മത്സരം കൊഴുപ്പിക്കാന്‍ വല്യേട്ടന്‍മാര്‍ക്കിടയില്‍ കുട്ടിപ്പാര്‍ട്ടികള്‍

Posted on: November 28, 2017 11:38 pm | Last updated: November 28, 2017 at 11:38 pm
SHARE

അഹമ്മദാബാദ്: രണ്ട് വല്യേട്ടന്‍ പാര്‍ട്ടികള്‍ ഇടം വലം നിന്ന് മത്സരം കടുപ്പിക്കുമ്പോള്‍ ചെറു പാര്‍ട്ടികള്‍ക്ക് എന്ത് പ്രാധാന്യം എന്ന് ചോദിക്കുന്നുവരുണ്ടാകാം. അത് കൂടിയാണ് ജനാധിപത്യം എന്നതാണ് ഉത്തരം. ചെറുപാര്‍ട്ടികളില്‍ വലുത് എന്‍ സി പിയാണ്. 2007ലും 2012ലും കോണ്‍ഗ്രസുമായി സഖ്യമായാണ് എന്‍ സി പി മത്സരിച്ചത്. 2007ല്‍ മൂന്ന് സീറ്റിലും 2012ല്‍ രണ്ട് സീറ്റിലും വിജയിച്ചു. ഇത്തവണ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അത്‌കൊണ്ട് തന്നെ ഒറ്റക്ക് മത്സരിക്കാനാണ് എന്‍ സി പിയുടെ തീരുമാനം. 72 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ സിപി അംഗം കാന്ധാല്‍ ജഡേജ ബി ജെ പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് എന്‍ സി പി- കോണ്‍ഗ്രസ് സഖ്യം അസാധ്യമായത്.

‘ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നായിരുന്നു എന്‍ സി പി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഞങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെ’ന്ന് എന്‍ സി പി പ്രസിഡന്റും സിറ്റിംഗ് എം എല്‍ എയുമായ ജയന്ത് പട്ടേല്‍ പറഞ്ഞു. അതേസമയം, എന്‍ സി പിക്ക് സ്വന്തമായി ജനകീയ അടിത്തറയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറയുന്നു. മാത്രവുമല്ല, ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയ സമുദായ നേതാക്കളുടെ പിന്തുണ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.

എന്‍ സി പി ഒരു നിലക്കും ഭീഷണിയാകില്ലെന്ന കോണ്‍ഗ്രസിന്റെ വാദം തീര്‍ത്തും വസ്തുതാപരമല്ലെന്നാണ് വിലയിരുത്തല്‍. ചില മണ്ഡലങ്ങളിലെങ്കിലും ബി ജെ പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ എന്‍ സി പിക്ക് സാധിക്കും. പ്രത്യേകിച്ച് സൂറത്ത് ജില്ലയില്‍. ഇവിടെയുള്ള 16 സീറ്റില്‍ ഒമ്പതില്‍ എന്‍ സി പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. പട്ടിദാര്‍ പ്രക്ഷോഭം കത്തി നിന്ന ഇടമായതിനാല്‍ ഇവിടെ നിന്ന് വലിയ നേട്ടം കൊയ്യാനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ത്രികോണ മത്സരം ബി ജെ പിക്കായിരിക്കും ഗുണം ചെയ്യുകയെന്ന് സൂറത്തിലെ ലിംബായത്തില്‍ നിന്നുള്ള എന്‍ സി പി നേതാവ് അക്രം അന്‍സാരി തന്നെ പറയുന്നുണ്ട്. നേരത്തേ കോണ്‍ഗ്രസ് നേതാവായിരുന്ന അക്രത്തിന് നിയമസഭയിലേക്ക് ടിക്കറ്റ് നിഷേധിച്ചപ്പോഴാണ് അദ്ദേഹം എന്‍ സി പിയില്‍ ചേര്‍ന്നത്. അദ്ദേഹത്തെ ലിംബായത്തില്‍ എന്‍ സി പി സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.

ഇനിയുള്ള ചെറു പാര്‍ട്ടി എ എ പിയാണ്. ചിലയിടങ്ങളില്‍ എ എ പിക്ക് അനുയായികള്‍ ഉണ്ട്. പക്ഷേ, മതിയായ ശക്തിയിലെത്താതെ മത്സരിക്കില്ലെന്നായിരുന്നു എ എ പി നേതൃത്വം പറഞ്ഞിരുന്നത്. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചതുമില്ല. എന്നാല്‍ ഗുജറാത്തിന്റെ ചുമതല ഗുലാബ് സിംഗ് യാദവില്‍ നിന്ന് എടുത്ത് ഗോപാല്‍ റായിക്ക് നല്‍കിയതോടെ നിലപാട് മാറ്റി. ഇത്തവണ അഹമ്മദാബാദ് നഗരത്തിലെ രണ്ട് മണ്ഡലങ്ങളിലടക്കം 33 മണ്ഡലങ്ങളില്‍ എ എ പി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുടെ ജന്‍ വികല്‍പ്പ് പാര്‍ട്ടിക്കും ആരുമായും സഖ്യമില്ല. ഒരു കാലത്ത് ആര്‍ എസു എസുകാരനായ വഗേല പിന്നെ കോണ്‍ഗ്രസിലെത്തി. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയുമായി. അദ്ദേഹവുമായി സഖ്യത്തിന് എ എ പിയും എന്‍ സി പിയും ശ്രമിച്ചിരുന്നു. നടന്നില്ല. ഈ പാര്‍ട്ടി 70 പേരുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. അതില്‍ പക്ഷേ, വഗേലയോ സിറ്റിംഗ് എം എല്‍ എയായ മകനോ ഇല്ല. ഛോട്ടുഭായി വാസവ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പോയതോടെ നിതീഷ് കുമാറിന്റെ ജെ ഡി യുവിന് ഗുജറാത്തില്‍ വിലാസം നഷ്ടപ്പെട്ടു. 70 സീറ്റില്‍ അവരും മത്സരിക്കുന്നു. സമാജ്‌വാദി പാര്‍ട്ടി അഞ്ച് സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബി എസ് പി 165 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നു. അവര്‍ക്ക് 2012ലെ തിരഞ്ഞെടുപ്പില്‍ 1.25 ശതമാനം വോട്ട് നേടിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1.81 ശതമാനം വോട്ട് നേടിയ സി പി എം ഇത്തവണ ഏഴിടത്ത് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണ്.

ബി ജെ പിയുമായി ഇത്തരമൊരു ജീവന്‍മരണ പോരാട്ടം നടക്കുമ്പോള്‍ വോട്ട് വിഭജിക്കാനേ മത്സരം ഉപകരിക്കൂ എന്ന നിലപാടിനാണ് മുന്‍തൂക്കം. അതിനാല്‍ ഭാവ്‌നഗറില്‍ നിന്നടക്കം അവര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാനാണ് സാധ്യത.

 

LEAVE A REPLY

Please enter your comment!
Please enter your name here