സംവരണം: സംസാരിക്കേണ്ടത് വസ്തുതകള്‍ നിരത്തി

Posted on: November 29, 2017 6:17 am | Last updated: November 28, 2017 at 11:22 pm
SHARE

സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ നീതിപൂര്‍വകവും സ്വതന്ത്രവുമായി നിര്‍വഹിക്കുവാന്‍ പ്രാപ്തമായ ഭരണഘടനാ വ്യവസ്ഥകള്‍ നിലവിലുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഉദ്യോഗ നിയമനങ്ങള്‍ ബാഹ്യശക്തികളുടെ സ്വാധീനത്തിന് വിധേയമാകാതെയും സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ സാമൂഹിക തിന്മകള്‍ക്ക് അതീതമായും പ്രവര്‍ത്തിക്കുവാന്‍ കേന്ദ്രത്തില്‍ യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും സംസ്ഥാനങ്ങളില്‍ ഓരോ പബ്ലിക് സര്‍വീസ് കമ്മീഷനുകളും നിലവിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം പൗരന്മാര്‍ക്ക് പ്രദാനം ചെയ്യുന്നതോടൊപ്പം സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് അര്‍ഹരായ എല്ലാ വിഭാഗം ആളുകള്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാറിന്റെയും പബ്ലിക് സര്‍വീസ് കമ്മീഷന്റെയും കര്‍ത്തവ്യമാണ്. എന്നാല്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് നിയമനങ്ങളില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്റെ തീരുമാനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതും ഭരണഘടനാ ലംഘനവുമാണ്. സംവരണാനുകൂല്യത്തിന് അര്‍ഹരായ സമുദായങ്ങളുടെ പട്ടികയില്‍പ്പെടാത്ത മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുവാനുള്ള സമ്പ്രദായം ഇന്ത്യന്‍ ഭരണഘടനയുടെ 320ാം അനുഛേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വിഘാതമാണ്.

1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാറില്‍ നിന്ന് 2017ലെ എല്‍ ഡി എഫ് സര്‍ക്കാറിലേക്കുള്ള ആറുപതിറ്റാണ്ടു കാലത്തിന് ശേഷമുള്ള ഇപ്പോഴത്തെ തീരുമാനം ഭരണഘടനാ വിരുദ്ധവും യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതും അപ്രായോഗികവും അനുചിതവുമാണ്. ഉദ്യോഗരംഗത്ത് സാമ്പത്തിക സംവരണം രാജ്യത്താദ്യമായി നടപ്പിലാക്കുവാന്‍ തീരുമാനമെടുത്ത എല്‍ ഡി എഫ് മന്ത്രിസഭ ഇക്കാര്യത്തില്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഭരണത്തിലെ പ്രമുഖ പാര്‍ട്ടിയുടെ സെക്രട്ടറിയും അവരുടെ മുഖപത്രവും ഈ നടപടിയെ ധീരവും സാമൂഹിക പുരോഗതിക്ക് ഗതിവേഗം പകരുന്നതുമാണെന്ന് ന്യായീകരിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിലും പിന്നാക്ക-പട്ടികജാതി-പട്ടികവിഭാഗങ്ങളിലും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും പരക്കുകയാണ്.
എല്‍ ഡി എഫിന്റെ സംവരണനയം പിന്നാക്ക വിരുദ്ധവും സംവരണ സമ്പ്രദായത്തെ തുരങ്കം വെക്കുന്നതുമാണ്. ഇക്കാര്യത്തില്‍ സത്യസന്ധവും ആത്മാര്‍ഥവും സുതാര്യവുമായ സ്ഥിതിവിവര കണക്കുകളും യഥാര്‍ഥ വസ്തുതകളും ഔദ്യോഗികമായി ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ സര്‍ക്കാറും മുന്നണിയും ബാധ്യസ്ഥരാണ്. ഭരണഘടനയില്‍ 15(4), 16(4) അനുഛേദങ്ങളില്‍ ഒരിടത്തും മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ചെയ്തിട്ടില്ലാത്തതാണ്.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 27 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത് ഉത്തരവിറക്കിയിരുന്നു. അതോടൊപ്പം പത്തു ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രസ്തുത പത്തുശതമാനം മുന്നാക്ക സംവരണത്തിനുള്ള ഉത്തരവ് സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് റദ്ദ് ചെയ്തു. ഇക്കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് പത്ത് ശതമാനം സംവരണത്തിന് തീരുമാനമെടുത്തിട്ടുള്ളത്. മേല്‍ സൂചിപ്പിച്ച സുപ്രീം കോടതി വിധി മറികടക്കത്തക്ക യാതൊരുവിധ നിയമനിര്‍മാണവും നടത്താന്‍ ഒരു സര്‍ക്കാറിനും അധികാരമില്ലാത്തതാണ്. പ്രത്യേകിച്ച് ഉദ്യോഗസംവരണം അമ്പത് ശതമാനം കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിരിക്കെ.

സംവരണത്തിന്റെ അടിസ്ഥാനതത്വവും ലക്ഷ്യവും സര്‍വീസിലെ പ്രാതിനിധ്യവും അധികാരപങ്കാളിത്തവുമാണ്. മറിച്ച് ഉപജീവനത്തിനായി സര്‍ക്കാര്‍ ജോലി നല്‍കലല്ല. സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലാത്ത, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് പ്രാതിനിധ്യം ഉറപ്പുവരുത്തുവാന്‍ സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംവരണം വ്യക്തികള്‍ക്കല്ല, പിന്നാക്ക വിഭാഗങ്ങള്‍ക്കാണ്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹിക ഉച്ചനീചത്വങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങള്‍ക്കും ഭരണപങ്കാളിത്തം ലഭിക്കാത്ത വിഭാഗങ്ങള്‍ക്കുമാണ് സംവരണം. മുന്നാക്ക പിന്നാക്ക ഭേദമന്യേ പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തനനിരതമായ പാര്‍ട്ടി; പാവപ്പെട്ടവന്റെ അവകാശമായ അര്‍ഹതപ്പെട്ട ഉദ്യോഗ- തൊഴില്‍ വിഹിതം മുന്നാക്ക സമുദായക്കാരന് വീതിച്ചു നല്‍കുന്നതിനുള്ള തീരുമാനം അപ്രായോഗികവും അനവസരത്തിലുള്ളതുമാണെന്ന് മനസ്സിലാക്കണം. പിന്നാക്കക്കാരന്റെ അവകാശത്തെ ഹനിച്ചുകൊണ്ട് മുന്നാക്കക്കാരെ മുന്‍പന്തിയിലെത്തിക്കാനുള്ള സവര്‍ണ സമ്പന്ന നിയന്ത്രിത പാര്‍ട്ടികളുടെ കാപട്യം തിരിച്ചറിയാന്‍ കേരളീയ സമൂഹം പ്രാപ്തമാണ്.
2011ലെ സെന്‍സസ് കണക്ക് പ്രകാരം കേരള ജനസംഖ്യയില്‍ 55.5 ശതമാനം ഹിന്ദുക്കളും 26.5 ശതമാനം മുസ്‌ലിംകളും 18 ശതമാനം ക്രിസ്ത്യാനികളുമാണ്. ഹിന്ദുക്കളില്‍ 12 ശതമാനത്തോളം പട്ടികവിഭാഗങ്ങളും ശേഷിക്കുന്നവരില്‍ 22 ശതമാനം ഈഴവരും 11 ശതമാനം നായരും ഒരു ശതമാനം മറ്റ് മുന്നാക്ക ഹിന്ദുക്കളുമാണ്. ബാക്കി മറ്റു പിന്നാക്ക വിഭാഗം ഹിന്ദുക്കളുമാണ്.

കേരള സര്‍ക്കാറിന്റെ പക്കലുള്ള ഏത് സ്ഥിതിവിവര കണക്കിന്റെയും പഠനറിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ്, മുന്നാക്ക സമുദായങ്ങളുടെ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും തിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് നാളിതുവരെ വ്യക്തമാക്കിയിട്ടില്ല. 2011ലെ കാനേഷുമാരിയോടനുബന്ധിച്ച് നടത്തിയ ജാതി സെന്‍സസോ സംസ്ഥാന സര്‍ക്കാര്‍ നടത്തിയെന്ന് പറയപ്പെടുന്ന സാമൂഹിക-സാമ്പത്തിക സര്‍വേയോ മുന്നാക്ക സമുദായത്തിലെ പിന്നാക്കാവസ്ഥയുടെ യഥാര്‍ഥ അവസ്ഥ വിവരിക്കുന്നുമില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ സത്യസന്ധവും സുതാര്യവുമായി ഇത്തരം സ്ഥിതി വിവര കണക്കുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നത് സര്‍ക്കാറിന്റെ ബാധ്യതയാണ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജാതി/സമുദായാടിസ്ഥാനത്തിലുള്ള പിന്നാക്ക സംവരണം വഴി എല്ലാ പിന്നാക്കവിഭാഗങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള സംവരണ വിഹിതം ഇപ്പോഴും ലഭിച്ചിട്ടില്ലെന്നോര്‍ക്കണം. ഓരോ സംവരണ വിഭാഗങ്ങളുടെയും തോതനുസരിച്ചുള്ള പ്രാതിനിധ്യം നാളിതുവരെ ഉറപ്പുവരുത്തിയിട്ടുമില്ല. നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍, ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ കമ്മീഷന്‍, പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി എന്നിവര്‍ കണ്ടെത്തിയ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ- ഉദ്യോഗ തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ ഇടതു- വലതു മുന്നണി സര്‍ക്കാറുകള്‍ ലക്ഷ്യാധിഷ്ഠിതമായി പ്രവര്‍ത്തിച്ചിട്ടില്ല.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നാളിതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാര്‍ഥ വസ്തുത. 2015ലെ ഇടതു പ്രകടന പത്രികയിലെ പിന്നാക്കക്ഷേമം, ന്യൂനപക്ഷക്ഷേമം, സംവരണനയം എന്നിവ സംബന്ധിച്ച വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ അടിയന്തര ചുമതല. 10 ശതമാനം മുന്നാക്ക സംവരണത്തിന്റെ കാര്യത്തില്‍ മാത്രം അടിയന്തര പ്രാധാന്യം നല്‍കി തീരുമാനമെടുക്കാനുണ്ടായ സാഹചര്യവും സമ്മര്‍ദവും വ്യക്തമാക്കേണ്ടതാണ്. സംവരണം എന്നത് പട്ടിണിമാറ്റാനുള്ള ഉപാധിയോ തൊഴില്‍ദാന പദ്ധതിയോ അല്ല. ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും മുന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷേമ കോര്‍പറേഷനുകള്‍ വഴി ധന- സഹായങ്ങളും വിദ്യാഭ്യാസാനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ക്ഷേമ പെന്‍ഷനും റേഷന്‍ ആനുകൂല്യങ്ങളും അവര്‍ക്കുണ്ട്. സംവരണമെന്നത് വിവിധ പിന്നോക്ക വിഭാഗങ്ങളുടെ അധികാരപങ്കാളിത്തത്തിലുള്ള പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനാണ്. കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലും മുന്നാക്ക വിഭാഗങ്ങള്‍ക്ക് തൊണ്ണൂറ് ശതമാനത്തിലേറെ പ്രാതിനിധ്യമാണുള്ളത്. മുന്നാക്ക വിഭാഗങ്ങളുടെ ഒരു വിധ അധികാരവും അവകാശവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുമില്ല. അപ്രകാരമുള്ള ഏതെങ്കിലും അനര്‍ഹമായത് പിന്നാക്ക വിഭാഗങ്ങള്‍ കവര്‍ന്നെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ആധികാരിക വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 1990 ല്‍ സി പി എം കേന്ദ്ര കമ്മിറ്റിയംഗീകരിച്ച പ്രമേയത്തിലെ നിര്‍ദേശമായ സാമ്പത്തിക സംവരണം 27 വര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടിക്ക് നടപ്പില്‍ വരുത്താനായില്ല എന്നതും ഓര്‍ക്കേണ്ടതാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച നിര്‍ദിഷ്ട സംവരണം പാവപ്പെട്ട പിന്നാക്ക സമുദായങ്ങള്‍ക്ക് നാളിതുവരെ വകവെച്ചു കൊടുത്തിട്ടുമില്ല. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവന്റെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന സര്‍ക്കാര്‍ സംവരണേതര മെറിറ്റ് നിയമനങ്ങളടക്കം മുഴുവന്‍ നിയമനങ്ങളും മുന്നാക്ക-പിന്നാക്കഭേദമന്യെ പാവപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണം ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതാണ് നിലവിലെ തീരുമാനത്തേക്കാള്‍ അഭികാമ്യം. 1958ലെ ഒന്നാം ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് മുതല്‍ നാളിതുവരെ സ്വീകരിച്ചുവരുന്ന യോഗ്യതാവാദവും കാര്യക്ഷമതാവാദവും നൂറ് ശതമാനം തസ്തികകള്‍ക്കും ബാധകമാക്കുവാനും മുഴുവന്‍ ഒഴിവുകളും സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കുവാനും ആവശ്യമായ നിയമനിര്‍മാണം നടത്തി ഭരണഘടനാഭേദഗതിക്ക് കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യുകയും വേണം. അത്തരമൊരു നിയമനിര്‍മാണം ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുവാന്‍ കേന്ദ്രത്തോടാവശ്യപ്പെടുകയും ചെയ്യുന്നപക്ഷം സാമൂഹിക നീതിയുടെ നിര്‍വഹണം ഉറപ്പുവരുത്തുവാന്‍ കഴിയും.
ദേവസ്വം ബോര്‍ഡടക്കം സര്‍ക്കാര്‍ സര്‍വീസിലെയും പൊതുഖജനാവില്‍ നിന്ന് ശമ്പളമോ ഗ്രാന്റോ ധനസഹായമോ നല്‍കുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളുടെ ജാതിതിരിച്ചുള്ള മൊത്തം കണക്കും പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേവസ്വം ബോര്‍ഡിനു കീഴിലും മുന്നാക്ക സമുദായങ്ങളുടെ മാനേജ്‌മെന്റിലുമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും എയ്ഡഡ് സ്ഥാപനങ്ങളിലെയും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അല്ലാത്തപക്ഷം ഗ്രാന്റും ശമ്പളവും നല്‍കുവാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ലെന്നും തീരുമാനമെടുക്കണം.

ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി പി ഐ മന്ത്രിമാരുടെ അഭാവത്തിലെടുത്ത മന്ത്രിസഭാ തീരുമാനം സംശയത്തിനിട നല്‍കുന്നതാണ്. എന്നാല്‍, സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അവരും സാമ്പത്തിക സംവരണത്തിനും മുന്നാക്ക സംവരണത്തിനും എതിരല്ലെന്നാണ്.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ 2006 ല്‍ കൊണ്ടുവന്ന സംവരണ പാക്കേജ് മുതല്‍ കോണ്‍ഗ്രസും യു ഡി എഫും മുന്നാക്ക സാമ്പത്തിക സംവരണം പ്രയോഗവത്കരിക്കുന്നതിന് തുടക്കം കുറിച്ചു. അങ്ങനെ വിദ്യാഭ്യാസരംഗത്ത് പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കുകയും ചെയ്തു. 2006ലെ സംവരണ പാക്കേജിലെ ഈ അപാകങ്ങളും അനീതിയും അന്നു തന്നെ ചൂണ്ടിക്കാട്ടി ശക്തിയുക്തം എതിര്‍ത്തയാളാണ് കുറിപ്പുകാരനും മെക്കയും. എന്നാല്‍ ഒരു പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ കേരളത്തിന് അന്ന് പിന്നാക്ക- മുന്നാക്ക സമുദായ സമവായത്തിലൂടെ താത്കാലിക പരിഹാരമെന്ന നിലക്ക് രൂപപ്പെടുത്തിയ പാക്കേജില്‍ വിയോജിപ്പുകളോടെ സന്ധിചെയ്യുകയാണ് മെക്കയടക്കമുള്ള പിന്നാക്കവിഭാഗ സംഘടനകളും മുസ്‌ലിം ലീഗും ചെയ്തത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here