീടുമാറുന്നവര്‍ക്ക് അനുവദിക്കുന്ന വാടക 5,000 രൂപയില്‍നിന്ന് 8,750 രൂപയായി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. ഇതിന് മുന്‍കാല പ്രാബല്യമുണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here