Connect with us

Kerala

ഇ ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

Published

|

Last Updated

തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ജനറല്‍ സെക്രട്ടറി സുധാകരന്‍ റെഡ്ഡി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

പിണറായി വിജയന്‍

ഇ ചന്ദ്രശേഖരന്‍നായരുടെ നിര്യാണം കേരളത്തിന്റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീര്‍ക്കുന്നതിലും അദ്ദേഹം വലിയ പങ്കാണു വഹിച്ചത്.
കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന നിയമസഭാ സാമാജികന്‍, മൗലികമായ പരിഷ്‌കാരങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്ന മന്ത്രി, സമകാലിക രാഷ്ട്രീയ കാര്യങ്ങള്‍ അപഗ്രഥിക്കുന്ന പംക്തികാരന്‍ എന്നിങ്ങനെ എത്രയോ തലങ്ങളില്‍ ശ്രദ്ധേയമായിരുന്നു ആ വ്യക്തിത്വം.
കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ ത്യാഗപൂര്‍ണമായി പ്രവര്‍ത്തിച്ചു. സഹകരണ പ്രസ്ഥാനത്തെ നവീകരിക്കുന്നതിലും ബലപ്പെടുത്തുന്നതിലും നിര്‍ണായകമായ പങ്കുവഹിച്ചു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിലും വ്യാപിപ്പിക്കുന്നതിലും ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. നിരവധി തവണ നിയമസഭയിലേക്കെത്തി. ഒന്നിലേറെ തവണ പല വകുപ്പുകളുടെ മന്ത്രിയായി. പൊതുജനങ്ങള്‍ക്ക് സ്വീകാര്യമായ വ്യക്തിത്വമായി അദ്ദേഹം ഉയര്‍ന്നു. ആദ്യ നിയമസഭയില്‍ത്തന്നെ അംഗമായിരുന്ന അദ്ദേഹം പഴയ കാലത്തിന്റെ സാമൂഹികമൂല്യങ്ങളെ പുതിയ കാലവുമായി ഇണക്കിച്ചേര്‍ത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു.
പൊതുമേഖല, മതനിരപേക്ഷത, ഇടതുപക്ഷ സാമൂഹികത തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പല തലങ്ങളിലും മാതൃകാവ്യക്തിത്വമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കേണ്ടതായ ഘട്ടത്തിലാണ് ഇ ചന്ദ്രശേഖരന്‍നായരുടെ വിയോഗമെന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിനു വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.

വിഎസ് അച്യുതാനന്ദന്‍

കേരള രാഷ്ട്രീയത്തിലെ അങ്ങേയറ്റം സൗമ്യദീപ്തമായ വ്യക്തിത്വമാണ് നഷ്ടമായത്. 1957ലെ ഒന്നാമത്തെ നിയമസഭയില്‍ ജിഞ്ചര്‍ ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെട്ട നിയമസഭാ അംഗങ്ങളില്‍ പ്രമുഖനായിരുന്ന ചന്ദ്രശേഖരന്‍ നായര്‍ യൗവ്വനകാലത്തു തന്നെ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഊടും പാവും രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. വിവിധ മന്ത്രിസഭകളില്‍ വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി എന്ന നിലയില്‍ കേരളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കി. മാവേലി സ്റ്റോറുകളുടെ രൂപവത്കരണത്തിലൂടെ പൊതുവിതരണരംഗം സാധാരണകാര്‍ക്കു പ്രയോജനപ്രദമാക്കുന്നതിന് മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രമേശ് ചെന്നിത്തല

ഇ ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തോടെ ഉന്നത ശീര്‍ഷനായ ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യ കേരള നിയമസഭയിലുള്‍പ്പെടെ ആറ് തവണ എംഎല്‍എ യും മൂന്ന് തവണമന്ത്രിയുമായിരുന്ന അദ്ദേഹം കേരളം കണ്ട മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു. മാവേലി സ്റ്റോര്‍ ഉള്‍പ്പെടെ അദ്ദേഹം മന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. എന്നും പാവങ്ങള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമൊപ്പം നിന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കാനം രാജേന്ദ്രന്‍

കേരളത്തിന്റെ ഭരണ രംഗത്ത് അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹാനായ കമ്യുണിസ്റ്റ് നേതാവ് ആയിരുന്നു സഖാവ് ചന്ദ്രശേഖരന്‍ നായര്‍..
പ്രിയ സഖാവേ ..ലാല്‍സലാം

 

Latest