സോമനാഥ ക്ഷേത്ര സന്ദര്‍ശനം: രാഹുല്‍ പേരെഴുതിയത് അഹിന്ദുക്കളുടെ രജിസ്റ്ററില്‍; ആയുധമാക്കി ബിജെപി

Posted on: November 29, 2017 6:37 pm | Last updated: November 29, 2017 at 6:37 pm
SHARE

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനത്തിനുള്ള പട്ടികയില്‍ പേരെഴുതിയത് വിവാദമാകുന്നു. സംഭവം പുറത്തുവന്നതോടെ രാഹുലിന്റെ വിശ്വാസത്തെ ചോദ്യം ചെയ്ത് ബിജെപി രംഗത്ത് വന്നു.

സോമനാഥ ക്ഷേത്രത്തില്‍ അഹിന്ദുകള്‍ക്ക് പ്രവേശിക്കണമെങ്കില്‍ ക്ഷേത്രം അധികാരികളുടെ മുന്‍കൂര്‍ അനുമതി വേണം. ഇതനുസരിച്ച് ക്ഷേത്രത്തിലെ രജിസ്റ്ററില്‍ പേരു ചേരത്തതിന് ശേഷം മാത്രമേ അവിശ്വസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകൂ. എന്നാല്‍ രാഹുല്‍ ഗാന്ധി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അഹിന്ദുക്കള്‍ക്കുള്ള പട്ടികയിലാണ് ഒപ്പിട്ടതെന്നാണ് വിവാദം. രാഹുലിനൊപ്പം കോണ്‍ഗ്രസ് എംപി അഹമ്മദ് പട്ടേലിന്റെ പേരും രജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ഇരുവരുടെയും പേരിനു നേരെ ഒപ്പുവെച്ചത് കോണ്‍ഗ്രസിന്റെ മീഡിയോ കോര്‍ഡിനേറ്റര്‍ മനോജ് ത്യാഗിയാണ്.

സംഭവം വിവാദമായതോടെ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി രംഗത്ത് വന്നു. രാഹുല്‍ ക്രിസ്ത്യന്‍ ആണെന്നും അദ്ദേഹം എല്ലാ ഞായറാഴ്ചകളലും ചര്‍ച്ചില്‍ പോകാറുണ്ടെന്നും സ്വാമി പറഞ്ഞു.

അതേസമയം, വിവാദത്തെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിജി എന്നാണ് രാഹുലിന്റെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഒരിക്കലും അദ്ദേഹത്തിന്റെ പേര് ഇങ്ങനെ രേഖപ്പെടുത്തില്ല. അഹമ്മദ് പട്ടേലിന്റെ പേര് പുസ്തകത്തില്‍ എഴുതിയ കൂട്ടത്തില്‍ മീഡിയോ കോര്‍ഡിനേറ്റര്‍ രാഹുലിന്റെ പേരും അബദ്ധത്തില്‍ എഴുതിയതാകാം എന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.