Connect with us

Articles

ജാതിക്കളിയില്‍ കോണ്‍ഗ്രസ് ജയിക്കുമോ?

Published

|

Last Updated

രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ തങ്ങളുടെ മേല്‍കൈ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ആവനാഴിയിലെ മുഴുവന്‍ അമ്പുകളും പുറത്തെടുക്കുകയാണ് ബി ജെ പി. എന്നാല്‍ പേടിയുടെ രാഷ്ട്രീയം ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും ജീവിതം ദുസ്സഹമാക്കിയ ഗാന്ധിജിയുടെ മണ്ണില്‍ നിലനില്‍പ്പ് തേടിയുള്ള ജീവന്മരണ പോരാട്ടത്തിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളും ദളിതുകളും. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പരമ്പരാഗതമായി കൂടെ നിര്‍ത്തിയിരുന്ന സാമുദായിക വോട്ട്‌ബേങ്കുകള്‍ തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നത് തെല്ലൊന്നുമല്ല ബി ജെ പിയെ അലോസരപ്പെടുത്തുന്നത്.

പേടി കൂടാത ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ന്യൂനപക്ഷവും ദളിതുകളും നടത്തുന്ന നീക്കം വിദ്വേഷത്തിന്റ ഊഷര ഭൂമികയില്‍ വര്‍ഗീയ ചേരുവ ചേര്‍ത്ത് പാകപ്പെടുത്തിയെടുത്ത തങ്ങളുടെ രാഷ്ട്രീയ മേധാവിത്വത്തിന് ഭീഷണിയാകുമെന്നതാണ് ഹിന്ദുത്വ രാഷ്ട്രീയ മേലാളന്മാര ആശങ്കപ്പെടുത്തുന്നത്. നീണ്ട 22 വര്‍ഷത്തെ ബി ജെ പി ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന അസംതൃപ്തിയും മനംമടുപ്പും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ദളിതരെയും സാമുദായിക സംഘടനകളെയും കോണ്‍ഗ്രസിന് കീഴില്‍ അണിനിരത്തിയപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ കൈവിട്ട കളിക്കിറങ്ങുകയാണ് ബി ജെ പി. ജാതിയും മതവും മനുഷ്യന് മേല്‍ അധീശത്വം നേടിയ മണ്ണില്‍ ജാതി- മത കാര്‍ഡുകള്‍ ഇറക്കി തന്നെയാണ് ബി ജെ പി വിജയത്തിലേക്കുള്ള കുറുക്കുവഴി തേടുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ കൈയില്‍ എന്താണ് ഉള്ളത്? ഇപ്പോള്‍ ആര്‍ജിച്ച ആത്മവിശ്വാസം എത്രമാത്രം അര്‍ഥവത്താണ്?

രാജ്യത്തെ ഏറ്റവും വലിയ ജില്ലയുള്‍പ്പെടെയുള്ള വലിയ ഒരു സംസ്ഥാനത്ത് അടിസ്ഥാന വികസനമുള്‍പ്പെടെ ഭരണതലത്തില്‍ തീര്‍ത്തും പരാജയമായ ബി ജെ പിക്ക് വികസനം മുന്നോട്ടുവെച്ചുള്ള പ്രചാരണം വിജയം കാണാനിടയില്ലെന്ന് ബോധ്യമായതോടെ സാമുദായിക ധ്രുവീകരണമെന്ന തുരുപ്പുചീട്ടില്‍ തന്നെയാണ് പ്രതീക്ഷ. 182 നിയമസഭാ മണ്ഡലങ്ങളിലായി ആറര കോടി ജനങ്ങള്‍ അധിവസിക്കുന്ന ഗുജറാത്തിന്റെ വികസനം നഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ഗ്രാമങ്ങളെയും ഗല്ലികളെയും കൈവിട്ട വികസനം കോര്‍പറേറ്റുകള്‍ക്കും ഉയര്‍ന്ന വിഭാഗങ്ങള്‍ക്കുമായി പരിമിതപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ ആത്മാവെന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രാമങ്ങളില്‍ നിന്ന് തന്നെയാണ് ബി ജെ പിവിരുദ്ധ ശബദം ഉയരുന്നത്.

ഇതിന് തടയിടാന്‍ ആദ്യഘട്ടത്തില്‍ എതിരാളികളെ പരിഹസിച്ചും ആരോപണങ്ങളുന്നയിച്ചും വ്യക്തിഹത്യ നടത്തിയും തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രാദേശിക- ദേശീയ വാദവുമായി ബന്ധപ്പെടുത്തി ഇകഴ്ത്തിക്കാണിച്ചും വിദ്വേഷപ്രചാരണത്തിലൂടെ രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിനായി നരേന്ദ്ര മോദിയെ തന്നെ നേരിട്ടിറക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്. നരേന്ദ്ര മോദി പ്രസംഗത്തിലൂടെ ജനങ്ങളെ കൈയിലെടുക്കുമ്പോള്‍ ഹിഡന്‍ അജന്‍ഡകള്‍ അമിത് ഷായിലൂടെ നടപ്പാക്കുകയാണിവിടെ ബി ജെ പി.

എന്നാല്‍ ബി ജെ പിയുടെ പ്രലോഭന- ഭീഷണി തന്ത്രങ്ങള്‍ക്ക് സംയമനത്തിലൂടെ മറുതന്ത്രമാവിഷ്‌കരിക്കുകയാണ് കോണ്‍ഗ്രസ്. തങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉന പ്രക്ഷോഭത്തിലൂടെ ദളിത് സമര നായകനായ ജിഗ്നേഷ് മേവാനിയെയും ഒപ്പമുള്ള ദളിതരെയും വിശ്വാസത്തിലെടുക്കുന്ന കോണ്‍ഗ്രസ് ഹര്‍ദിക് പട്ടേലിനൊപ്പം കരുതലോടെയാണ് ബി ജെ പിയുടെ നീക്കങ്ങളെ നേരിടുന്നത്. ഇതിന്റെ ഭാഗമായാണ് പട്ടേല്‍ സമുദായത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി അവസാന സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ ഹര്‍ദിക് പട്ടേലിനൊപ്പമുള്ള രണ്ടുപേര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്- ഹര്‍ദിക് കൂട്ടുകെട്ട് പൊളിക്കാന്‍ അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ പട്ടേലുകള്‍ക്ക് അവസരം നല്‍കി പട്ടേല്‍ സമുദായത്തിനുള്ള പ്രാതിനിധ്യം പട്ടികയില്‍ 40ലെത്തിച്ച ബി ജെ പി നീക്കത്തിന് പിറകെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുന്നത്. ഇതോടൊപ്പം സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് വേണ്ടി സിറ്റിംഗ് സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് എം എല്‍ എയെ പിന്‍വലിച്ചതും ഈ കൂട്ടുകെട്ട് നല്‍കുന്ന സൂചനയാണ്. അഹമ്മദാബാദിലെ ബസ്‌കന്ത ജില്ലയിലെ വാദ്ഗാം സംവരണ മണ്ഡലത്തില്‍ നിന്നാണ് ജിഗ്നേഷ് മേവാനി ജനവിധി തേടുന്നത്. ജിഗ്നേഷിന് വേണ്ടി വാദ്ഗാം മണ്ഡലത്തില്‍ നിന്ന് സിറ്റിംഗ് എം എല്‍ എ മണിഭായ് വഗേലയെയാണ് തൊട്ടടുത്ത മണ്ഡലമായ ഇദാറിലേക്ക് മാറ്റിയിരിക്കുന്നത്. ഇതോടെ ഇവിടെ ജിഗ്നേഷ് മേവാനി, ബി ജെ പി സ്ഥാനാര്‍ഥി വിജയ് ചക്രവര്‍ത്തിയുമായി നേരിട്ടുള്ള പോരാട്ടത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്. താരതമ്യേന ഗുജറാത്തില്‍ ശക്തി കുറഞ്ഞ ആം ആദ്മി പാര്‍ട്ടിയും ജിഗ്നേഷിന് പിന്തുണ നല്‍കിയിട്ടുണ്ട്.

അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ക്ഷത്രിയ- ദളിത് നേതാവ് അല്‍പേഷ് ഠാക്കൂറിനും വിജയസാധ്യതയുള്ള മണ്ഡലം തന്നെയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ഠാക്കൂര്‍ പിന്നാക്ക വിഭാഗങ്ങളുടെ ശക്തി കേന്ദ്രമായ രാധന്‍പുരയില്‍ നിന്നാണ് അല്‍പേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നത്. ഇതിന് പുറമെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ജനതാദള്‍ ശരത്‌യാദവ് വിഭാഗത്തിലെ രണ്ടുപേര്‍ക്കും ദലിത് വിഭാഗത്തിലെ 11 പേര്‍ക്കും ആദിവാസി വിഭാഗത്തിലെ മൂന്ന് പേര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം ഗുജറാത്ത് രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ അലയൊലികള്‍ പ്രകടമായ രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിക്കൊപ്പം ചേര്‍ന്ന് അഹമ്മദ് പട്ടേലിനെതിരെ മത്സരിച്ച ബല്‍വന്ത് സിംഗ് രജ്പുത്തിന്റെ മണ്ഡലമായ തക്കര്‍ ബാപ്പയില്‍ ബാംബു മാംഗുക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി ജെ പി സര്‍ക്കാറിനെതിരായ പട്ടേല്‍ പ്രക്ഷോഭത്തിനിടെ സര്‍ക്കാര്‍ രാജ്യദ്രോഹ കേസില്‍ ഉള്‍പ്പെടുത്തിയ ഹര്‍ദിക് പട്ടേലിന് വേണ്ടി വാദിച്ച അഭിഭാഷകനായിരുന്നു ബാംബു മാംഗുക്കി. ഇതൊക്കെയാണെങ്കിലും ആകര്‍ഷണീയ വ്യക്തിത്വമുള്ള ഒരു നേതാവിന്റെ അഭാവം ഗുജറാത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതിനെ രാഹുലിന്റെ സ്വീകാര്യതയിലൂടെയും ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളുടെ പിന്തുണയിലൂടെയും മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വ്യക്തിപരമായി രാഹുല്‍ ഗാന്ധിക്ക് ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്.
അതേസമയം മറുപക്ഷത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി തങ്ങള്‍ക്കൊപ്പം ചേര്‍ന്ന എം എല്‍ എമാരെ ബി ജെ പി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നല്‍കി പരിഗണിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനികളായ തേജശ്രീ ബെന്നിനും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു വാസത്തിലുള്‍പ്പെടെ ഒപ്പം നിന്ന ശേഷം ഒടുവില്‍ വിപ്പ് ലംഘിച്ച് അമിത് ഷാക്ക് വോട്ട് ചെയ്ത കരാംശി മക്വാനിയുടെ മകനും വിജയ സാധ്യതയേറെയുള്ള സീറ്റുകളാണ് ബി ജെ പി നല്‍കിയിരിക്കുന്നത്. എന്നാല്‍ അമിത്ഷായുടെ മണ്ഡലമായ നാരായണ്‍ പൂരില്‍ മുതിര്‍ന്ന നേതാവ് കൗശിക് പട്ടേലിന് അവസരം നല്‍കിയ ബി ജെ പി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദിബെന്നിന് അവസരം നിഷേധിച്ചിട്ടുണ്ട്. ഒപ്പം പശ്ചിമ രാജ്‌കോട്ട് മണ്ഡലത്തില്‍ കടുത്ത മത്സരം നേരിടുന്ന മുഖ്യമന്ത്രി വിജയ് രൂപാനിക്ക് വേണ്ടി രണ്ടാമതൊരു മണ്ഡലം നല്‍കാനുള്ള നീക്കങ്ങളും പിന്‍വലിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ജാതിയും സമുദായവും ചേര്‍ന്ന തന്ത്രങ്ങള്‍ തന്നെയാണ് തെളിഞ്ഞു കാണുന്നത്. വികസനവും ജനങ്ങളുടെ പ്രശ്‌നങ്ങളും പതിവു പോലെ പിന്നോട്ട് പോകുകയാണ്. ബൂത്ത് മാനേജ്‌മെന്റ് തന്ത്രങ്ങളും പണമൊഴുക്കും മദ്യമൊഴുക്കും നിര്‍ബാധം തുടരുന്നു. ഹര്‍ദിക്- അല്‍പേഷ്- ജിഗ്നേഷ് ത്രയത്തെ അതിരു കവിഞ്ഞ് വിശ്വസിക്കുന്ന കോണ്‍ഗ്രസും ജാതിക്കളി തന്നെയാണ് കളിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ എത്ര മാത്രം ഭരണവിരുദ്ധ വികാരം ഉണ്ട് എന്നതാണ് യഥാര്‍ഥ ചോദ്യം. ജി എസ് ടി, നോട്ട്‌നിരോധനം തുടങ്ങിയവ ഏല്‍പ്പിച്ച ആഘാതവും കാര്‍ഷിക പ്രതിസന്ധിയും ബൂത്തില്‍ ചെല്ലുന്ന വോട്ടര്‍മാര്‍ ഓര്‍ക്കുമോ എന്നതും ചോദ്യമാണ്. ഈ ചോദ്യങ്ങളാകും ഗുജറാത്തില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമാകുക.

 

 

 

 

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest