Connect with us

International

ജനവാസമില്ലാത്ത ദ്വീപിലേക്ക് റോഹിംഗ്യകളെ മാറ്റാന്‍ നീക്കം

Published

|

Last Updated

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭക്ഷണത്തിനായി കൈ നീട്ടുന്ന അഭയാര്‍ഥികള്‍

ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തിങ്ങിപ്പാര്‍ക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ വിജനമായതും മനുഷ്യവാസമില്ലാത്തതുമായ ദ്വീപിലേക്ക് പുനരധിവസിപ്പിക്കാന്‍ തീരുമാനം. 280 ദശലക്ഷം ഡോളര്‍ വിലവരുന്ന വിവാദ പദ്ധതിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. തെക്കന്‍ തീരത്തെ ഒറ്റപ്പെട്ടതും അപകട സാധ്യതയുള്ളതുമായ ദ്വീപിലേക്കാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്.

റോഹിംഗ്യകളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് മ്യാന്മര്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. രാജ്യത്ത് കഴിയുന്ന ഒരുലക്ഷം അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തില്‍ മ്യാന്മറിലെ റാഖിനെയില്‍ നടന്ന വംശഹത്യാ ആക്രമണത്തിന് പിന്നാലെ അടുത്തിടെ ബംഗ്ലാദേശിലെത്തിയ 6.2 ലക്ഷം റോഹിംഗ്യകള്‍ ബംഗ്ലാദേശ് സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്. അഭയാര്‍ഥികളുടെ ആധിക്യം ബംഗ്ലാദേശ് സര്‍ക്കാറിനെ ഭീതിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭഷാന്‍ ചാര്‍ എന്ന ദ്വീപിലേക്ക് റോഹിംഗ്യകളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കരാറിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീന അനുമതി നല്‍കിയിട്ടുണ്ട്. 2018 ഓടെ ഒരുലക്ഷത്തോളം അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍, ഏറെ ദുരന്തസാധ്യതയുള്ളതും മനുഷ്യവാസമില്ലാത്തതുമായ ദ്വീപിലേക്കുള്ള പുനരധിവാസം കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പദ്ധതിക്കെതിരെ ബംഗ്ലാദേശ് മുസ് ലിം സംഘടനകളും യു എന്‍ ഏജന്‍സിയും രംഗത്തെത്തിയിട്ടുണ്ട്.

 

Latest