Connect with us

Kerala

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍
നായര്‍ (89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ശാന്തി കവാടത്തില്‍ നടക്കും.

ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായിരുന്നു. 1980-81ല്‍ ഭക്ഷ്യ, പൊതുവിതരണ, ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായി. 1987-91ല്‍ ഭക്ഷ്യപൊതുവിതരണം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1996- 2001ല്‍ ഭക്ഷ്യപൊതുവിതരണം ഉപഭോക്തൃകാര്യം, വിനോദസഞ്ചാരവികസനം, നിയമം, മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീരവികസന സഹകരണ സംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ മാനേജിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വക്കീല്‍ ബിരുദദാരിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ഈശ്വരപിള്ളയുടെയും മീനാക്ഷിയുടെയും മൂത്ത മകനായി 1928 ഡിസംബറിലായിരുന്നു ജനനം.

മാവേലി സ്‌റ്റോറുകള്‍ക്കും ഓണച്ചന്തകള്‍ക്കും തുടക്കമിട്ടത് ചന്ദ്രശേഖരന്‍ നായരുടെ കാലത്താണ്. എട്ട് വര്‍ഷം സംസ്ഥാന സഹകരണ ബേങ്ക് പ്രസിഡന്റുമായിരുന്നു. നാല് പതിറ്റാണ്ടോളം സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‍ നായര്‍ സഹകരണ ബേങ്കിംഗ് രംഗത്തെ കുലപതിയായാണ് അറിയപ്പെടുന്നത്. സംസ്ഥാനത്ത് സഹകരണ നിക്ഷേപ സമാഹരണത്തിന് 1976ല്‍ തുടക്കം കുറിച്ചത് ചന്ദ്രശേഖരന്‍ നായര്‍ സംസ്ഥാന സഹകരണ ബേങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്. ദേശീയ ഗ്രാമീണ വികസന ബേങ്ക് (നബാര്‍ഡ്) രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബേങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗം ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു. കേരളത്തില്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബേങ്കുകള്‍ സ്ഥാപിച്ചത് ഇ ചന്ദ്രശേഖരന്‍ മുന്‍കൈ എടുത്താണ്. അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് ചന്ദ്രശേഖരന്‍ നായര്‍ ചെയര്‍മാനായി നിയോഗിച്ച സമിതിയുടെ ശിപാര്‍ശ അനുസരിച്ചായിരുന്നു സഹകരണ ബേങ്കുകള്‍ സ്ഥാപിച്ചത്.