Connect with us

Kerala

ചട്ടം ലംഘിച്ച് പുസ്തകമെഴുത്ത്; ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കില്ല

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് വിജിലന്‍സ് മുന്‍ ഡയറക്ടറും ഐ എം ജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരെ ധൃതി പിടിച്ച് കേസെടുക്കേണ്ടെന്ന് സര്‍ക്കാര്‍തലത്തില്‍ തീരുമാനം. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കൂ. പ്രഥമിക നടപടിയെന്ന നിലയില്‍ ജേക്കബ് തോമസിന്റെ വിശദീകരണം കൂടി കേള്‍ക്കും. ജേക്കബ് തോമസിനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നടപടികള്‍ക്ക് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ തീരുമാനം.

അനുമതിയില്ലാതെ ആത്മകഥയെഴുതിയത് ചട്ടലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.”സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” എന്ന പുസ്തകത്തിലെ അമ്പത് പേജുകളില്‍ പതിനൊന്നിടത്ത് ചട്ടവിരുദ്ധമായ പരാമര്‍ശങ്ങളും വിമര്‍ശങ്ങളും ഉണ്ടെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ചെയര്‍മാനും നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, പി ആര്‍ ഡി ഡയറക്ടര്‍ കെ അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതി കണ്ടെത്തിയിരുന്നു. ഇത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന പാറ്റൂര്‍ കേസ് അടക്കമുള്ളവയിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ബാര്‍ കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരായ പരാമര്‍ശങ്ങളും ചട്ടലംഘനത്തില്‍ വരും. പുസ്തകം എഴുതാന്‍ ജേക്കബ് തോമസ് അനുമതി വാങ്ങിയിരുന്നു. എന്നാല്‍, അതിനുള്ള നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നും സമിതി കണ്ടെത്തിയിരുന്നു.

ജേക്കബ് തോമസ് പുറത്തിറക്കിയ “നേരിട്ട വെല്ലുവിളികള്‍: കാര്യവും കാരണവും” എന്ന രണ്ടാമത്തെ പുസ്തകവും വിവാദത്തിലേക്ക് നീങ്ങുകയാണ്. ഈ പുസ്തകം എഴുതുന്നതിന് സര്‍ക്കാറില്‍ നിന്ന് അനുമതി തേടിയിരുന്നുവെങ്കിലും ഇത് ലഭിക്കുന്നതിന് മുമ്പ് തന്നെ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച പരാതി സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷമായിരുന്നു ജേക്കബ് തോമസ് ആത്മകഥ പ്രസിദ്ധീകരിച്ചത്.