Connect with us

National

ഡല്‍ഹിയില്‍ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് പേര്‍ ശ്വാസംമുട്ടി മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റില്‍ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് പേര്‍ ശ്വാസംമുട്ടി മരിച്ചു. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗൊരഖ്പുര്‍ സ്വദേശികളായ അവധ്‌ലാല്‍, ദീപ് ചന്ദ് എന്നിവരാണ് മരിച്ചത്.

കന്റോണ്‍മെന്റ് മേഖലയിലെ ഒരു വിവാഹത്തിന് ഭക്ഷണം ഒരുക്കാനെത്തിയതായിരുന്നു ഇവര്‍. കടുത്ത തണുപ്പില്‍ നിന്ന് രക്ഷ തേടാന്‍ കണ്ടെയ്‌നറിനുള്ളില്‍ അടുപ്പു കൂട്ടി തീ കാഞ്ഞ ശേഷം ഇത് കെടുത്താതെ കിടന്നുറങ്ങിയതാണ് ദുരന്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഉറങ്ങാന്‍ പോകുമ്പോള്‍ കണ്ടെയ്‌നറിന്റെ വാതിലുകളും അടിച്ചിരുന്നു.

ഇവരുടെ സൂപ്പര്‍വൈസറായ നിര്‍മല്‍ സിംഗ് പുലര്‍ച്ചെ ഇവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി തൊഴിലാളികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത്, പങ്കജ്, അനില്‍, കമല്‍ എന്നിവര്‍ മരിച്ചിരുന്നു. അവധ്‌ലാലും ദീപ് ചന്ദും ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. കണ്ടെയ്‌നറിനുള്ളിലെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതായിരിക്കാം മരണകാരണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Latest